കണ്ണാണ്; കരുതൽ വേണം
ഡോ. ബിൻസ് എം. മാത്യു
Thursday, August 28, 2025 1:20 AM IST
മനുഷ്യന്റെ ഇന്ദ്രിയങ്ങളുടെ വിപുലീകരണമാണ് മാധ്യമങ്ങൾ എന്ന് പറഞ്ഞത് പ്രശസ്ത കനേഡിയൻ മാധ്യമചിന്തകനായ മാർഷൽ മക് ലൂഹനാണ്. മനുഷ്യന്റെ കണ്ണുകളുടെ സ്ഥാനമാണ് കാമറ. കണ്ണുകളുടെ പരിമിതിയെയും കാമറ മറികടക്കുന്നുണ്ട്. ഒരു വസ്തുവിന്റെ സൂക്ഷ്മ വിശദാംശങ്ങളിലേക്ക് പോകാൻ കാമറയ്ക്കു കഴിയും.
ടെലിവിഷൻ സമീപദൃശ്യങ്ങളുടെ മാധ്യമമാണ്. ടെലിവിഷനിൽ നാം കാണുന്ന വ്യക്തികളെ സൂക്ഷ്മമായി അവരുടെ വിശദാംശങ്ങളിലൂടെയാണ് മനസിലാക്കുന്നത്. ടെലിവിഷനിലൂടെ കള്ളം പറയുന്നതുപോലും സൂക്ഷിച്ചു വേണം. അത്രയ്ക്ക് സമീപവീക്ഷണകോണിലാണ് ടെലിവിഷൻ കാര്യങ്ങളെ അടയാളപ്പെടുത്തുന്നത്. ടെലിവിഷൻകാലത്ത് രാഷ്ട്രീയപ്രവർത്തനത്തിന്റെ സ്വഭാവം മാറുന്നുണ്ട്. രാഷ്ട്രീയം ഇന്ന് ദൃശ്യപ്രകടനങ്ങളുടെ കലയാണ്. ഓവർ ആക്കാതെ പ്രകടനത്തിൽ മികവു പുലർത്തുന്നവരാണ് ഇന്ന് രാഷ്ട്രീയത്തിൽ തിളങ്ങുന്നത്.
ജെഎഫ്കെയും ഉരുക്കും
ടെലിവിഷൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിർണയിക്കാൻ തുടങ്ങിയിട്ട് അധികകാലമായില്ല. 1960ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിച്ചത് ടെലിവിഷനായിരുന്നു. ചരിത്രപ്രസിദ്ധമായ കെന്നഡി-നിക്സൻ സംവാദം കാണാൻ ടെലിവിഷനു മുമ്പിലിരുന്നത് എഴുപത് ലക്ഷത്തോളം ആളുകളാണ്. ആകെ നടന്ന നാലു സംവാദങ്ങളിൽ ആദ്യത്തെ സംവാദം കഴിഞ്ഞപ്പോഴേ കാര്യങ്ങൾക്ക് തീരുമാനമായി. കാമറയിൽ കണ്ണുറപ്പിച്ചുകൊണ്ടുള്ള സംഭാഷണം, കാമറയ്ക്ക് അനുകൂലമായ മേക്കപ്പ്, ആത്മവിശ്വാസം നിറഞ്ഞ ശരീരഭാഷ, കറുത്ത കോട്ടും വെളുത്ത പശ്ചാത്തലവും, മനോഹരവും ശക്തവുമായ ഭാഷ - ഇവകൊണ്ട് നിക്സനേക്കാൾ കെന്നഡിയാണ് മിടുക്കനെന്ന് അമേരിക്കക്കാർ വിധിയെഴുതി. പിന്നിങ്ങോട്ട് അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ തലവര നിർണയിക്കുന്നതിൽ ടെലിവിഷന് വലിയൊരുപങ്കുണ്ട്.
ഉരുക്കുവനിത എന്ന ആഖ്യാനം നിർമിച്ചുകൊണ്ട് അതിനെ പിന്താങ്ങുന്ന ദൃശ്യ ആഖ്യാനങ്ങളാണ് മാർഗരറ്റ് താച്ചറും അവരുടെ പിആർ ഗ്രൂപ്പും ടെലിവിഷനിൽ നിർമിച്ചത്. താച്ചർ കാമറയ്ക്കു മുമ്പിൽ പ്രത്യക്ഷപ്പെടുന്നതിനു മുമ്പേ വസ്ത്രത്തിന്റെ നിറം കാമറ അങ്കിളികൾ ലൈറ്റിംഗ് എന്നീ കാര്യങ്ങളിൽ കൃത്യമായ തയാറെടുപ്പു നടത്തിയിരുന്നു. തന്റെ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം മീഡിയ ട്രെയിനിംഗ് നൽകുന്ന കാര്യത്തിലും താച്ചർ ശ്രദ്ധിച്ചു. മാധ്യമങ്ങളുമായി നല്ല ബന്ധം സൂക്ഷിച്ചുവെന്നു മാത്രമല്ല, കൂടുതൽ പ്രചാരമുള്ള മാധ്യമ സ്ഥാപനങ്ങളുമായി പ്രത്യേക അടുപ്പം സൂക്ഷിക്കുകയും ചെയ്തു. ബ്രിട്ടന്റെ അധീനതയിലുള്ള ഫോക്ലാൻഡ് ദ്വീപിനുവേണ്ടി 1982ൽ ബ്രിട്ടനും അർജന്റീനയുമായി ഉണ്ടായ യുദ്ധം മാർഗരറ്റ് താച്ചറുടെ മീഡിയാ മാനേജ്മെന്റിന്റെ മികച്ച വിജയം കൂടിയായിരുന്നു. യുദ്ധത്തിനിടെ നടത്തിയ പത്രസമ്മേളനങ്ങളും ടെലിവിഷൻ ഇന്റർവ്യൂകളും താച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫ് ഉയർത്തി. യുദ്ധം കഴിഞ്ഞതോടുകൂടി അവർ ശരിക്കും ഉരുക്കുവനിതയായി.
1984ൽ കൺസർവേറ്റീവ് പാർട്ടിയുടെ സമ്മേളനത്തിന്റെ ഭാഗമായി താച്ചർ താമസിച്ച ഹോട്ടൽ മുറി ഐറിഷ് റിപ്പബ്ലിക്കൻ ആർമി ബോംബ് വച്ച് തകർത്തു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട മാർഗരറ്റ് താച്ചർ മണിക്കൂറുകൾക്കകം പത്രസമ്മേളനം വിളിച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ സമ്മേളനം തുടരുമെന്നും തീവ്രവാദം തോൽക്കുമെന്നും പറഞ്ഞു. ഉരുക്കിന്റെ കരുത്ത് ജനം കണ്ട പത്രസമ്മേളനമായിരുന്നു അത്. സംഘർഷഭരിതമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴാണ് ജനങ്ങൾ ഒരു നേതാവിനെ അന്വേഷിക്കുന്നത്. നേതാവിന്റെ സാമീപ്യംപോലും ആഗ്രഹിക്കും. ഈ സാമീപ്യത്തെ പ്രതിനിധാനപരമായി ആവിഷ്കരിക്കാൻ ടെലിവിഷന് കഴിയും. ക്രൈസിസ് പിആറിന്റെ മികച്ച കാഴ്ചകൾ ടെലിവിഷൻകാലത്ത് ലോകം ആദ്യം കാണുന്നത് മാർഗരറ്റ് താച്ചറിലൂടെയാണ്. വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയെ തോൽപ്പിച്ചത് വിയറ്റ്നാമല്ല, അമേരിക്കൻ ടെലിവിഷനാണ് എന്ന് പറയുന്നവരുണ്ട്. ജോർജ് ബുഷ് ഒന്നാമന്റെ ഇമേജ് നിർമിക്കുന്നതിലും ഗൾഫ് യുദ്ധവാർത്തകളും പങ്കുവഹിക്കുന്നുണ്ട്.
പൊളിറ്റിക്കൽ തിയറ്റർ
പത്രങ്ങൾ മാത്രം ഉണ്ടായിരുന്ന ഒരു കാലത്തുനിന്നു വ്യത്യസ്തമാണ് ടെലിവിഷൻ കാലത്തെ രാഷ്ട്രീയം. മലയാളത്തിലെ ടെലിവിഷന്റെ കടന്നുവരവും ചില നേതാക്കളുടെ പതനവും ഒരുമിച്ചാണ് സംഭവിക്കുന്നത്. ഒപ്പം, പുതിയ താരോദയങ്ങളും സംഭവിക്കുന്നു. കെ. കരുണാകരൻ എന്ന കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും വലിയ അതികായന്റെ ഗ്രാഫ് ടെലിവിഷന്റെ കടന്നുവരവോടുകൂടി താഴേക്കു പോയി. പത്രങ്ങൾ വളരെ ഗൗരവമുള്ള ആഖ്യാനമാക്കി നിർമിച്ച രാഷ്ട്രീയത്തെ ടെലിവിഷൻ എന്റർടൈനറാക്കി. കേരളത്തിലെ മിക്ക നേതാക്കൾക്കും മിമിക്രി പതിപ്പുകളുണ്ടായി. ഏഷ്യാനെറ്റിലെ സിനിമാല പോലുള്ള പരിപാടികൾ ഉദാഹരണം. കൗശലക്കാരൻ, പുത്രവാത്സല്യം നിറഞ്ഞ പിതാവ് ഇങ്ങനെയുള്ള സ്റ്റീരിയോ ടൈപ്പായി കരുണാകരൻ ടെലിവിഷൻ പൊളിറ്റിക്കൽ എന്റർടൈൻമെന്റ് പരിപാടികളിലും രാഷ്ട്രീയ അനുകരണങ്ങളിലും ആവർത്തിച്ച് അവതരിപ്പിക്കപ്പെട്ടു. അതേസമയം ഇ.കെ. നായനാർ ടെലിവിഷനെ സമർഥമായി ഉപയോഗിച്ചു. നായനാരുടെ, മുഖ്യമന്ത്രിയോട് ചോദിക്കാം പരിപാടി മികച്ച എന്റർടൈനർ കൂടിയായിരുന്നു. ചാനൽ ചർച്ചകളിലൂടെ കുടുംബപ്രേക്ഷകർക്ക് ചിരപരിചിതനായ എം.ഐ. ഷാനവാസ് വയനാട്ടിൽ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചപ്പോൾ കേരളത്തിലെ ടെലിവിഷന്റെ ശക്തികൂടിയാണ് തെളിഞ്ഞത്. ജയിച്ച ഷാനവാസ് കേരളത്തിലെ മാധ്യമങ്ങളോടാണ് ആദ്യം നന്ദിപറഞ്ഞത്. കേരളത്തിലെ മൂന്ന് പ്രധാന രാഷ്ട്രീയ ചേരികളിലെയും ശ്രദ്ധേയരായ പല യുവനേതാക്കളും ശ്രദ്ധിക്കപ്പെട്ടത് ചാനൽ ചർച്ചകളിലൂടെയായിരുന്നു. വി.എസ്. അച്യുതാനന്ദന്റെ മൂന്നാർ ഓപ്പറേഷൻ കേരളത്തിലെ ടെലിവിഷൻ കവറേജിന്റെ ചരിത്രത്തിലെ മറ്റൊരു ഹൈലൈറ്റായിരുന്നു.
അടി-തട
അടി-തടയൽ-തിരിച്ചടി ഇങ്ങനെ മുന്നേറുന്ന അഭ്യാസമാണ് ടെലിവിഷൻ ചർച്ചകൾ. അനുകൂലിക്കുന്നവർ, എതിർക്കുന്നവർ, വിദഗ്ധൻ ഇതിനിടയിൽ ജനവികാരത്തെ ആവേശകരവും ഉദ്വേഗം ജനിപ്പിക്കുന്നരീതിയിലും കൈകാര്യം ചെയ്യുന്ന മധ്യസ്ഥൻ-അവതാരകൻ. ആദ്യത്തെയും അവസാനത്തെയും വിധിപ്രസ്താവം അയാൾക്ക് മാത്രം അവകാശപ്പെട്ടതുമാകുന്നു. ചർച്ച എങ്ങനെ പോയാലും മുൻകൂട്ടി തയാറാക്കിവച്ച സ്ക്രിപ്റ്റ് അനുസരിച്ചുള്ള വിധിപ്രസ്താവത്തിൽ മാറ്റമുണ്ടാവില്ല. വസ്തുനിഷ്ഠത, നിഷ്പക്ഷത, പ്രതിബദ്ധത ഇവയെല്ലാം ടെലിവിഷനിൽ ഒരു പ്രതീതി മാത്രമാണ്. അവധാനതയോടെയുള്ള മറുപടിയല്ല. എതിരാളിയെ നിഷ്പ്രഭനാക്കുന്ന വാക്ചാതുര്യമാണ് ടെലിവിഷൻ ഡിബേറ്ററുടെ കരുത്ത്. അയാളുടെ വാക്ക് അയാളുടെ നിലപാടാണെന്ന തെറ്റിദ്ധാരണ പൊതുവേ കാഴ്ചക്കാർക്കിടയിൽ ഉണ്ടാകും. ടെലിവിഷനിൽ നടക്കുന്നതെല്ലാം സ്റ്റാർട്ട് -ആക്ഷൻ - കട്ട് ഇടയിലുള്ള പെർഫോമൻസാണെന്ന അടിസ്ഥാന ധാരണ നമുക്കുണ്ടാവണം. സ്ത്രീപീഡകർക്കുനേരെ സ്ക്രീനിൽ തീതുപ്പിയ അവതാരകർ പിന്നീട് സമാനമായ കേസുകളിൽ അകപ്പെടുന്നത് കണ്ടു. ഡിബേറ്റർമാരും അങ്ങനെയാണ്. അവർ ആദർശത്തിന്റെയും നേതൃപാടവത്തിന്റെയും അവതാരങ്ങളാണെന്ന പ്രതീതി പെട്ടെന്ന് രൂപപ്പെടും. വാക്ചാതുരിയും ആകാരസൗഷ്ഠവവും നേതൃഗുണത്തിന്റെ ഒരു ഭാഗം മാത്രമാണ്. ചാനൽ ചർച്ചകളിലൂടെ, വിളയാതെ പഴുത്ത നേതാക്കൾ മൂക്കുകുത്തി വീഴുന്നത് നാം കാണുന്നു. സ്ക്രീനിലെ ഗോപുരങ്ങൾ നിലത്തുവീണ് ഉടയുന്ന ഞെട്ടലിലാണ് കാഴ്ചക്കാരും.
അജൻഡകളാണ് ആദ്യം നിർമിക്കപ്പെടുന്നത്. അജൻഡകൾക്കനുസരച്ച് ദൃശ്യങ്ങളും ആഖ്യാനങ്ങളും റിപ്പോർട്ടുകളും. പ്രേക്ഷകർ എന്തു കാണണമെന്ന് മാധ്യമങ്ങൾ തീരുമാനിക്കുന്നു. ഇതാണ് അജൻഡ സെറ്റിംഗ്. എങ്ങനെ കാണണമെന്നും തീരുമാനിക്കുന്നു. ഇതാണ് ഫ്രെയിമിംഗ്. മാധ്യമരംഗത്ത് മുതൽ മുടക്കിയ മുതലാളിമാർ, പരസ്യദാതാക്കൾ, ഗവൺമെന്റ് ഇങ്ങനെ പല ഏജൻസികളുടെയും താത്പര്യങ്ങളിലൂടെയും അരിച്ചു വരുന്നതാണ് ഓരോ വാർത്തയും. എല്ലായിടത്തേതുമെന്നപോലെ അജൻഡകളും ഫ്രെയ്മിംഗും കൃത്യമായ രാഷ്ട്രീയവും രാഷ്ട്രീയവിരോധവും കേരളത്തിലെ ദൃശ്യമാധ്യമങ്ങൾക്കുമുണ്ട്.
പക്ഷേ, നിങ്ങളൊക്കെ ആരാ...? കടക്കൂ പുറത്ത്... എന്നൊക്കെ പറയുമ്പോൾ കാണുന്ന ഫ്രെയ്മിൽ പറയുന്നയാളിന്റെ മുഖത്തിന്റെ സമീപദ്യശ്യമാണ്. കാമറക്കണ്ണുകളുടെ വിപുലീകരണമാണ്. ജനങ്ങളുടെ കണ്ണുകളിൽ നോക്കിയാണ് നേതാക്കളുടെ രോഷപ്രകടനങ്ങൾ. അവരുടെ മുഖപേശികൾ വലിഞ്ഞുമുറക്കുന്നതും ഞരമ്പുകളിൽ തീ പിടിക്കുന്നതും കാണാം. അത്രത്തോളം എക്സ്ട്രീം ക്ലോസപ്പാണ് ദൃശ്യങ്ങൾ. കരുതൽ നല്ലതാണ്.
സൈൻ-ഓഫ്
ഇരുപത്തിനാലു മണിക്കൂറും കൊച്ചുകേരളത്തിൽനിന്നും വാർത്ത ശേഖരിക്കുവാനുള്ള ടാർഗറ്റുമായി നടക്കുന്ന മാധ്യമപ്രവർത്തകരെ വന്ദിച്ചില്ലെങ്കിലും...
കോവിഡ് വാർത്താസമ്മേളനം
താച്ചറെപ്പോലും മറികടക്കുന്ന മീഡിയ മാനേജ്മെന്റിന് കോവിഡ് കാലത്ത് കേരളം സാക്ഷ്യംവഹിച്ചു. കോവിഡ് ജീവഭയം വിതയ്ക്കുന്ന നാളുകളിൽ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനങ്ങൾ പിണറായി വിജയൻ എന്ന നേതാവിന്റെ ജനപ്രീതി വർധിപ്പിക്കുന്നതിൽ പങ്കുവഹിച്ചു.
വൈകുന്നേരം അഞ്ചുവരെ മുഖ്യമന്ത്രിയെ പ്രതീക്ഷിച്ച് ജനം കാത്തിരുന്നു. തങ്ങളുടെ എത്രത്തോളം അടുത്ത് കോവിഡെത്തിയെന്ന് ജനത്തിന് അറിയണമായിരുന്നു. അതിന് ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ, മുഖ്യമന്ത്രിയുടെ വാർത്താസമ്മേനം. വൈകുന്നേരം വരെ കണക്കുകൾ ചോരാതെ കരുതിവച്ചു.
മുഖ്യമന്ത്രി ജില്ല തിരിച്ചുള്ള കോവിഡ് സസ്പെൻസ് പൊളിച്ചാലും ടിവി യുടെ മുമ്പിൽനിന്ന് ജനം പിരിഞ്ഞുപോയില്ല. ജീവഭയത്തേക്കാൾ വലിയ ഭയമുണ്ടോ? ദൈർഘ്യമേറിയ ഈ വാർത്താസമ്മേളനങ്ങൾ കൊമേഴ്സ്യൽ ബ്രേക്ക് പോലുമില്ലാതെ പൂർണമായി ചാനലുകൾ സംപ്രേഷണം ചെയ്തു. മുഖ്യമന്ത്രിക്ക് സാധാരണ ലഭിക്കുന്നതിനേക്കാൾ വളരെയേറെ സ്ക്രീൻ ടൈം അതും പ്രൈമിൽതന്നെ കിട്ടി . എന്നാൽ നാളെ കാണാം എന്നുപറഞ്ഞ് മുഖ്യമന്ത്രി കസേരയിൽനിന്ന് എഴുന്നേറ്റപ്പോൾ മാത്രം കേരളം ടിവിയുടെ മുമ്പിൽനിന്ന് എഴുന്നേറ്റു.
ലക്ഷക്കണക്കിന് ആളുകളാണ് പത്രസമ്മേളനം കാണാനായി ടിവിക്ക് മുമ്പിൽ ഇരുന്നത്. അരക്ഷിതവും ഭീതിദവുമായ അവസ്ഥയിൽ കഴിയുന്ന ജനങ്ങൾക്ക് ധൈര്യവും ആത്മവിശ്വാസവും നൽകുന്ന ഭാഷയും ശരീരഭാഷയുമായിരുന്നു മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിലേത്. ഒരു രക്ഷാകർത്താവിന്റെയോ വീട്ടുകാരണവരുടെയോ ഭാഷയിലായിരുന്നു. ടിവിക്ക് മറ്റൊരു ഗുണംകൂടിയുണ്ട്. അതിന്റെ സ്ഥാനമാണത്. വീട്ടിനുള്ളിലാണ് അത്. ആവർത്തിച്ചുവരുന്ന മുഖങ്ങൾ വീടിനുള്ളിലെ അംഗങ്ങളെപ്പോലെയാകും.
കേരളപാണിനി പറയുന്ന നിയോജകപ്രകാരം, വിധായകപ്രകാരം എന്നിവയിൽ അവസാനിക്കുന്ന ക്രിയകളായിരുന്നു പത്രസമ്മേളനത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചത്. അട്ടേ, അണം എന്നിവയാണ് യഥാക്രമം നിയോജക, വിധായക പ്രകാരങ്ങളുടെ പ്രത്യയങ്ങൾ. സാധാരണ മുതിർന്നവർ പ്രായം കുറഞ്ഞവരോട് സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷാശൈലിയാണിത്. ഒരു രക്ഷാകർതൃ പ്രതീതി നിർമിക്കുന്നതിൽ പത്രസമ്മേളനങ്ങൾക്കും അതിന്റെ ഭാഷാശൈലിക്കും സാധിച്ചു. രണ്ടാം പിണറായി സർക്കാരിലേക്ക് എത്തിയ കാരണങ്ങളിൽ ഒന്ന് പത്രസമ്മേളനങ്ങളും സ്ക്രീൻ പ്രസൻസുമായിരുന്നു.
സാധാരണ പത്രസമ്മേളനങ്ങളിൽ രാഷ്ട്രീയം പറയുന്ന പിണറായി വിജയൻ കോവിഡ് കാലത്തെ പത്രസമ്മേളനങ്ങളിൽ രാഷ്ട്രീയം പരമാവധി കുറച്ചു. മറുവശത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർത്താസമ്മേളനങ്ങളിൽ അദ്ദേഹം രാഷ്ട്രീയം പറഞ്ഞു. പുര കത്തുമ്പോൾ വാഴ വെട്ടുന്നു എന്ന ആഖ്യാനം സോഷ്യൽ മീഡിയാ ഹാൻഡിലുകൾ ഏറ്റെടുത്തു. ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന കെ.കെ. ശൈലജ ടീച്ചറിന്റെ വാർത്താസമ്മേളനങ്ങൾക്ക് ലഭിച്ച അസാമാന്യമായ ജനപ്രീതിയാണ് പിന്നീട് മുഖ്യമന്ത്രിയുടെ പിആർ ഗ്രൂപ്പിനെ ആ വഴി ചിന്തിക്കാൻ പ്രേരിപ്പിച്ചതെതെന്ന് തോന്നുന്നു.
വാർത്താസമ്മേളനങ്ങളിലൂടെ ശൈലജ ടീച്ചർ, ടീച്ചറമ്മയായി. കോവിഡ് കാലത്തെ വാർത്താ സമ്മേളനങ്ങൾ കഴിയുമ്പോൾ ആ അമ്മയ്ക്കും മുകളിൽ മുഖ്യമന്ത്രിയുടെ രക്ഷാകർതൃത്വം വളർന്നുപന്തലിച്ചു. സംഘർഷഭരിതമായ ഒരു കാലത്ത് ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നത് ചെറിയ കാര്യമല്ല. ഭരണാധികാരിയെന്ന നിലയിൽ വിവരങ്ങൾ ഉചിതമായ ഭാഷയിൽ ജനങ്ങളിൽ എത്തിക്കുക എന്നത് ഒരു കലയാണ്. ടെലിവിഷൻ ക്ലോസപ്പിലൂടെ ജനങ്ങൾ ഒരു രക്ഷാകർത്താവിനെ കണ്ടു. കടക്കു പുറത്ത് എന്ന് ആക്രോശിക്കുന്നതും അതേ കാമറക്കണ്ണിലൂടെ കണ്ടു.