മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്: ദീപിക റിപ്പോർട്ടുമായി തിരുവഞ്ചൂർ
Wednesday, August 29, 2018 2:54 PM IST
കോട്ടയം: മഹാദുരന്തത്തിനു വഴിവയ്ക്കും വിധം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 144 അടിയിൽ എത്തിച്ച തമിഴ്നാട് സർക്കാർ നടപടിക്കും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന നിസംഗതയ്ക്കുമെതിരെ ദീപിക റിപ്പോർട്ട് ഉയർത്തിക്കാട്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ പത്രസമ്മേളനം. ഇതു സംബന്ധിച്ച് ഇന്നലെ ദീപികയിൽ വന്ന വാർത്തയുമായിട്ടാണ് തിരുവഞ്ചൂർ പത്രസമ്മേളനത്തിന് എത്തിയത്.
സുപ്രീം കോടതിവിധി ലംഘിച്ചു തമിഴ്നാട് ജലനിരപ്പ് 144 അടിയിൽ നിലനിർത്തിയതിനെതിരേ ഒരു പ്രതിഷേധക്കത്തു പോലും നൽകാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ല. ജലനിരപ്പ് 142 അടിക്കു മുകളിലേക്കു പോയപ്പോൾതന്നെ കേരളം ജാഗ്രത പുലർത്തേണ്ടതായിരുന്നു. ’ തമിഴ് നാട് പറഞ്ഞതു പച്ചക്കള്ളം; ജലനിരപ്പ് 144 അടി പിന്നിട്ടിരുന്നു ’ എന്ന തലക്കെട്ടിൽ ദീപിക പ്രസിദ്ധീകരിച്ച വാർത്ത ചൂണ്ടിക്കാട്ടി തിരുവഞ്ചൂർ പറഞ്ഞു.
മുഖ്യമന്ത്രി ഇക്കാര്യം പരിശോധിച്ചു വീഴ്ചവരുത്തിയവർക്കെതിരേ നടപടിയെടുക്കണം. ജാഗ്രതനിർദേശം നൽകാതെ ഒരേ സമയം 39 ഡാമുകൾ തുറന്ന സംഭവത്തിൽ ജുഡീഷൽ അന്വേഷണം വേണം. അണക്കെട്ടുകൾ തുറക്കുന്നതിനു 24 മണിക്കൂർ മുൻപ് മുന്നറിയിപ്പും മാറ്റിപ്പാർപ്പിക്കലുമുണ്ടാകണമെന്ന ദുരന്തനിവാരണനയം പാലിക്കുന്നതിൽ വീഴ്ചയുണ്ടായി.
ഈ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണം. ഇടുക്കി ഉൾപ്പെടെ അണക്കെട്ടു തുറക്കുന്നതിൽ മന്ത്രിമാർ തമ്മിലും വകുപ്പുകൾ തമ്മിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഈ അനൈക്യമാണ് ദുരന്തം ഇത്ര കൂടാൻ കാരണമായത്. അതിവൃഷ്ടിയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നയിപ്പും സർക്കാർ അവഗണിച്ചെന്നു തിരുവഞ്ചൂർ ആരോപിച്ചു.