കണ്മുന്നിൽ ചോരയില്‍ കുളിച്ചുനില്ക്കുന്ന ഉമ്മ!
Thursday, April 26, 2018 2:24 PM IST
കാസര്‍ഗോഡ്: 2015 ഫെബ്രുവരി 13 മുഹമ്മദിന്റെ ജീവിതത്തിലെ കറുത്ത വെള്ളിയാഴ്ചയാണ്. അന്നായിരുന്നു ഉമ്മ ആയിഷ(55)യെ കാട്ടുപന്നി തന്റെ മുന്നിലിട്ടു കുത്തിക്കൊന്നത്. വീട്ടില്‍നിന്ന് 39 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു കാസര്‍ഗോഡ് നഗരത്തില്‍ ചെറിയൊരു ചായക്കട നടത്തി ഉപജീവനം കഴിക്കുന്ന ഈ 39കാരന് ഉമ്മയെക്കുറിച്ചു പറയുമ്പോള്‍ ഇപ്പോഴും കണ്ണുനിറയും. കര്‍ണാടകയോടു ചേര്‍ന്നു കിടക്കുന്ന കുമ്പഡാജെ പഞ്ചായത്തിലെ തുപ്പക്കല്ല് കോപ്പാളമൂലയിലാണ് ഇവര്‍ താമസിക്കുന്നത്. പ്രദേശത്തു വോള്‍ട്ടേജ് ക്ഷാമമുള്ളതിനാല്‍ ആയിഷ അതിരാവിലെതന്നെ എഴുന്നേറ്റു വീട്ടുവളപ്പിലെ കമുക് ഹോസ് ഉപയോഗിച്ചു നനയ്ക്കുമായിരുന്നു.
അന്നു രാവിലെ ആറരയ്ക്കു പതിവുപോലെ ആയിഷ കമുക് നനച്ചുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഇവരുടെ വീട്ടുമുറ്റത്തേക്കു കാട്ടുപന്നി പാഞ്ഞുവന്നത്. മുഹമ്മദിന്റെ നേര്‍ക്കാണ് ആദ്യം പാഞ്ഞടുത്തത്. പ്രാണരക്ഷാര്‍ഥം മുഹമ്മദ് ഓടി കമുകില്‍ കയറി. പിന്നീട് കാട്ടുപന്നി ആയിഷയുടെ നേര്‍ക്കുതിരിഞ്ഞു. ഓടിരക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തേറ്റ കൊണ്ടുള്ള ആക്രമണത്തില്‍ ആയിഷാബിയുടെ ശരീരം ചിന്നിച്ചിതറി. ഉമ്മയുടെ നിലവിളി കേട്ടു വീട്ടിനകത്തുനിന്ന് ഓടിവന്ന മുഹമ്മദിന്റെ അനുജന് ഹസൈനാര്‍ തലനാഴിരയ്ക്കാണു രക്ഷപെട്ടത്. അയല്‍വാസിയായ പ്രകാശന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന എരുമയെയും കുത്തിവീഴ്ത്തിയ പന്നി കുറ്റിക്കാട്ടിലേക്കു മറയുകയായിരുന്നു.
ആയിഷയെ ഉടന്‍ തന്നെ കാസര്‍ഗോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാല്‍ മംഗളുരുവിലേക്കു കൊണ്ടുപോയി. മംഗളുരുവിലേക്കുള്ള യാത്രാമധ്യേ മരിച്ചു. ഉപ്പ അബ്ദുള്‍റഹ്മാന്റെ മരണശേഷം കുടുംബത്തെ നയിച്ച ഉമ്മയെന്ന സ്നേഹത്തണലിനെയാണ് മുഹമ്മദ് അടക്കമുള്ള എട്ടു മക്കള്‍ക്ക് അന്നു നഷ്ടമായത്. ഉമ്മയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ചോരയില്‍ കുളിച്ചുകിടക്കുന്ന ആ രൂപമാണ് തന്റെ മനസില്‍ ഇന്നും തെളിയുന്നതെന്ന് മുഹമ്മദ് പറയുന്നു.
വനംവകുപ്പ് അഞ്ചു ലക്ഷം രൂപയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രണ്ടു ലക്ഷം രൂപയും ഈ കുടുംബത്തിന് നല്കി. എന്നാല്‍, പ്രദേശത്തെ കാട്ടുപന്നി ശല്യം ഇന്ന് അതിലും രൂക്ഷമായി തുടരുന്നു. കപ്പ, വാഴ എന്നിവ കൃഷി ചെയ്താല്‍ വിളവെടുക്കാനുള്ള ഭാഗ്യം ഇവിടുത്തെ കര്‍ഷകര്‍ക്കു കിട്ടാറില്ല. ഇവ നശിപ്പിക്കുന്നതു നിത്യസംഭവമാണ്. നിരാശരായ കര്‍ഷകര്‍ കൃഷി തന്നെ ഉപേക്ഷിച്ച മട്ടാണ്. അതിനാല്‍ കൃഷിയിടങ്ങള്‍ കാടുപിടിച്ചുകിടക്കുന്നു. ഇവിടെ കാട്ടുപന്നികള്‍ പെറ്റുപെരുകുകയും ചെയ്യുന്നു. കാട്ടുപന്നിയുടെ കുത്തേറ്റു പരിക്കേറ്റ നിരവധിപേരുണ്ട് ഈ മേഖലയില്‍.
കാടിറങ്ങി വന്യജീവികൾ... ഉറക്കമില്ലാതെ കർഷകർ - / ഷൈബിന് ജോസഫ്