മുല്ലപ്പെരിയാർ: കേരളത്തിന്റെ മൗനം ദുരൂഹമെന്നു റസൽ ജോയി
Saturday, September 8, 2018 11:19 AM IST
ഇടുക്കി: സുപ്രീംകോടതിയിൽ മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യുന്പോൾ കേരളത്തിന്റെ മൗനം ദുരൂഹത സൃഷ്ടിക്കുന്നുവെന്നു അഡ്വ. റസൽജോയി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 139 അടിയിലെത്തിക്കാൻ ഹർജി നല്കി വിജയം നേടിയ അഭിഭാഷകനായ റസൽജോയി സുപ്രീംകോടതിയിൽ ഹർജി പരിഗണിക്കുന്ന അവസരത്തിൽ കേരളത്തിന്റെ പ്രകടനത്തെ വിലയിരുത്തി ദീപികയോടു പ്രതികരിക്കുകയായിരുന്നു. വ്യാഴാഴ്ച സുപ്രീംകോടതിയിൽ ഹർജി പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേരളത്തിന്റെ പ്രളയക്കെടുതിയെക്കുറിച്ചു ചോദിച്ചപ്പോഴും കേരളം മൗനം പാലിക്കുകയായിരുന്നുവെന്നു റസൽജോയി ചൂണ്ടിക്കാട്ടി.
പ്രളയം ഇത്ര ഗുരുതരമായി ബാധിച്ചിട്ടും കേന്ദ്രവും കേരളവും തമിഴ്നാടും എന്തേ മൗനം പാലിക്കുന്നുവെന്നു സുപ്രീംകോടതി ചോദിച്ചു. സർക്കാരുകൾ ഈ വിഷയത്തിൽ ഉണരാത്തതിനെയും കോടതി ചൂണ്ടികാട്ടി. എന്നിട്ടും കേരളം പോലും അന്താരാഷ്ട്ര വിദഗ്ധസമിതി അണക്കെട്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടില്ലെന്നു മാത്രമല്ല, ഹർജിക്കു ബലം നൽകുന്ന ഒരു രേഖയും സമർപ്പിച്ചില്ല. തമിഴ്നാടിന്റെ വാദങ്ങളെ മറികടന്നാണ് എട്ടാഴ്ച കൂടി 142 അടിയിൽ താഴെ നിർത്താൻ ചീഫ് ജസ്റ്റീസ് ഉത്തരവിട്ടത്. ജലനിരപ്പ് കുറയ്ക്കാൻ പറഞ്ഞതു കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണെന്നും ബെഞ്ച് ചൂണ്ടികാട്ടിയിരുന്നു.
തമിഴ്നാടിനു വേണ്ടി ഹാജരായ ശേഖർ നഫാദ് ഹർജിയെ എതിർത്തു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയിൽ നിർത്താനുള്ള കേരളത്തിന്റെ തന്ത്രം മാത്രമാണിതെന്നു അദ്ദേഹം വാദിച്ചു. 2014ൽ ഭരണഘടനാബഞ്ച് 142 അടിയാക്കിയിരുന്നുവെന്നും കൂടാതെ അണക്കെട്ട് ബലപ്പെടുത്തിയാൽ 152 അടിയാക്കുന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയ കാര്യവും തമിഴ്നാട് അഭിഭാഷകൻ വാദിച്ചു. വ്യാഴാഴ്ച കോടതിയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിനെയാണ് പ്രതിപാദിച്ചത്. കേരളത്തിന്റെ ദുരന്തദിനങ്ങളെ കോടതി ഗൗരവമായി കണ്ടിട്ടും അനുകൂലമാക്കാൻ ശ്രമിച്ചില്ല.
മുല്ലപ്പെരിയാർ വിഷയത്തിൽ റസൽജോയി നൽകിയ ഹർജി മാത്രമേ നിലവിലുള്ളൂ. കേരളം നൽകിയ ഹർജികളെല്ലാം പരാജയപ്പെട്ടിരുന്നു. അന്താരാഷ്ട്ര വിദഗ്ധ സമിതി മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധിച്ചു ഡി കമ്മീഷൻ എന്നു ചെയ്യുമെന്നു ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ ഹർജി. അമേരിക്കയിൽ നടപ്പിലാക്കിയിരിക്കുന്ന ഫെഡറൽ ഗൈഡ് ലൈൻ ഇന്ത്യയിലും നടപ്പിലാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
അണക്കെട്ടിന്റെ ആയുസ് കഴിഞ്ഞാൽ എന്ന് ഡീ കമ്മീഷൻ ചെയ്യുമെന്ന് അന്താരാഷ്ട്ര വിദഗ്ധസമിതി വ്യക്തമാക്കുന്നു ണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോണ്സണ് വേങ്ങത്തടം