സുകുമാറിന്റെ നർമ ലോകം
Saturday, September 30, 2023 11:44 PM IST
എസ്. മഞ്ജുളാദേവി
‘നർമം എന്നാൽ മലർശരമാകണം
ശരവ്യനും അത് ആഹ്ലാദമേകണം
ഹാസ്യമെന്നാൽ ഗൂസ്ബറിയല്ലയോ
തുടക്കം കയ്പ്പും ഒടുക്കം മധുരവും’
സത്യം, ഹാസ്യം മാത്രമല്ല സുകുമാറിന്റെ നർമജീവിതവും ശരിക്കൊരു നെല്ലിക്ക തന്നെയായിരുന്നു. കവർപ്പിൽ നിന്നും ഉണർന്ന ത്രിമധുരമായിരുന്നു എന്നും ആ ഹാസ്യം. വ്യക്തി ജീവിതത്തിലെ വലിയ വേദനകൾ നർമ്മത്തിന്റെ ഉറവിടമാണെന്നു സുകുമാർ പറഞ്ഞിരുന്നു. മലയാളത്തിന്റെ ഹാസ്യസമ്രാട്ടുകളായ കുഞ്ചൻ നന്പ്യാർ, തോലൻ, ഇ.വി. കൃഷ്ണപിള്ള, സഞ്ജയൻ എന്നിവരുടെ ജീവിതങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സ്വന്തം ബാല്യം മുതൽ അനുഭവിച്ച ദുഃഖങ്ങളുടെ കയ്്പുനീരാണ് ചിരിമധുരത്തിനു പിന്നിൽ എന്നും മറകൂടാതെ സുകുമാർ പറഞ്ഞിരുന്നു.
കൂട്ടുകുടുംബത്തിലെ അംഗമെന്ന നിലയിൽ അനുഭവിച്ചിരുന്ന കടുത്ത ദാരിദ്യ്രത്തെക്കുറിച്ച് പറയുന്പോൾ ചിരിക്കു പിന്നിൽ സുകുമാർ ഒളിപ്പിച്ചു വച്ചിരുന്ന നെരിപ്പോട് കത്തുന്നത് കാണാമായിരുന്നു. ഭർത്താവും ആറു മക്കളും അപ്പൂപ്പനും അമ്മൂമ്മയും ഉൾപ്പെടുന്ന കുടുംബത്തിനു ഭക്ഷണം കണ്ടെത്താൻ തന്റെ അമ്മ സഹിച്ചിരുന്ന യാതനകൾ ഉള്ളിൽ എന്നും നീറിയിരുന്നു. വിറകടുപ്പിൽ ഉൗതിയൂതി വശം കെടുന്ന, മുഷിഞ്ഞ ചേലചുറ്റിയ അമ്മയുടെ രൂപം മറക്കാനേ കഴിയുമായിരുന്നില്ല. ക്ഷേത്ര ശാന്തിപ്പണിയിൽനിന്നും അച്ഛനു ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം.
അതിനാൽതന്നെ ചെറുപ്പകാലം മുതൽ ജീവിതത്തിന്റെ ആർദ്രതലങ്ങളോട് ഒരുതരം വിരക്തിയായിരുന്നു സുകുമാറിന്. ഇതുകൊണ്ടുതന്നെ ജീവിതത്തിൽ താൻ ഗൗരവക്കാരനാണെന്നും തന്റെ നർമാസ്വാദകരുടെ പ്രതീക്ഷ മുഴുവൻ തെറ്റിക്കാറുണ്ടെന്നും അദ്ദേഹം പൊട്ടിച്ചിരിയോടെ പറയും. നർമവേദികളിൽ നമ്മൾ കാണുന്ന സുകുമാറല്ല എപ്പോഴും ജീവിതത്തിലെ സുകുമാർ.
വായന എന്നും സുകുമാറിനു ഹരമായിരുന്നു.
കെ. കരുണാകരൻ, ഇ.കെ. നായനാർ, പിണറായി വിജയൻ തുടങ്ങിയ കേരളത്തിലെ രാഷ്ട്രീയപ്രമുഖരെ നർമശരം കൊണ്ട് നിർദാക്ഷിണ്യം ആക്രമിച്ചിരുന്ന സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായിരുന്നു സുകുമാർ. ഒരു രാഷ്ട്രീയ നേതാവുപോലും സുകുമാറിനു നേരേ ബ്രഹ്മാസ്ത്രങ്ങൾ മടക്കി പ്രയോഗിച്ചിരുന്നുമില്ല എന്നതാണ് രസകരം.
നാടുവാഴുന്ന രാജാവിനെ നർമത്തിലൂടെ വിമർശിക്കുന്ന വിദൂഷകന്റെ റോളാണ് ഓരോ നർമസാഹിത്യകാരന്റേതും എന്നുറക്കെ പറയുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നു അദ്ദേഹം.
ദൃശ്യമാധ്യമങ്ങളിലും മറ്റും കോമഡി എന്ന പേരിൽ വരുന്ന വില കുറഞ്ഞ നർമത്തെ ‘ട്രാഷ്’ എന്നാണ് വിശേഷിപ്പിക്കേണ്ടതാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഹാസ്യനന്പരുകൾ പലപ്പോഴും സഭ്യതയുടെ അതിർ വരന്പുകൾ ഭേദിക്കുന്നതാണ്. സിനിമകളിൽ പൊതുവേ കാണുന്ന തരം താണ കോമഡിയെയും സുകുമാർ എതിർത്തിരുന്നു. എന്നാൽ സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ കൂട്ടുകെട്ടിലെ നർമം നന്നായി ആസ്വദിക്കാറുണ്ടായിരുന്നു.
നീണ്ട 12 മണിക്കൂർ തുടർച്ചയായി നിന്ന് ഫലിതം പറഞ്ഞ് പുതിയൊരു ലോക റിക്കാർഡ് സുകുമാർ സ്ഥാപിച്ചിരുന്നു. രാവിലെ പത്തുമുതൽ രാത്രി പത്തുവരെ സ്വന്തം ഫലിതം മാത്രം പറഞ്ഞാണ് നർമറിക്കാർഡ് സുകുമാർ നേടിയത്.എന്നാൽ, ഒരു ചെറിയ പിഴവു കാരണമാണ് ഗിന്നസ് ബുക്കിൽ എത്തുവാൻ കഴിയാതെ പോയത്. രാഷ്്ട്രീയ ഫലിതങ്ങൾ പറയുവാൻ പാടില്ല എന്ന നിബന്ധന സുകുമാർ അറിയാതെ പോയതുകൊണ്ടാണ് ഈ വീഴ്ച സംഭവിച്ചത്.