പുതുവാതില്‍ തുറന്ന് ഓസ്ട്രേലിയ
Friday, March 17, 2023 2:49 AM IST
ഷെവ. വി.സി. സെബാസ്റ്റ്യന്‍
ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് പുത്തന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത വിദ്യാഭ്യാസ ചട്ടക്കൂടിന് തുടക്കമായി. വിദ്യാഭ്യാസ, തൊഴില്‍ യോഗ്യതകള്‍ക്ക് അംഗീകാരം നല്കുന്ന ‘ഫ്രെയിംവര്‍ക്ക് മെക്കാനിസം ഫോര്‍ മ്യൂച്വല്‍ റെക്കഗ്നിഷന്‍ ഓഫ് ക്വാളിഫിക്കേഷന്‍’ ധാരണാപത്രത്തില്‍ ഓസ്ട്രേലിയന്‍ വിദ്യാഭ്യാസമന്ത്രി ജേസണ്‍ ക്ലെയറും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാനും ഒപ്പിട്ടു. ഇതിന്റെ തുടര്‍ച്ചയായി മാര്‍ച്ച് എട്ടിന് ഗുജറാത്തിലെ ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയില്‍ ഓസ്ട്രേലിയന്‍ സര്‍വകലാശാലയായ ഡീകിനിന്റെ കാമ്പസും പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പ്രഖ്യാപിച്ചു.
നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ അഹമ്മദാബാദിലെ ക്രിക്കറ്റ് മത്സരത്തോടൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും പങ്കുവച്ചത് മെച്ചപ്പെട്ട ലോകത്തെക്കുറിച്ചുള്ള ചിന്തകളും വിദ്യാഭ്യാസരംഗമുള്പ്പെടെ വിവിധ മേഖലകളിലെ പരസ്പരധാരണകളും മുന്നേറ്റങ്ങളുമാണ്. 2022 മേയിൽ ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള പ്രധാനമന്ത്രി ആല്‍ബനീസിന്റെ ആദ്യ ഉഭയകക്ഷി സന്ദര്ശനവുമായിരുന്നിത്.
സമഗ്ര സാമ്പത്തിക ഉടമ്പടി
പതിറ്റാണ്ടു പഴക്കമുള്ള ചര്‍ച്ചകളുടെ വിജയപരാജയങ്ങളും ആര്‍സിഇപി കരാറില്‍നിന്ന് 2019 നവംബറില്‍ ഇന്ത്യയുടെ പിന്‍വാങ്ങലിനും ശേഷമുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ ബാക്കിപത്രമാണ് 2022 ഏപ്രില്‍ രണ്ടിന് ഒപ്പിട്ട ഇന്ത്യ-ഓസ്ട്രേലിയ സമഗ്ര സാമ്പത്തിക സഹകരണ വ്യാപാരക്കരാര്‍. 1995ലെ ലോകവ്യാപാരക്കരാറില്നിന്ന് വ്യത്യസ്തമായി ചരക്കുകളുടെ കയറ്റിറക്കുമതി കൂടാതെ വ്യത്യസ്ത തലങ്ങള്‍ക്കൂടി ലക്ഷ്യംവയ്ക്കുന്നതാണ് ഈ കരാര്‍. ഇവ പ്രധാനമായും സേവനമേഖലകള്‍, നിക്ഷേപങ്ങള്‍, സാമ്പത്തിക-സാങ്കേതിക സഹകരണം, ബൗദ്ധികസ്വത്തവകാശം, മത്സരക്ഷമത, വ്യാപാരപ്രശ്ന പരിഹാരവേദി എന്നിവയും ഉള്‍പ്പെടുന്നു. ഉന്നതവിദ്യാഭ്യാസ തൊഴില്‍രംഗത്തെ പരസ്പരധാരണകള്‍ സേവനമേഖലയുടെ ഭാഗമായി ഉള്‍പ്പെടുന്നു.
മാര്‍ച്ച് 11ന് ഡല്‍ഹിയില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഉച്ചകോടി സമഗ്ര സാമ്പത്തിക സഹകരണ വ്യാപാരക്കരാറിന്റെ തുടര്‍ച്ചയായിരുന്നു. വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊര്‍ജം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷാ സഹകരണം, വിദ്യാഭ്യാസം തൊഴില്‍ മേഖലകള്‍, എന്നിവയെല്ലാമായിരുന്നു ഉച്ചകോടിയിലെ ചര്‍ച്ചാവിഷയങ്ങള്‍. മാര്‍ച്ച് ഒന്‍പതിന് ബോംബെയില്‍ നടന്ന ഓസ്ട്രേലിയ-ഇന്ത്യ സിഇഒ ഫോറത്തില്‍ ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തികസഹകരണവും വ്യാപാര ഉടമ്പടിയും ബിസിനസ് ടു ബിസിനസ് സഹകരണത്തിന്റെ ഭാവി മേഖലകളും വ്യാപാരനിക്ഷേപ അവസരങ്ങളും ചര്‍ച്ചചെയ്യപ്പെട്ടു.
സേവനകരാറില് പറയുന്നതെന്ത്?
മെഡിക്കല്‍, എൻജിനിയറിംഗ് പ്രഫഷനുകളിലുള്ളവര്‍ക്ക് പുതിയ കരാറിലൂടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ഓസ്ട്രേലിയയില്‍ ഡിപ്ലോമ പോലെയുള്ള കോഴ്സുകള്‍ കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് ഒന്നരവര്‍ഷം വരെയും ബിരുദം കഴിഞ്ഞവര്‍ക്ക് രണ്ടുവര്‍ഷം വരെയും പിജി കഴിഞ്ഞവര്‍ക്ക് മൂന്നു വര്‍ഷം വരെയും താത്കാലിക തൊഴില്‍ വീസ ലഭിക്കും. ഡോക്ടറല്‍ ഡിഗ്രിയുള്ളവര്‍ക്ക് പഠനം കഴിഞ്ഞ് നാലു വര്‍ഷം തുടരാം. ഫസ്റ്റ് ക്ലാസ് (ഓണേഴ്സ്) നേടുന്ന ബിരുദവിദ്യാര്‍ഥിക്ക് രണ്ടിനു പകരം മൂന്നു വര്‍ഷം അവിടെ തുടരാം.
ആറു മാസം ജോലിയും ആറു മാസം പഠനവുമുള്‍പ്പെടെ വര്‍ക് ആന്‍ഡ് ഹോളിഡേ വീസ പ്രതിവര്‍ഷം ആയിരത്തോളം പേര്‍ക്ക് ലഭിക്കും. മറ്റു രാജ്യങ്ങളുമായി താദാത്മ്യപ്പെടുത്തുമ്പോള് ഉയര്‍ന്ന വേതനവും സാമൂഹ്യ സുരക്ഷിതത്വവും ഓസ്ട്രേലിയ ഉറപ്പാക്കുന്നതിന് പ്രാധാന്യമേറുന്നു. യുകെ, കാനഡ, ജര്‍മനി, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളുമായി നിലവിലുള്ള വിദ്യാഭ്യാസ-തൊഴില്‍ കരാറുകളേക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസ തൊഴിലവസരങ്ങളും സാധ്യതകളുമേറുന്നതാണ് ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത കരാര്‍. 135ല്‍ പരം ഉപമേഖലകളും ഇക്കൂട്ടത്തില്‍ പെടുന്നു.
വിദ്യാഭ്യാസമന്ത്രിയുടെ സന്ദര്‍ശനം
2023 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് മൂന്നു വരെ ഓസ്ട്രേലിയന്‍ വിദ്യാഭ്യാസമന്ത്രി ജേസണ്‍ ക്ലെയറിന്റെ നേതൃത്വത്തില്‍ 10 സര്‍വകലാശാലകളിലെ വൈസ് ചാന്സലര്മാരുള്പ്പെടെ 30 അംഗ വിദ്യാഭ്യാസ വിദഗ്ധസമിതിയാണ് ഇന്ത്യയിലുണ്ടായിരുന്നത്. വിദ്യാഭ്യാസ മേഖലകളിലെ ഗവേഷണം, അക്കാദമിക് തലങ്ങളുടെ പ്രോത്സാഹനം എന്നിവയ്ക്കു പുറമെ കാര്‍ഷികമേഖലയിലെ തൊഴില്‍ പരിശീലനത്തിനായി 1.89 ദശലക്ഷം ഡോളറും ഓസ്ട്രേലിയ പങ്കുവയ്ക്കും. 2011 ഓഗസ്റ്റില്‍ ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്ത ഓസ്ട്രേലിയ-ഇന്ത്യ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ തുടര്‍ച്ചയായി വിദ്യാഭ്യാസം, ട്രെയിനിംഗ്, ഗവേഷണം എന്നീ തലങ്ങളിലുള്ള തുടര്‍നടപടികളാണ് പുതിയ ഉഭയകക്ഷി കരാറില്‍ എത്തിച്ചിരിക്കുന്നത്.
ഫ്രെയിം വര്‍ക്ക് മെക്കാനിസം?
ഇന്ത്യയിലെ യുജിസി അംഗീകൃത കോളജുകളില്‍നിന്നുള്ള കോഴ്സുകള്‍ ഓസ്ട്രേലിയ അംഗീകരിക്കും. ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ അംഗീകാരമുണ്ടാകും. ഇതിന്റെ തുടര്‍ച്ചയായി കൂടുതല്‍ പഠനത്തിനും തൊഴിലിനുമായി ഓസ്ട്രേലിയയിലേക്കു കടന്നുചെല്ലാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് എളുപ്പമാകും. ഓസ്ട്രേലിയയില്‍ നാലുവര്‍ഷം വരെയുള്ള പഠനത്തിനെത്തുന്ന ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് മാര്‍ച്ച് എട്ടിന് പ്രഖ്യാപിച്ചു. വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി യുജിസിയുടെ കരടുപ്രഖ്യാപനം ജനുവരിയില്‍ പുറത്തുവന്നു. ക്യൂഎസ് ലോകറാങ്കില്‍ 500ല്‍ താഴെ വരുന്ന യൂണിവേഴ്സിറ്റികള്‍ക്കാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം അനുവദിക്കുന്നതെന്ന് യുജിസി കരടുരേഖയില്‍ വ്യക്തമാക്കിയിരുന്നു. ഡീകിന്‍ യൂണിവേഴ്സിറ്റി 266-ാം സ്ഥാനത്താണ്. 2022 ഫെബ്രുവരിയിലെ കേന്ദ്രബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് ലോകോത്തര നിലവാരമുള്ള വിദേശ യൂണിവേഴ്സിറ്റികളെ ഇന്ത്യയില്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ക്യുഎസ് ലോകറാങ്കില്‍ 85-ാം സ്ഥാനത്തും ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റികളില്‍ 10-ാം സ്ഥാനത്തുമുള്ള വോളഗോങ് യൂണിവേഴ്സിറ്റിയും ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലേക്ക് കടന്നുവരുന്നു. ഇന്ത്യയില്‍നിന്ന് വോളഗോങ് യൂണിവേഴ്സിറ്റിയില്‍ പഠിക്കാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുതിച്ചുയര്‍ന്നതാണ് ഇന്ത്യയില്‍ കാമ്പസ് ആരംഭിക്കുന്നതിന് പ്രേരകമെന്ന് വൈസ് ചാന്‍സലര്‍ പട്രീഷാ ഡേവിഡ്സണ് സൂചിപ്പിച്ചു. മോറോഷ് യൂണിവേഴ്സിറ്റിയും ഡബിള്‍ മാസ്റ്റേഴ്സ് പ്രോഗ്രാമുമായി ഇന്ത്യയിലേക്കെത്തുന്നു.
ഒഴുകുന്ന കേരള യുവത്വം
യുകെ, കാനഡ, അമേരിക്ക, ജര്‍മനി എന്നിങ്ങനെ കേരളത്തിലെ യുവത്വം ഒഴുകിപ്പോകുമ്പോഴാണ് ഓസ്ട്രേലിയയിലേക്കുള്ള പുത്തന്‍ വാതിലുകളും തുറക്കുന്നത്. ബൗദ്ധിക ഒഴുക്ക് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് കാര്യമായ അഴിച്ചുപണിക്കൊന്നും തയാറാകാതെ ദേശീയ വിദ്യാഭ്യാസനയങ്ങളെ നിരന്തരം വിമര്‍ശിച്ചും രാഷ്ട്രീയ പിടിവാശിയില്‍ പരസ്പരം പോരടിച്ചും കോടതി വ്യവഹാരങ്ങളിലേര്പ്പെട്ടും ചെളിവാരിയെറിഞ്ഞും ആത്മസംതൃപ്തിയടയുകയാണ് കേരളം. സംസ്ഥാനത്തെ യൂണിവേഴ്സിറ്റി പരീക്ഷകളില്‍ റാങ്കുകള്‍ ഉള്‍പ്പെടെ ഉന്നതവിജയം നേടിയവരും വിവിധ ബോര്‍ഡുകളുടെ 12-ാം ക്ലാസ് പരീക്ഷകളില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയവരും ഉന്നതപഠനത്തിനും തൊഴിലിനുമായി നാടു വിടുമ്പോള്‍ ബുദ്ധിയും കഴിവുമുള്ള ഒരു തലമുറ നഷ്ടപ്പെടുന്നുവെന്നുള്ള പരമസത്യം ഭരണകര്‍ത്താക്കളുടെ ബോധമണ്ഡലത്തില്‍ ഇനിയും ഉയരാത്തത് ദുഃഖകരം.
കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ഥികളില്ലാതെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന ദയനീയത കടന്നുവന്നിട്ടും വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന് കൊട്ടിഘോഷിക്കുന്നതിനപ്പുറം തുടര്‍നടപടികളോ മാറ്റങ്ങള്‍ക്കുള്ള ശ്രമങ്ങളോ ഇല്ല. പരമ്പരാഗത ശൈലിയില്‍നിന്നു മാറി അടിമുടി പൊളിച്ചെഴുത്തിന് വിധേയമാക്കിയും കലാലയ കക്ഷിരാഷ്ട്രീയത്തെ മാറ്റിനിര്‍ത്തിയും അധ്യാപകരുടെയും അക്കാദമിക് തലങ്ങളുടെയും നിലവാരമുയര്‍ത്തിയും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും വിദ്യാഭ്യാസരംഗത്ത് സമഗ്രമാറ്റങ്ങളും മത്സരക്ഷമതയും കൈവരിക്കാനാകുന്നില്ലെങ്കില്‍ കേരളം കാണാനിരിക്കുന്നത് വലിയ ബൗദ്ധിക തകര്‍ച്ചയും തിരിച്ചുവരാത്ത യുവതയുടെ നിലയ്ക്കാത്ത ഒഴുക്കുമായിരിക്കും.
കേരളത്തിനു നല്കുന്ന മുന്നറിയിപ്പ്
നിയന്ത്രണങ്ങളും നിരോധനങ്ങളുമേര്പ്പെടുത്തി ഉന്നതവിദ്യാഭ്യാസമേഖലയെ ചുവപ്പുനാടയില്‍ കുരുക്കി കൂച്ചുവിലങ്ങിടാതെ തുറന്ന വിദ്യാഭ്യാസ സമീപനം സ്വീകരിക്കാന്‍ വൈകിക്കൂടാ. നാട്ടില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ അവസരങ്ങള്‍ തേടി പറന്നുപോകാന്‍ പുതുതലമുറയ്ക്കു മടിയില്ലെന്നു തെളിയിക്കപ്പെട്ടിരിക്കുമ്പോള്‍ ആഗോള അവസരങ്ങളുടെ ആകര്ഷണകേന്ദ്രമാകാനും രാജ്യാന്തര സര്‍വ്വകലാശാലകളുമായി കൈകോര്‍ത്ത് സംയുക്തമായി പദ്ധതികള്‍ നടപ്പിലാക്കാനുള്ള ചടുലനീക്കങ്ങള്‍ക്ക് സംസ്ഥാന ഭരണ നേതൃത്വം ആര്‍ജവം കാണിക്കണം. ഇന്ത്യ-ഓസ്ട്രേലിയ വിദ്യാഭ്യാസ ചട്ടക്കൂടിനുള്ളിലൂടെ എന്തു നേട്ടമുണ്ടാക്കാമെന്ന് കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല ഗൗരവമായി ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ നല്ലത്.