കുട്ടനാട് വികസന മിഷൻ വേണം
ഡോ. ജോസഫ് ഏബ്രഹാം
Wednesday, August 27, 2025 12:10 AM IST
സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്നതും അഞ്ച് പ്രധാന നദികൾ കുറുകെ ഒഴുകുന്നതുമായ കുട്ടനാട്, കേരളത്തിന്റെ പാരിസ്ഥിതിക ഹൃദയഭൂമിയും നെല്ലറയുമാണ്. നെൽകൃഷി, മത്സ്യബന്ധനം, താറാവു വളർത്തൽ, തെങ്ങു വളർത്തൽ, കന്നുകാലി വളർത്തൽ, ടൂറിസം എന്നിവയിലൂടെ ലക്ഷക്കണക്കിനാളുകൾ ഇവിടെ ഉപജീവനം നിലനിർത്തുന്നു. എന്നാൽ, ഈ പ്രദേശം പാരിസ്ഥിതികമായി വളരെ ദുർബലമാണ്. പതിവായി വെള്ളപ്പൊക്കമുണ്ടാകുന്നു. കനാലുകളിൽ ചെളി അടിഞ്ഞുകൂടുന്നു. ഉപ്പുവെള്ളം കയറുന്നത് നിരന്തര ഭീഷണിയാണ്. കൂടാതെ, നെല്ലിന്റെ കുറഞ്ഞ താങ്ങുവിലയും സംഭരണത്തിലെ കാലതാമസവും മൂലം കർഷകർ സാന്പത്തിക പ്രതിസന്ധിയിലുമാണ്.
2018-19ലെ മഹാപ്രളയം കുട്ടനാടിനെ തകർത്തപ്പോൾ, കുട്ടനാട് വികസന പാക്കേജുകളിലൂടെ പുതിയ തുടക്കം സർക്കാർ വാഗ്ദാനം ചെയ്തു.
ഘട്ടം 1: സ്വാമിനാഥൻ പാക്കേജ് (2008)
2007-08ൽ, കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷേൻ (എംഎസ്എസ്ആർഎഫ്) ഒരു ബ്ലൂപ്രിന്റ് തയാറാക്കി. 2008ൽ കേന്ദ്ര സർക്കാർ ഇത് തത്വത്തിൽ അംഗീകരിച്ചു. 1,840.75 കോടി രൂപ വകയിരുത്തി.
എന്നാൽ, സ്വാമിനാഥൻ പാക്കേജ് ഒരിക്കലും പൂർണമായി ആരംഭിച്ചില്ല. ചില തടയണകൾ നിർമിച്ചു, ചില അറ്റകുറ്റപ്പണികൾ നടത്തി, പക്ഷേ പ്രധാന വെള്ളപ്പൊക്കനിയന്ത്രണ അടിസ്ഥാന സൗകര്യങ്ങളിൽ ഭൂരിഭാഗവും സ്പർശിക്കാതെ തുടർന്നുപോന്നു. ഫണ്ടുകൾ വേണ്ടത്ര ഉപയോഗപ്പെടുത്തിയില്ല. ഈ ‘നഷ്ടപ്പെട്ട ദശക (2008-18)’ത്തിന്റെ പരിണതഫലം 2018-19 ലെ മഹാപ്രളയം ആഞ്ഞടിച്ചപ്പോൾ കണ്ടു. കുട്ടനാട് അതിനെ പ്രതിരോധി യ്ക്കാൻ തയാറായിരുന്നില്ല.
ഘട്ടം 2: എൽഡിഎഫ് പാക്കേജ് 1
(2018-19 വെള്ളപ്പൊക്കത്തിനു പരിഹാരം)
അഭൂതപൂർവമായ ഈ വെള്ളപ്പൊക്കത്തിനുശേഷം, കേരള സർക്കാർ കുട്ടനാട് വികസന പാക്കേജ്-01 പ്രഖ്യാപിച്ചു. ഹ്രസ്വകാലത്തേക്കായിരുന്നു നടത്തിപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചത്: അടിയന്തര പുനരധിവാസവും വേഗത്തിലുള്ള പരിഹാരവും ലക്ഷ്യമിട്ടു മുന്നേറി.
ചില ജോലികൾ, പ്രത്യേകിച്ച് ഡ്രെഡ്ജിംഗ്, കർഷക ചേരുവകളുടെ ഇൻപുട്ട് വിതരണം എന്നിവ നടത്തിയെങ്കിലും, മൊത്തത്തിലുള്ള പ്രവർത്തനം പരിമിതമായിരുന്നു. ബണ്ടുകളുടെ ശക്തിപ്പെടുത്തൽ അപൂർണമായിരുന്നു. കനാലുകൾ ഭാഗികമായി മാത്രമേ പൂർത്തിയാക്കിയുള്ളൂ. കൂടാതെ, നെല്ല് സംഭരണ പേയ്മെന്റുകൾ വൈകിയതായി കർഷകർ തുടരെ പരാതിപ്പെട്ടു. അതേസമയം മുഖ്യ ഇനമായ പാരിസ്ഥിതിക പുനർനിർമാണം തുടരെ മാറ്റിവച്ചു/അവഗണിക്കപ്പെട്ടു.
ഇപ്രകാരം, കുട്ടനാടിന്റെ ആവർത്തിച്ചുള്ള പ്രതിസന്ധികൾക്കുള്ള ഘടനാപരമായ പരിഹാരമായല്ല, മറിച്ച് ഒരു ചെറിയ ദുരിതാശ്വാസ പദ്ധതിയായി പാക്കേജ്-1 പരിണമിച്ചു.
ഘട്ടം 3: എൽഡിഎഫ് പാക്കേജ് -2
(2020 മുതൽ)
2020ൽ കേരള സർക്കാർ കുട്ടനാട് പാക്കേജ്-2 പ്രഖ്യാപിച്ചു. 2,447 കോടി രൂപയുടെ കൂടുതൽ അഭിലഷണീയമായ തുക അടങ്കലോടെ. ഇത് ഒരു സമഗ്രവും ദീർഘകാല വികസന, വെള്ളപ്പൊക്ക പ്രതിരോധ പദ്ധതിയായി സ്ഥാപിക്കപ്പെട്ടു എന്നാണ് സർക്കാർ വാദം.
നാലു വർഷം കഴിഞ്ഞിട്ടും, പാക്കേജ്-2 ഭാഗികമായി കടലാസിൽ തന്നെയാണ്. മിക്ക പ്രവൃത്തികളും ഇപ്പോഴും ഡിപിആർ (വിശദമായ പ്രോജക്ട് റിപ്പോർട്ട്) തയാറാക്കൽ ഘട്ടത്തിലാണ്.
ചുരുക്കത്തിൽ സംയോജിതവും പാരിസ്ഥിതികവും കർഷക കേന്ദ്രീകൃതവുമായ പരിവർത്തനം എന്ന ദർശനം യാഥാർഥ്യമായിട്ടില്ല.
പാക്കേജുകൾ പരാജയപ്പെട്ടത് എന്തുകൊണ്ട്?
മോശം നടപ്പാക്കൽ, ദുർബലമായ ഏകോപനം, ഫണ്ടുകളുടെ വിനിയോഗക്കുറവ്, എൻജിനിയറിംഗ് പരിഹാരങ്ങളിലെ കാലതാമസവും സാങ്കേതിക പ്രശ്നങ്ങളും, പ്രവൃത്തികളുടെ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സമ്മർദം.
മുന്നോട്ടുള്ള വഴി
അവഗണനയുടെ മറ്റൊരു തുടർക്കഥ താങ്ങാൻ ഇനിയും കുട്ടനാടിനാവില്ല. പുനരുജ്ജീവനം അടിയന്തരാവശ്യമാണ്. ചില നിർദേശങ്ങൾ:
സംയോജിത ആസൂത്രണം: കൃഷി, മത്സ്യബന്ധനം, ജല മാനേജ്മെന്റ്, ടൂറിസം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് ഒരു നീർത്തട ആവാസവ്യവസ്ഥാ സമീപനം സ്വീകരിച്ചു നടപ്പാക്കുക.
സാമൂഹിക പങ്കാളിത്തം: കർഷകർ, മത്സ്യത്തൊഴിലാളികൾ, പഞ്ചായത്തുകൾ എന്നിവ സജീവ പങ്കാളികളായിരിക്കണം.
സുതാര്യതയും നിരീക്ഷണവും: സ്വതന്ത്ര ഓഡിറ്റുകളും പൊതു വെളിപ്പെടുത്തലുകളും ഉൾപ്പെടെയാവണം പദ്ധതി നടത്തിപ്പ്.
സാങ്കേതിക ശക്തിപ്പെടുത്തൽ: തണ്ണീർമുക്കം ബാരേജും തോട്ടപ്പള്ളി സ്പിൽവേയും ഏറ്റവും പുതിയ എൻജിനിയറിംഗ് വിദ്യ ഉപയോഗിച്ച് അടിയന്തരമായി നവീകരിക്കുക.
ഉപജീവന വൈവിധ്യവത്കരണം: മത്സ്യബന്ധനം, താറാവ് വളർത്തൽ, ഇക്കോ- ടൂറിസം, പുനരുപയോഗ ഊർജം, കുട്ടനാട്ടിലുടനീളം പരീക്ഷിക്കേണ്ട ഒരു മത്സ്യം-ഒരു നെല്ല്, ഭ്രമണരീതി എന്നിവ സ്വീകരിച്ച് പൂരകമാക്കുക. നെല്ല് ഉത്പാദനത്തിൽ സ്വയം പര്യാപ്തതയെന്ന ലക്ഷ്യം നേടണം.
ഇടക്കാല വിലയിരുത്തലുകൾ: ഈ ഒഴുക്ക് തടയാൻ പതിവ് അവലോകനങ്ങൾ സ്ഥാപനവൽക്കരിക്കുക.
ഒരു കുട്ടനാട് വികസന മിഷൻ ഉണ്ടാകട്ടെ.
സ്വാമിനാഥൻ പാക്കേജ്-2008
►ലവണാംശം നിയന്ത്രിക്കുന്നതിനായി തണ്ണീർമുക്കം അണക്കെട്ടിന്റെ നവീകരണം.
►വെള്ളപ്പൊക്കം ഒഴുക്കിവിടുന്നതിനായി തോട്ടപ്പള്ളി സ്പിൽവേയുടെ ശേഷി വർധിപ്പിക്കൽ.
►നെൽവയലുകൾ സംരക്ഷിക്കുന്നതിനായി പാടശേഖര ബണ്ടുകളുടെ ശക്തിപ്പെടുത്തൽ.
►ജലപ്രവാഹം മെച്ചപ്പെടുത്തുന്നതിനായി കനാൽ ഡ്രെഡ്ജിംഗും ഡ്രെയി നേജ് പുനഃസ്ഥാപനവും.
►കണ്ടൽക്കാടുകളും മത്സ്യ ആവാസ വ്യവസ്ഥകളും ഉൾപ്പെടെയുള്ള പരിസ്ഥിതിപുനഃസ്ഥാപനവും ജൈവവൈവിധ്യ സംരക്ഷണവും.
►യന്ത്രവത്കരണം, കുറഞ്ഞ നിരക്കിൽ വായ്പ, പരിശീലനം എന്നിവയിലൂടെ കർഷകർക്ക് ധനസഹായ പിന്തുണ.
എൽഡിഎഫ് പാക്കേജ്-1
►അടിയന്തര കനാൽ ശുദ്ധീകരണവും നദികളിൽനിന്നുള്ള ചെളി നീക്കംചെയ്യലും.
►നെൽവയലുകൾക്ക് ചുറ്റുമുള്ള ബണ്ടുകൾ ശക്തിപ്പെടുത്തൽ.
►ഇൻപുട്ട് സബ്സിഡികൾ, വിത്തുകൾ, യന്ത്രങ്ങൾ, പരിശീലനം എന്നിവയിലൂടെ കർഷകർക്ക് പിന്തുണ.
►സംഭരണവും എംഎസ്പി പേയ്മെന്റുകളും കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ.
►പരിസ്ഥിതി പുനഃസ്ഥാപനത്തിനുള്ള പൈലറ്റ് ശ്രമങ്ങൾ/പ്രവർത്തനം.
വിലയിരുത്തൽ
നേട്ടങ്ങൾ
►മൂന്നു ഘട്ടങ്ങളിലുമായുള്ള നേട്ടങ്ങൾ പരിമിതമാണ്.
►കാർഷിക ഇൻപുട്ടുകൾ നൽകുന്നതിലും യന്ത്രവത്കരണത്തിലും കർഷകർക്ക് ആശ്വാസകരമായ പിന്തുണ ലഭിച്ചു.
►ഏതാനും ബണ്ടുകൾ ശക്തിപ്പെടുത്തി.
►തെരഞ്ഞെടുത്ത വീടുകൾക്ക് ദുരിതാശ്വാസ സഹായം വിതരണം ചെയ്തു.
പരാജയങ്ങൾ
►വെള്ളപ്പൊക്കം മിക്കവാറും എല്ലാ വർഷവും കുട്ടനാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
►തണ്ണീർമുക്കം ബാരേജ്, തോട്ടപ്പള്ളി സ്പിൽവേ തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ കാലഹരണപ്പെട്ടതായി തുടരുന്നു, സംഭരണ വില വിതരണം തുടരെ വൈകുന്നു.
►നെൽകൃഷി ഇപ്പോഴും പ്രതിസന്ധിയിലാണ്; സംഭരണ കാലതാമസവും കുറഞ്ഞ എംഎസ്പിയും തുടരുന്നു.
►കണ്ടൽക്കാടുകളുടെയും ജൈവവൈവിധ്യ ആവാസവ്യവസ്ഥകളുടെയും പരിസ്ഥിതി പുനഃസ്ഥാപനം ആരംഭിച്ചിട്ടില്ല.
►വകുപ്പുതല ഏകോപനം ദുർബലമാണ്, ഒന്നിലധികം ഏജൻസികൾ സിലോസിൽ പ്രവർത്തിക്കുന്നു.
എൽഡിഎഫ് പാക്കേജ് -2
►പ്രത്യേക കാർഷിക മേഖലയുടെയും സംയോജിത റൈസ് പാർക്കുകളുടെയും സൃഷ്ടി.
►മത്സ്യബന്ധനം, താറാവ് വളർത്തൽ, കന്നുകാലി വളർത്തൽ എന്നിവയുടെ പ്രോത്സാഹനം.
►വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികൾ: തോട്ടപ്പള്ളി സ്പിൽവേയുടെ വീതി കൂട്ടൽ, ‘നദിക്ക് മുറി’ സമീപനങ്ങൾ, കനാലുകളെ പുനരുജ്ജീവിപ്പക്കൽ, കുടിവെള്ള, ശുചിത്വ പദ്ധതികൾ.
►ടൂറിസവും പരിസ്ഥിതി പുനരുദ്ധാരണ സംരംഭങ്ങളും.
►അടിസ്ഥാന സൗകര്യ മെച്ചപ്പെടുത്തലുകൾ-റോഡുകൾ, പാലങ്ങൾ മറ്റ് ഗ്രാമീണ സൗകര്യങ്ങൾ.
►വെള്ളപ്പൊക്ക ബാധിത കുടുബങ്ങൾക്കുള്ള സമഗ്ര പിന്തുണ നൽകൽ.