കരിയർ കണ്ടെത്താൻ സഹായിക്കുന്ന പാഠപുസ്തകം
Sunday, August 24, 2025 2:17 AM IST
ഹയർ സെക്കൻഡറി പാഠപുസ്തകം പരിഷ്കരിക്കുന്പോൾ - 2 / ഷിനു ആനത്താരയ്ക്കൽ
പ്ലസ് ടു സയൻസ് പഠിക്കുന്ന വിദ്യാർഥി നിലവിൽ വലിയ പഠനഭാരം വഹിക്കുന്നുണ്ട്. അതിനിടയിൽ ഒരു വിഷയമായി സാമൂഹ്യശാസ്ത്ര പഠനം ചേർക്കുന്നത് സ്വീകാര്യമായെന്നു വരില്ല. എന്നാൽ, കോളജുകളിൽ ഇപ്പോൾ നടപ്പാക്കുന്ന ആഡ് ഓൺ കോഴ്സുകളെ മാതൃകയാക്കാം.
സയൻസ്, കൊമേഴ്സ് കുട്ടികൾക്ക് ആഴ്ചയിൽ കുറഞ്ഞത് ഒരു മണിക്കൂർ മാനവിക വിഷയങ്ങൾ പഠിക്കാൻ അവസരം നൽകണം. സാമൂഹ്യപാഠ പഠനം ക്രെഡിറ്റായി ഉൾപ്പെടുത്തുന്നത് പരിഗണിക്കാവുന്നതാണ്. അതിൽ ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും സ്വാതന്ത്ര്യസമരചരിത്രവും ഗാന്ധിയൻ സ്റ്റഡീസുമൊക്കെയുൾപ്പെടുത്തണം. പ്രധാനമായി പഠിപ്പിക്കേണ്ടത് പൗരബോധമാണ്. തന്റെ അവകാശങ്ങളെക്കുറിച്ചു മാത്രമാണ് ഇന്നത്തെ കുട്ടി ചിന്തിക്കുന്നത്. കടമകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും അവരെ ബോധവാന്മാരാക്കണം.
ഹയർ സെക്കൻഡറി പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനമായി ചിന്തിക്കേണ്ട മറ്റൊരു മേഖല കരിയർ ഗൈഡൻസ് ആണ്. കുട്ടിയെ അനുയോജ്യമായ തൊഴിൽ മേഖലയിലേക്ക് നയിക്കാനുതകുന്ന വിഭവങ്ങൾ പാഠപുസ്തകത്തിലുണ്ടാകുക എന്നതാണ് പ്രധാനം. നിർഭാഗ്യവശാൽ നമ്മുടെ നിലവിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളുമൊന്നും സ്വന്തം കരിയർ കണ്ടെത്തുന്നതിന് കുട്ടിയെ അത്രയ്ക്കൊന്നും സഹായിക്കുന്നതല്ല. അതുകൊണ്ടുതന്നെ പുതിയ പാഠപുസ്തകം തയാറാക്കുമ്പോൾ കുട്ടിക്ക് തന്റെ തൊഴിൽമേഖല ഏതെന്നു തിരിച്ചറിയാനും ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുംവിധമുള്ള ഉള്ളടക്കം ക്രമീകരിക്കേണ്ടിയിരിക്കുന്നു.
അഭിരുചിയും ശേഷിയും
പഠനകാലത്തുതന്നെ തൊഴിലുമായി ബന്ധപ്പെട്ട് കുട്ടിയിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ കണ്ടെത്തുന്നതിനൊപ്പം തന്നെ അഭിരുചിയും തിരിച്ചറിയണം. ഒരാൾ സ്വന്തം തൊഴിൽ മേഖലയിൽ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നെങ്കിൽ അതിനർഥം അതയാളുടെ അഭിരുചിക്കിണങ്ങിയ തൊഴിലാണ് എന്നതാണ്. എന്നിരുന്നാലും ഇന്നത്തെ കാലത്ത് പല കുട്ടികളും ഓരോ കോഴ്സിനു ചേരുന്നതുതന്നെ മറ്റു പലരും പോയ വഴിയാണെന്നതു കൊണ്ടു മാത്രമാണ്. ഇതുപോലെ പ്രധാനപ്പെട്ടതാണ് ശേഷീവികാസം. സ്വന്തം തൊഴിൽ മേഖലയിൽ ശേഷി വികസിപ്പിക്കാതെ ആർക്കും വിജയം കൈവരിക്കാനാകില്ല. ഉദാഹരണമായി, കേവലമൊരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ ആണെങ്കിൽ പോലും അയാളുടെ ടൈപ്പ്റൈറ്റിംഗ് സ്പീഡും കൃത്യതയുമൊക്കെയാണ് ജോലിസ്ഥിരതയിലേക്ക് നയിക്കുക. അതായത്, പഠനകാലത്തുതന്നെ വിവിധ തൊഴിൽ മേഖലകളെക്കുറിച്ച് മനസിലാക്കുന്നതിനൊപ്പംതന്നെ കുട്ടിക്ക് സ്വന്തം അഭിരുചിയും ശേഷിയുമൊക്കെ പരിപോഷിപ്പിക്കാനുതകും വിധമുള്ള പുസ്തകപരിഷ്കരണമാണ് അനിവാര്യമാകുന്നത്.
റീസണിംഗ്, മെന്റൽ എബിലിറ്റി
നിലവിലെ പാഠപുസ്തക ശൈലിയിലും മാറ്റം വരുത്താവുന്നതാണ്. നിലവിലുള്ള പദ്യ, ഗദ്യ, ചോദ്യോത്തര രീതികളൊക്കെ തുടരുന്നതിനൊപ്പം കുട്ടിയുടെ തൊഴിൽ താത്പര്യങ്ങൾ കണ്ടെത്താനുതകുന്ന റീസണിംഗ്, മെന്റൽ എബിലിറ്റി തുടങ്ങിയ മാനസിക കരുത്തും ക്ഷമയും പരീക്ഷിക്കുന്ന ഭാഗങ്ങളും പാഠപുസ്തകത്തിൽ ചേർക്കാവുന്നതാണ്.
ഇത്തരത്തിൽ ചിത്രങ്ങളും ബിംബങ്ങളും ചിഹ്നങ്ങളുമൊക്കെ ചേർത്തുണ്ടാക്കുന്ന ചോദ്യങ്ങൾ പരിശീലിക്കുക വഴി കുട്ടിക്ക് സ്വന്തം കഴിവുകളും കുറവുകളും തിരിച്ചറിയാൻ കഴിയും. മാത്രമല്ല, ഭാവിയിൽ നേരിടേണ്ടിവരുന്ന മത്സരപരീക്ഷകൾക്കുള്ള മുന്നൊരുക്കവുമാണത്.
എത്രയോ മനുഷ്യരാണ് തെറ്റായ പഠനവഴികളിലൂടെ സഞ്ചരിച്ച് അതൃപ്തിയോടെ തങ്ങളുടെ തൊഴിൽ മേഖലകളിൽ കടിച്ചുതൂങ്ങിക്കിടക്കുന്നത്. പഠിച്ച അറിവും നേടിയെടുത്ത ശേഷികളും ശരിയായ വിധത്തിൽ പ്രയോഗിക്കാനാവാതെ അസംതൃപ്തരായി കഴിയുന്നതിനു പിന്നിലുള്ള കാരണം സ്കൂൾ പഠനകാലത്ത് ശരിയായ തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്നതാണ്. അതുകൊണ്ടുതന്നെ സ്കൂളുകളിൽ കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇപ്പോൾ ഹയർ സെക്കൻഡറി ക്ലാസുകളിൽ നടപ്പാക്കിവരുന്ന കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾ ഹൈസ്കൂൾ തലത്തിൽ, പ്രത്യേകിച്ച് പത്താം തരത്തിൽ നൽകിയാൽ പല കുട്ടികളുടെയും തെറ്റായ ഹയർ സെക്കൻഡറി വിഷയ തെരെഞ്ഞെടുപ്പിന് ഒരു പരിഹാരമായേക്കും.
പാഠപുസ്തകവും ഉള്ളടക്കവും
പാഠപുസ്തക പരിഷ്കരണം നടപ്പാക്കുന്ന സമയത്ത് ഉള്ളടക്കമാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. കുട്ടികളെ എന്തു പഠിപ്പിക്കണമെന്നതു സംബന്ധിച്ച് വിവിധ നയങ്ങളും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുമൊക്കെ പാലിക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും സമൂഹത്തിൽ വ്യത്യസ്തമായും അപൂർവമായും സംഭവിക്കുന്നതും സംഭവിക്കാൻ സാധ്യതയുള്ളതുമായ കാര്യങ്ങളും കുട്ടികളെ പഠിപ്പിക്കണം. പ്രവർത്തനാധിഷ്ഠിതവും ഐടി അധിഷ്ഠിതവുമായ ക്ലാസ് മുറികൾ നിലവിൽ വന്നതിൽപ്പിന്നെ കുട്ടികളും അധ്യാപകരും തിരക്കിലാണ്. അതു പക്ഷേ, കുറച്ചുകൂടി ക്രിയാത്മകമായി മാറേണ്ടിയിരിക്കുന്നു.
വിവിധ മേഖലകളിലെ നയരൂപീകരണങ്ങളിൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന കാലഘട്ടമാണിത്. കാർഷിക നയത്തിൽ തുടങ്ങി കാലാവസ്ഥ, ആരോഗ്യം, സാമ്പത്തികം, വിദേശനയം, ദുരന്തനിവാരണം എന്നിങ്ങനെ വിവരങ്ങളുടെ വിശകലനംവരെ പോളിസി തലത്തിൽ സാധ്യതയുള്ള വിഷയങ്ങളാണ്. പല വികസിത രാജ്യങ്ങളിലും വികസനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സമിതിയിൽ എൻജിനിയർ, ഉദ്യോഗസ്ഥർ തുടങ്ങി വിഷയവുമായി നേരിട്ടു ബന്ധമുള്ളവരെ കൂടാതെ, നിർബന്ധമായും സോഷ്യോളജിസ്റ്റിനും സ്ഥാനമുണ്ട്. അവിടെ ചെലവഴിക്കുന്ന പണംകൊണ്ട് എന്തൊക്കെ ഗുണവശങ്ങളുണ്ടെന്നു പഠിക്കുന്നതിനൊപ്പം പദ്ധതി നാട്ടലുള്ളവർക്ക് പ്രയോജനകരമാണോയെന്നും കുറഞ്ഞത് ഒരു തലമുറയ്ക്കെങ്കിലും പ്രയോജനപ്പെടുമോയെന്നും പഠിക്കാതെ ഒരു പ്രോജക്ടും നടപ്പാക്കിക്കൂടാ എന്നതിനാലാണിത്. നമ്മുടെ നാട്ടിലെ പല പദ്ധതികളും പൂർത്തിയാക്കാനാകാതെ തുരുമ്പിച്ചു കിടക്കുന്നതു കാണുമ്പോഴാണ് നമ്മുടെ നാട്ടിലും സോഷ്യോളജിസ്റ്റുകളുടെ സേവനം അനിവാര്യമാണെന്നു തിരിച്ചറിയേണ്ടത്.
(അവസാനിച്ചു)
(രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ് ലേഖകൻ)