കാലഘട്ടത്തിന്റെ അനിവാര്യത
സിസ്റ്റർ ഗ്ലോറി സിഎംസി
Thursday, August 28, 2025 10:36 PM IST
രോഗാതുരമായ ആധുനികലോകത്തിനു സിദ്ധൗഷധം - എവുപ്രാസ്യമ്മയെ അങ്ങനെ വിശേഷിപ്പിക്കാം. മൂല്യസങ്കൽപ്പങ്ങളും ആദർശജീവിതവും അന്യംനിന്നു പോയിരിക്കുന്ന സമകാലിക ലോകത്തിൽ സന്പത്തിനും സ്ഥാനമാനങ്ങൾക്കുംവേണ്ടി തട്ടിപ്പും കുതികാൽ വെട്ടുമൊക്കെ നന്മയുടെ മൂടുപടമണിഞ്ഞു മുന്നേറുന്പോൾ, യഥാർഥ ലക്ഷ്യസ്ഥാനത്തേക്ക് ഒരു ചൂണ്ടുപലക - അതാണ് എവുപ്രാസ്യാമ്മ. സഭയിലും സമുദായത്തിലും രാഷ്ട്രത്തിലും എന്നുവേണ്ട എവിടെയും അഴിയാക്കുരുക്കുകൾ. പ്രശ്നങ്ങളുടെ നൂലാമാലകളിൽപ്പെട്ടു നട്ടംതിരിയുന്പോൾ പരസ്പരം ചെളിവാരിയെറിഞ്ഞു കൂടുതൽ വഷളാക്കാതെ എന്താണു പരിഹാരമാർഗം, എവിടെയാണു രക്ഷാകവാടം എന്നൊക്കെ പരതുന്പോൾ നാം എത്തിനിൽക്കുന്ന ഒരു പച്ചത്തുരുത്ത് - അതാണ് പ്രാർഥിക്കുന്ന അമ്മ എന്നറിയപ്പെടുന്ന ഈ വിശുദ്ധ.
“നീ സമർപ്പണജീവിതത്തിനാണോ വിളിക്കപ്പെട്ടിരിക്കുന്നത്? സന്തോഷത്തോടെ സമർപ്പണം ജീവിച്ചുകൊണ്ടു വിശുദ്ധിയുള്ള വ്യക്തിയായിരിക്കുക” എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾക്ക് പാപ്പായുടെ കാലത്തിനു മുന്പേ ജീവിതസാക്ഷ്യം നൽകിയവൾ. എങ്ങും തിന്മകളുടെ മേൽക്കോയ്മ കാണുന്ന മനുഷ്യപ്രകൃതിക്കുമേൽ നന്മയുടെ കിരണങ്ങൾ കണ്ടു മുന്നേറാൻ അവൾ പഠിപ്പിച്ചു. എല്ലാറ്റിനും മീതെ യേശുവിനെ സ്നേഹവിഷയമാക്കാനും ഈ സ്നേഹവിഷയത്തിന്റെ മനുഷ്യാവതാരങ്ങളായി സഹജീവികളെ സ്വന്തമായി കരുതാനും സ്വന്തം ആവശ്യങ്ങൾക്കപ്പുറം മറ്റുള്ളവരുടെ ആവശ്യങ്ങൾ തിരുസന്നിധിയിൽ ഉണർത്തിച്ച് അവയ്ക്കായി സാധ്യതയുടെ വാതിൽ മുട്ടിത്തുറക്കാനും ദരിദ്രരോടും രോഗികളോടും പാപികളോടും പക്ഷം ചേർന്ന് അവരെ കൈ കൊടുത്തുയർത്താനും അമ്മയ്ക്കു കഴിഞ്ഞു.
75 വർഷക്കാലം ഈ ഭൂമിയിൽ ജീവിച്ച ആ സുകൃതിനി കാലത്തിന്റെ നാഴികക്കല്ലുകൾ താണ്ടിയത് അനേകർക്കു സമാധാനത്തിന്റെ പച്ചത്തുരുത്തു കാണിച്ചുകൊണ്ടാണ്. 1877ൽ ജനിച്ച് 1952 ഓഗസ്റ്റ് 29ന് ഇഹലോകവാസം വെടിയുന്പോഴേക്കും അവൾ നടന്നു തീർത്തതത്രയും വിശുദ്ധിയുടെ വഴിത്താരകളായി മാറിയിരുന്നു. സക്രാരിയുടെ കാവൽക്കാരിയായി കർത്താവിൽനിന്ന് ആവാഹിച്ചെടുത്ത അനുഗ്രഹധാരകൾ സഹജരിലേക്കു പകർന്ന് അവൾ സമർപ്പിതർക്കു വഴികാട്ടിയായി. വൈദികരുടെയും സന്യസ്ത്യരുടെയും ജീവിതങ്ങൾക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തി, സഭയുടെ നിലനിൽപിനുതന്നെ ഭീഷണിയാകുന്ന കാപാലികർ ഉറഞ്ഞുതുള്ളുന്പോൾ ഈ ലോകത്തിന്റെ യുദ്ധമുഖത്ത് അടരാടാൻ ജപമാലയും കുരിശുമാകുന്ന ആയുധദ്വയങ്ങൾ അമ്മ കാണിച്ചുതന്നു.
പ്രാർഥനയുടെ പ്രേഷിതയ്ക്ക് പരഹൃദയജ്ഞാനവും
എവുപ്രാസ്യമ്മയുടെ ജീവിതംതന്നെ പ്രാർഥനയായിരുന്നു. പ്രാർഥന പ്രവർത്തനത്തിലേക്കും പ്രവർത്തനം അനുഭവത്തിലേക്കും അനുഭവം ജീവിതത്തിലേക്കും എത്തിച്ചേരണമെന്നായിരുന്നു പ്രാർഥനയെക്കുറിച്ച് അമ്മയുടെ പ്രത്യേക ദർശനം. ഈ കാഴ്ചപ്പാടിന്റെ ചുവടുപിടിച്ചാണ് അവൾ പ്രാർഥന ജീവിതമാക്കിയതും ജീവിതം പ്രാർഥനയാക്കിയതും. പ്രാർഥനയുടെ ഈ പ്രേഷിതയ്ക്ക് ഇത് സ്വന്തം കാര്യലാഭത്തിനുവേണ്ടിയുള്ളതായിരുന്നില്ല. അന്യരുടെ വേദനകൾ കണ്ടറിഞ്ഞ് അതിനു പരിഹാരം കണ്ടെത്താൻ പ്രാർഥന എന്ന ഒറ്റമൂലി പ്രയോഗിച്ച അമ്മ ദൈവത്തിലേക്കും സഹോദരങ്ങളിലേക്കും എപ്പോഴും സമദൂരം സൂക്ഷിച്ച സ്നേഹോപാസകയായി. ദൈവത്തിലേക്കു കണ്ണുനട്ട് ശ്വാസനിശ്വാസങ്ങൾപോലും പ്രാർഥനാമന്ത്രങ്ങളാക്കിയ അമ്മയുടെ ഓരോ ചലനവഴികളിലും സഹോദരസ്നേഹപ്രവാഹം ചാലുകൾ തീർത്തു സമർപ്പിതജീവിതത്തെ അർഥവത്താക്കി.
ജീവിതകാലത്തുതന്നെ ആബാലവൃദ്ധം ജനങ്ങൾ പ്രാർഥനാനിയോഗങ്ങളുമായി അമ്മയെ സമീപിച്ചു. സ്കൂൾകുട്ടികൾ പരീക്ഷാവിജയത്തിന്, അമ്മമാർ കുഞ്ഞുങ്ങളെ അനുഗ്രഹിക്കുന്നതിന്, അവരെ നേർവഴിക്കുള്ള മാർഗം പഠിപ്പിക്കുന്നതിന്, യുവതീയുവാക്കൾ വിവാഹതടസം നീങ്ങുന്നതിന് ഇങ്ങനെ ആ നിര നീളുന്നു. എല്ലാവരുടെയും വിഷമതകൾ സ്വന്തമായി ഏറ്റെടുത്ത് പ്രാർഥിച്ച അമ്മയ്ക്കു പലരുടെയും മനസ് വായിച്ചെടുക്കാനുള്ള പരഹൃദയജ്ഞാനവും ഉണ്ടായിരുന്നു എന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. സ്വത്തുതർക്കം, കുടുംബവഴക്ക് തുടങ്ങിയ പ്രശ്നങ്ങളുമായും അനേകർ കടന്നുവന്നിരുന്നു. സ്വഭാവ വൈകൃതങ്ങളുടെ കെട്ടുപാടുകളിൽനിന്നു മോചിപ്പിക്കാൻ കൗമാരക്കാരെയും യുവാക്കളെയുമായി നാനാജാതി മതസ്ഥരായ മാതാപിതാക്കൾ കാത്തുനിന്നു. എല്ലാവരെയും ആശ്വസിപ്പിക്കാനും ചില കൊച്ചുപ്രാർഥനകൾ തന്റെതന്നെ കൈപ്പടയിൽ എഴുതിക്കൊടുക്കാനും അമ്മ സമയം കണ്ടെത്തി. തുടർന്ന് തന്റെ കർത്താവിന്റെ അടുക്കൽ മധ്യസ്ഥപ്രാർഥനയുടെ കെട്ടുകളഴിച്ച് അമ്മ തപസിരുന്നു.
ലാളിത്യത്തിന്റെ പാഠശാല
വിശുദ്ധ ജോണ്പോൾ രണ്ടാമൻ പാപ്പ പറഞ്ഞതുപോലെ “സന്പാദിച്ചു കൂട്ടാനും സുഖാസക്തരായിരിക്കാനും അടക്കിഭരിക്കാനുമുള്ള ദാഹത്തിന്റെ മറുമരുന്ന് കൃപാവരത്താലും ദൈവസ്നേഹത്താലും താങ്ങിനിർത്തപ്പെടുന്ന ആത്മനിയന്ത്രണത്തിലാണുള്ളത്” എന്ന് വിശുദ്ധ എവുപ്രാസ്യമ്മ വിശ്വസിച്ചു. സ്വാദിഷ്ടഭോജ്യങ്ങൾ ലഭിക്കുന്പോൾ അതൊന്നും സ്വയം ആസ്വദിക്കാതെ മറ്റുള്ളവർക്കു നൽകിയിരുന്ന ഈ സുകൃതിനിയുടെ ഉപയോഗസാധനങ്ങളിലും ഇടപെടലുകളിലും വാക്കിലും പ്രവൃത്തിയിലുമെല്ലാം ലാളിത്യത്തിന്റെ സുന്ദരശൈലി നിറഞ്ഞുനിന്നിരുന്നു. “മറ്റുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായി കരുതണം” എന്ന തിരുവചനത്തിന് അമ്മ ജീവിതംകൊണ്ട് അർഥമേകി. ഉപയോഗസാധനങ്ങളിൽ ഏറ്റവും ലളിതമായതു തെരഞ്ഞെടുത്തും വസ്ത്രങ്ങൾ കീറിയാൽ സ്വയം തുന്നിയും മറ്റുള്ളവർക്ക് ആവശ്യമുള്ളപ്പോൾ തുന്നിക്കൊടുത്തും അമ്മ ദാരിദ്ര്യവ്രതപാലനത്തിനു കൂടുതൽ മിഴിവേകി. സഹസന്യാസിനികൾക്കു മാത്രമല്ല ആശ്രമ ശുശ്രൂഷികൾക്കും ഇപ്രകാരം സഹായഹസ്തം നീട്ടിയത് ഇന്നത്തെ "വലിച്ചെറിയൽ സംസ്കാര'ത്തിന്റെ ഇരകളായിട്ടുള്ളവർക്ക് മനസിലാക്കാൻപോലും സാധ്യമല്ലല്ലോ.
പാവങ്ങളോട് പക്ഷം; സഹിക്കുന്നവർക്ക് കൈത്താങ്ങ്
കുബേരകുടുംബത്തിൽ ജനിച്ചെങ്കിലും വളർച്ചയുടെ വഴികളിൽ കർത്താവിന്റെ വിളികേട്ടു പ്രത്യുത്തരിച്ച് സന്യാസജീവിതം വരിച്ച എവുപ്രാസ്യമ്മയ്ക്കു പിന്നീട് തകർന്നു തരിപ്പണമായ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ നന്നായി അറിയാമായിരുന്നു. വേദനിക്കുന്ന സഹജരുടെ നേരേയും ആ കരുണാർദ്ര സ്നേഹം പെയ്തിറങ്ങിയിരുന്നു. സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടും സമൂഹം ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും കഴിയുന്ന വ്യക്തികളെ കണ്ടെത്തി അവർക്കു സാഹോദര്യത്തിന്റെ സാന്ത്വനം പകർന്ന് ദൈവാനുഭവത്തിലേക്ക് അവരെ എത്തിക്കാൻ അമ്മയ്ക്കു കഴിഞ്ഞു.
ഏതുവിധേനയും ധനം സന്പാദിക്കാനും ഏറ്റവും മുന്തിയ സുഖഭോഗങ്ങളിൽ രമിക്കാനും വെന്പൽകൊള്ളുന്ന ആധുനിക തലമുറയ്ക്കു മുന്നിൽ തിരുത്തൽ ശക്തിയാണ് എവുപ്രാസ്യമ്മ. “പണത്തിൽ കുറഞ്ഞാലും പുണ്യത്തിൽ കുറയരുത്” എന്ന സുകൃതസൂക്തം വഴി ഉപഭോഗ സംസ്കാരത്തിനു വെല്ലുവിളിയായി തീർന്നവൾ. മരണാസന്നരുടെ അടുക്കൽ ദീർഘസമയമിരുന്ന് ആശ്വസിപ്പിച്ച് അവരെ മരണത്തിന് ഒരുക്കിയിരുന്ന അമ്മയ്ക്ക് അതും ഒരു ശുശ്രൂഷാ മേഖലയായിരുന്നു. സ്നേഹത്തിന്റെയും കരുണയുടെയും സുന്ദരമുഖവുമായി അവിടെയും അവൾ യേശുവിനു പകരക്കാരിയായി. കോളറ പിടിപെട്ട ഒരു സഹോദരിയെ അവളുടെ സർവ വിസർജ്യങ്ങളും അപ്പഴപ്പോൾ എടുത്തുമാറ്റി വൃത്തിയാക്കി ദിവസങ്ങൾ സ്വയം ശുശ്രൂഷിച്ചു നല്ല മരണത്തിനൊരുക്കിയ എവുപ്രാസ്യമ്മ ഈ അശരണരിലെല്ലാം ഈശോയെ കണ്ടപ്പോൾ ദുർഗന്ധം ഒന്നും ഒരു തടസമായില്ല. മറ്റുള്ളവരെ നേടുന്നതിനായി എത്ര ചെറുതാകാനും ആരുടെയും കാലുപിടിക്കാനും കഴിയുന്ന അത്രമാത്രം എളിമയുടെ നിറകുടമായിരുന്നു ഈ കന്യക.
19-ാംനൂറ്റാണ്ടിനെയും 20-ാം നൂറ്റാണ്ടിനെയും വിശുദ്ധീകരിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ചൂഴ്ന്നുനിൽക്കുന്ന വിശുദ്ധിയുടെ കിരണങ്ങൾ ഇന്നു ജനസഹസ്രങ്ങൾ ഏറ്റുവാങ്ങുന്നു. കർമല മഠത്തിന്റെ ആവൃതിയിൽ ഒതുങ്ങി, വിശുദ്ധ ജീവിതം നയിച്ച എവുപ്രാസ്യമ്മയുടെ വിശുദ്ധ വ്യക്തിപ്രഭാവത്തിനു മുന്നിൽ ജനസഹസ്രങ്ങൾ കുന്പിടുന്പോൾ സഭാ മാതാവിനു മഹത്വമുണ്ടാകുന്നു. കേൾക്കാം, സ്വീകരിക്കാം, സുകൃതവഴികളിലൂടെ നമുക്കും ഈ അമ്മയെ അനുയാത്ര ചെയ്യാം.