മാർപാപ്പയുടെ ദിവ്യബലിയിൽ 120 അംഗ ഗായകസംഘം
Monday, February 4, 2019 2:39 AM IST
അബുദാബി: സഈദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നാളെ ഫ്രാൻസിസ് മാർപാപ്പ അർപ്പിക്കുന്ന ദിവ്യബലിയിൽ ഗാനമാലപിക്കുന്നത് 120 അംഗ സംഘം. യുഎഇയിലെ ഒൻപത് കത്തോലിക്കാ ഇടവകകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടവരാണ് ഗായകസംഘത്തിലുള്ളത്.
ഫിലിപ്പീൻസ്, ഇന്ത്യ, ലബനൻ, സിറിയ, ജോർദാൻ, അർമേനിയ, ഫ്രാൻസ്, ഇറ്റലി, നൈജീരിയ, അമേരിക്ക, ഇന്തോനേഷ്യ, ഡെന്മാർക്ക്, അർജന്റീന എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഗായകസംഘാംഗങ്ങൾ. പ്രശസ്ത ഫിലിപ്പീൻസ് സംഗീതജ്ഞ ജോയ് സാന്റോസാണ് ഗായകസംഘത്തിന് നേതൃത്വം നൽകുന്നത്. ഓർഗൻ ഉൾപ്പെടെ പത്ത് സംഗീതോപകരണങ്ങളുമുണ്ടാകും.
യുഎഇയിലെ 120 കൊയർ സംഘങ്ങളിലെ 283 ഗായകരിൽ ഓഡിഷൻ നടത്തിയിട്ടാണ് 120 അംഗങ്ങളെ തെരഞ്ഞെടുത്തത്.
എല്ലാവരും അറിയപ്പെടുന്ന സംഗീതജ്ഞരും യുഎഇയിലെ വിവിധ നഗരങ്ങളിൽ ബഹുരാഷ്ട്രകമ്പനികളിൽ ജോലിചെയ്യുന്നവരുമാണ്.