മുല്ലപ്പെരിയാർ അണക്കെട്ടിന്റെ താത്കാലിക നിയന്ത്രണം ഏറ്റെടുക്കാനുള്ള അവസരം കേരളം കളഞ്ഞുകുളിച്ചു
Thursday, October 11, 2018 2:34 PM IST
ജനങ്ങളുടെ ജീവനു ഭീഷണിയായാൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ചുമതലയും നിയന്ത്രണവും താത്കാലികമായി കേരളത്തിനു പിടിച്ചെടുക്കാൻ സാധിക്കുമെന്നു നിയമവിദഗ്ധർ. പ്രമുഖ അഭിഭാഷകർ സി.കെ. വിദ്യാസാഗർ, മുല്ലപ്പെരിയാർ അണക്കെട്ട് കേസിൽ സുപ്രീം കോടതിയിൽ കേസ് ഫയൽചെയ്ത് അനുകൂലവിധി നേടിയ റസൽ ജോയി എന്നിവരുടേതാണ് നിഗമനങ്ങൾ.
ഓഗസ്റ്റ് 14നും 15നും മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം പ്രളയത്തിൽ അകപ്പെട്ട കേരളത്തിന്റെ എതിർപ്പ് മറികടന്നു പെരിയാറ്റിലേക്ക് ഒഴുക്കിയതിന് പശ്ചാത്തലത്തിലാണു നിയമവിദഗ്ധരുടെ നിഗമനങ്ങൾ.
ഡിസാസ്റ്റർ മാനേജ്മെന്റ് നിയമം സെക്ഷൻ 30, 37ൽ വ്യക്തമായ നിർദേശങ്ങളുണ്ടെന്ന് അഡ്വ. വിദ്യാസാഗർ പറയുന്നു. ജനങ്ങളുടെ ജീവനു ഭീഷണിയുണ്ടായാൽ ജില്ലാ കളക്ടർക്ക് അണക്കെട്ടിന്റെ നിയന്ത്രണം തത്ക്കാലത്തേക്ക് ജില്ലാ ഭരണാധികാരിയുടെ നിയമപരമായ അവകാശം ഉപയോഗിച്ച് ഏറ്റെടുക്കാമെന്ന് അഡ്വ. റസൽ ജോയിയും ചൂണ്ടിക്കാണിക്കുന്നു.
അണക്കെട്ടിന്റെ സുരക്ഷാചുമതല മാത്രമാണു കേരളത്തിനുള്ളത്. അണക്കെട്ടിൽ ഒരു ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ഒരു പോലീസ് സ്റ്റേഷൻതന്നെ കേരളം സ്ഥാപിച്ചെങ്കിലും അണക്കെട്ടിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് തമിഴ്നാടാണ്. കേരളം പ്രളയത്തിൽ മുങ്ങി ദുരിതത്തിലായപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലവിതാനം താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് നിരാകരിച്ചു. എന്നാൽ, ഓഗസ്റ്റ് 15ന് രാത്രിഅണക്കെട്ടിലെ സുരക്ഷാചുമതലയുള്ള പോലീസിന്റ നിർദേശങ്ങൾ അവഗണിച്ചു സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തി വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കിയതു കേരളത്തെ കൂടുതൽ പ്രളയക്കെടുതിയിലാഴ്ത്തി.
ആയിരക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയർന്ന ആ സാഹചര്യത്തിൽ അണക്കെട്ടിന്റെ നിയന്ത്രണം തത്ക്കാലത്തേക്കു കേരളത്തിന് ഏറ്റെടുക്കാനും ജില്ലാ കളക്ടറുടെ റിപ്പോർട്ട് പ്രകാരം തമിഴ്നാടിനെതിരേ കേസ് ഫയൽ ചെയ്യാനും കഴിയുമാ യിരുന്നെന്നു അസ്വ. റസൂൽ ജോയി പറഞ്ഞു. എന്താണെങ്കിലും മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം പാഴാക്കിക്കളഞ്ഞ മറ്റൊരു ഏടായി ഇതു മാറി.