പ്ലീസ്... കേരളത്തെ രക്ഷിക്കൂ
Monday, March 20, 2023 12:05 AM IST
കേരളീയർ എൽഡിഎഫ് സർക്കാരിന് തുടർഭരണം നൽകിയത് സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും സുസ്ഥിരമായ പുരോഗതിക്ക് വഴിതെളിക്കുമെന്ന വലിയ പ്രതീക്ഷകളോടെയായിരുന്നു എന്ന് നിസംശയം പറയാം. താരതമ്യേന ജൂണിയർ നേതാക്കളെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിച്ചതിൽ ചിലർ നിരാശരായെങ്കിലും തങ്ങളെ ഏല്പിച്ച ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മന്ത്രിമാർക്ക് നല്ല മനസും ഉത്സാഹവുമുണ്ടായിരുന്നു. എന്നിരുന്നാലും, അവരുടെ പ്രവർത്തനങ്ങളിലെ പോരായ്മ വോട്ടർമാരുടെയും തീവ്ര പാർട്ടിക്കാരുടെയുമടക്കം ജനജീവിതത്തെ മൊത്തത്തിൽ ബാധിച്ചതിനാൽ ഇതുവരെയുള്ള പ്രവർത്തനങ്ങൾ പലരെയും നിരാശരാക്കി.
ഒരു നേതാവിനെയോ ചിലരെയോ കുറ്റപ്പെടുത്തുന്നത് ശരിയായിരിക്കില്ല. കാരണം, വിവിധ തലങ്ങളിലും വ്യത്യസ്ത മേഖലകളിലുമുള്ള പ്രകടനം മോശമാണെന്നതിന് ആളുകൾ സാക്ഷ്യംവഹിക്കുന്നു. പലരും ഉത്തരവാദിത്വം പങ്കുവയ്ക്കുകയും കാരണങ്ങൾ വിശദീകരിക്കുകയും വേണം. കാരണം തിരുത്തൽ നടപടികൾ ഫലപ്രദമല്ലാത്തതും നിരവധി പരാജയങ്ങൾ കുമിഞ്ഞുകൂടുന്നതും ഭരണത്തിലെ പലരുടെയും വീഴ്ചകൾ മൂലമാണ്.
ഭാഗ്യവശാൽ, ഇപ്പോൾപ്പോലും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് തിരുത്തൽ നടപടികളും വികസനവും തൊഴിലവസരങ്ങളും കൊണ്ടുവരുന്നതിന് മെച്ചപ്പെട്ട ഭരണപരമായ നടപടികളും സ്വീകരിക്കാവുന്നതാണ്. കൂടുതൽ നിക്ഷേപം കൊണ്ടുവരാൻ പ്രോത്സാഹജനകമായ നടപടികൾ സ്വീകരിക്കുകയും ഉത്പാദനമേഖലകളെ നല്ലരീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കുകയും ആവശ്യമുള്ളിടത്തെല്ലാം മെച്ചപ്പെട്ട പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്താൽ കാര്യങ്ങൾ മെച്ചപ്പെടും. ചുമട്ടുതൊഴിലാളികളെ മാന്യമായും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കാനും അവരെ ആശ്രയിക്കുന്നവരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനും അവരുടെ ജോലിയിലും ഉത്പാദനപരമായ പ്രവർത്തനങ്ങളിലും ഫലപ്രദമായി ഇടപെടാനും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് അവരെ പ്രേരിപ്പിക്കാനും മുഖ്യമന്ത്രി മുൻകൈയെടുക്കണം. ഇക്കാര്യങ്ങളിൽ സംസ്ഥാനം ഒരു പടി മുന്നിലായിരുന്നു.
ബ്രഹ്മപുരവും നിക്ഷേപകരും
ഈയിടെ ബ്രഹ്മപുരത്തുണ്ടായ തീപിടിത്തത്തിന്റെ കാര്യമെടുക്കുക; എറണാകുളത്തെ ജനജീവിതത്തെ അത് ഭയാനകമാക്കിയിരിക്കുന്നു. അതിന്റെ അനന്തരഫലങ്ങൾ ദീർഘകാലത്തേക്ക് നിലനിൽക്കുമെന്നത് ആർക്കും ഊഹിക്കാം. നടത്തിപ്പും നടപടിക്രമങ്ങളും ഒഴിവാക്കി പണം എങ്ങനെ ചെലവഴിച്ചു എന്നത് ഒരു ദുരന്തകഥയാണ്. ഈ പ്രക്രിയയിൽ ആർക്കെല്ലാം പ്രയോജനം ലഭിച്ചു എന്നതാണ് മറ്റൊരു നിരാശാജനകമായ കഥ. ഇത്തരം തീരുമാനങ്ങൾക്ക് ഉത്തരവാദികളായ ആളുകളിൽനിന്ന്, മാലിന്യനിർമാർജനത്തിന്റെ ദാരുണമായ അവസ്ഥയ്ക്ക് ഇടയാക്കിയ കാര്യങ്ങളിൽ ബോധ്യപ്പെടുത്തുന്ന വിശദീകരണങ്ങളൊന്നുമില്ല. ഇത്തരം തീരുമാനമെടുക്കുന്ന നടപടികൾ സംബന്ധിച്ച് സത്യസന്ധവും ശരിയായതുമായ അന്വേഷണം നടത്തി അതിന്റെ കാരണങ്ങളും കുറ്റക്കാരെയും കണ്ടെത്തുന്നതിലൂടെ മാത്രമേ ഇത്തരം പുഴുക്കുത്തുകളെ ഇനിയെങ്കിലും ഓഫീസുകളിൽനിന്ന് ഒഴിവാക്കാനാകൂ.
അത്തരം ഓഫീസുകളുടെ ഇടനാഴികളിൽ അവരുടെ ആനുകൂല്യങ്ങൾ പറ്റുന്ന ആളുകളെ അകറ്റിനിർത്തുകയും ജീവനക്കാരെ സാമൂഹിക പ്രതിബദ്ധതയോടെ ജോലി ചെയ്യാൻ അനുവദിക്കുകയും വേണം. അതു മാത്രമല്ല, തീ നിയന്ത്രണവിധേയമാക്കാൻ ഒഴിച്ച വെള്ളവും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിയതുവഴിയുള്ള വിഷവാതകങ്ങളും സൃഷ്ടിക്കുന്ന പരിഭ്രാന്തി ഈ ജില്ലയിൽ നിക്ഷേപിക്കുന്നതിൽനിന്ന് പല സംരംഭകരെയും അകറ്റി നിർത്താം. ഉയർന്നുവരുന്ന ഭയം ബിസിനസ് നടത്തിപ്പിൽ ഉൾപ്പെട്ടിരിക്കുന്ന അപകടസാധ്യതയും പ്രദേശത്തിന്റെ അഭിവൃദ്ധിയും തൊഴിലവസരങ്ങളും മാത്രമല്ല, അത്തരം സാഹചര്യങ്ങളിൽ എല്ലാവരുടെയും അതിജീവനവുമാണ്. എറണാകുളത്ത് ഇനിമുതൽ വികസനം എളുപ്പത്തിൽ കൈവരിക്കാനാകുമോ? കാരണം, അത്തരം അപകടകരമായ അന്തരീക്ഷത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് പല നല്ല നിക്ഷേപകരും രണ്ടുവട്ടം ചിന്തിക്കും.
പോലീസും രാഷ്ട്രീയവും
ക്രമസമാധാനപാലനത്തിലെ എല്ലാ പരാജയങ്ങളും പോലീസ് സേനയുടെ തലയിൽ കെട്ടിവയ്ക്കാനാവില്ല എന്നതു ശരിയാണ്. എന്നാൽ ക്രമസമാധാന ചുമതല ഏൽപ്പിച്ചിരിക്കുന്ന പോലീസ് സേനയുടെ പ്രവർത്തനത്തിൽ ചില സജീവ രാഷ്ട്രീയക്കാർ ഇടപെടുന്നതായി നിരവധി റിപ്പോർട്ടുകളുണ്ട്. അതെ, ഒരു രാഷ്ട്രീയ പാർട്ടിയോ ഗ്രൂപ്പുകളോ മാത്രമല്ല, പലരുമുണ്ട്. കേസന്വേഷണങ്ങളിൽ പോലീസ് പരാജയപ്പെട്ടതായി നിരവധി റിപ്പോർട്ടുകളുണ്ട്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചും ഐപിസി നടപടിക്രമങ്ങൾ പാലിച്ചും പ്രവർത്തിക്കാത്തവരെയെല്ലാം ശിക്ഷിക്കാൻ വളരെ കുറച്ച് നടപടി മാത്രമേ എടുക്കുന്നുള്ളൂ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഈ ദിവസങ്ങളിൽ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
പതിറ്റാണ്ടുകളായി അധ്വാനിച്ചു സമ്പാദിച്ച പണം ബാങ്കുകളിൽ നിക്ഷേപിച്ചവരുടെ ദയനീയമായ ദുരവസ്ഥയും ബാങ്കുകളുടെ മാനേജ്മെന്റിലെ പരാജയവും റിപ്പോർട്ട് ചെയ്യപ്പെടുന്നു. പക്ഷേ, കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതിനെക്കുറിച്ച് വളരെക്കുറച്ചേ കേൾക്കുന്നുള്ളൂ! ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സത്യസന്ധരായ പോലീസുകാർക്ക് കുറ്റവാളികളെ പിടികൂടാം. അവർ അതിൽ പരാജയപ്പെടുകയാണെങ്കിൽ അതിന്റെ കാരണങ്ങളെങ്കിലും പൊതുജനങ്ങൾ അറിഞ്ഞിരിക്കണം. സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയശക്തികളിൽ പെട്ടവരുടെ പരാജയങ്ങൾ പാർട്ടി മേധാവികൾ നോക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്തുകൊണ്ട് സിആർപിസി, ഐപിസി നിയമങ്ങൾ അവർക്ക് ബാധകമല്ല?
സർക്കാരും കർഷകരും
സർക്കാർ ഒരുക്കുന്ന സംവിധാനങ്ങളിൽ തങ്ങളുടെ ഉത്പന്നങ്ങൾ നൽകിയ കർഷകരുടെ കാര്യം എടുക്കുക. പാവപ്പെട്ട കർഷകർക്ക് മാസങ്ങളോളം ഈ സാധനങ്ങൾക്ക് വില ലഭിക്കുന്നില്ല, ചില സന്ദർഭങ്ങളിൽ ഒരുപാടു നാളുകളെടുക്കുന്നു? കഴിഞ്ഞ വർഷം ഡൽഹിയിൽ കർഷകസമരത്തിൽ പങ്കെടുത്ത കേരളത്തിലെ നേതാക്കൾ ഈ ചെറുകിട കർഷകരുടെ കുടിശിക നൽകാൻ കേരള സർക്കാരിൽ ഇടപെടുന്നില്ല.
വനമേഖലയോടു ചേർന്നു താമസിക്കുന്ന കുടുംബങ്ങൾ വന്യമൃഗങ്ങളുടെ ഭീഷണിയിലാണ്. ഇവരുടെ കൃഷിയിടങ്ങൾ നശിച്ചു. വീടുകളിലെ അരിയും ധാന്യങ്ങളും കാട്ടാന തിന്നുതീർക്കുന്നു. അവരുടെ കന്നുകാലികളെ കൊല്ലുന്നു. ചില ജീവനുകൾ പൊലിയുന്നു. അവരെ സഹായിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിലെല്ലാം ഇടപെടാൻ ഉന്നതനേതാക്കൾ ആവശ്യമില്ല. താഴെ തലത്തിൽ ഇത് ചർച്ച ചെയ്തു പരിഹരിക്കാവുന്നതാണ്. ചെറുകിട കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് ശരിയായ വിപണനസൗകര്യം ലഭിക്കുന്നില്ല. ഇത്തരം ആരോപണങ്ങളെക്കുറിച്ച് എന്താണു പറയാനുള്ളത്? അവർ അന്വേഷണത്തിലാണോ? അതോ പരാതികളെല്ലാം വ്യാജമാണോ? പൊതുജനങ്ങൾ വസ്തുതകൾ അറിയേണ്ടതുണ്ട്. ഒരു സ്വതന്ത്ര സമൂഹത്തിൽ മൗനം ഒരു ഉത്തരമാകില്ല.
സംസ്ഥാന നിയമസഭയിൽ പോലും ഗൗരവതരമായ പല സംഭവങ്ങളും ചർച്ച ചെയ്യപ്പെടുന്നില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഏതാനും മിനിറ്റുകൾക്കുള്ളിൽ നിയമസഭ അവസാനിപ്പിക്കുന്ന ദിവസങ്ങൾ നിരവധി! ഭരണം ഒടുവിൽ എന്തിലേക്കു നയിക്കും? അവയെല്ലാം നന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ പരാമർശിക്കാത്ത മറ്റ് നിരവധി പ്രശ്നങ്ങളുണ്ട്. പരിതാപകരമായ അവസ്ഥ.
ഫലപ്രദമായി ഇടപെടാനുള്ള സമയമായിരിക്കുന്നു. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് ഭരണമേറ്റെടുത്ത ഘട്ടത്തിൽ മുഖ്യമന്ത്രി സർക്കാർ ജീവനക്കാരെ ഓർമിപ്പിച്ചത് വീണ്ടും ശക്തമായി ഓർമിപ്പിക്കേണ്ടതുണ്ട്. കൂടാതെ, കേരളീയർ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ ഒരുമിച്ചിരുന്ന് ചർച്ചചെയ്യാനും പരിഹരിക്കാനും എൽഡിഎഫും യുഡിഎഫും തയാറാകണം. അത്തരത്തിൽ തങ്ങളുടെ കടമകൾ നിറവേറ്റാനുള്ള സമയംകൂടിയാണിത്. ദയവായി കേരളത്തെ രക്ഷിക്കൂ. പരിഹാരം അത്ര എളുപ്പമല്ലാത്തപ്പോൾ കാര്യങ്ങൾ കൂടുതൽ വഴുതിപ്പോകാതിരിക്കട്ടെ.
ഉള്ളതു പറഞ്ഞാൽ / .ഗോപാലകൃഷ്ണൻ