ഷാങ്ഹായ് ഉച്ചകോടിയില്‍ ത്രിമൂര്‍ത്തി സഖ്യമോ?
അഡ്വ. വി.സി. സെബാസ്റ്റ്യന്‍
Saturday, August 30, 2025 2:56 AM IST
ഇന്ത്യയും റഷ്യയും ചൈനയും ഉള്‍പ്പെടെ പത്തു രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ വാര്‍ഷിക ഉച്ചകോടി നാളെയും തിങ്കളാഴ്ചയുമായി ചൈനയുടെ ആതിഥേയത്തില്‍ ടിയാന്‍ജിനില്‍ നടക്കുകയാണ്. അംഗങ്ങളും അതിഥികളുമായി ഇരുപതില്പരം രാജ്യങ്ങള്‍ ഉച്ചകോടിയുടെ ഭാഗമാകും. സംഘടനയുടെ 25-ാം ഉച്ചകോടിയുടെയുമാണിത്. രാഷ്ട്രീയം, സാമ്പത്തികം, രാജ്യാന്തര സുരക്ഷ എന്നിവയാണ് ഉച്ചകോടിയുടെ മുഖ്യവിഷയങ്ങള്‍.
നിര്‍ണായക തീരുമാനങ്ങള്‍
ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലീ ഡല്‍ഹിയില്‍ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷാങ്ഹായ് ഉച്ചകോടിയിലേയക്ക് ക്ഷണിച്ചിരിക്കുന്നത്. ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി പ്രത്യേകം ചര്‍ച്ച നടത്തുമെന്ന് നരേന്ദ്ര മോദി ഇതിനോടകം പ്രഖ്യാപിച്ചിട്ടുമുണ്ട്. 2024ല്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇരുനേതാക്കളും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകള്‍ നേട്ടമായിരുന്നു. ഉച്ചകോടിക്കു മുമ്പുതന്നെ ചൈനയ്ക്കും ഇന്ത്യക്കും ഇടയില്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനും യാത്രക്കാർക്കും ബിസിനസുകാർക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള വീസ എളുപ്പത്തില്‍ ലഭ്യമാക്കാനും ധാരണയായത് നേട്ടമാണ്. സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനുമായി നയതന്ത്ര, സൈനിക ചാനലുകള്‍ ശക്തിപ്പെടുത്താനും നടപടിയുണ്ടായി. ഈ അനുകൂല സാഹചര്യങ്ങള്‍ താത്കാലിക ക്രമീകരണങ്ങള്‍ മാത്രമാണ്.
അമേരിക്കയുടെ അടവുകള്‍
ഇന്ത്യയെ വെല്ലുവിളിക്കാനും വിരട്ടാനും അമേരിക്ക ബോധപൂര്‍വം പാക്കിസ്ഥാനുമായി സൗഹൃദം അടുത്ത നാളുകളില്‍ ഉയര്‍ത്തിക്കാട്ടുന്നു. പഹല്‍ഗാം ഭീകരാക്രമത്തിനുശേഷം ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ യുദ്ധം ഒഴിവാക്കി സമാധാനം സ്ഥാപിച്ചത് താനാണെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിപ്പറഞ്ഞിട്ടും വീണ്ടും പലവേദികളിലും ആവര്‍ത്തിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും അംഗങ്ങളായ രാജ്യാന്തര കൂട്ടായ്മകള്‍ വളരെ കുറവാണ്. സാര്‍ക്കില്‍ പാക്കിസ്ഥാനും ഇന്ത്യയും അംഗങ്ങളാണെങ്കിലും ഇന്ത്യയുടെ എതിര്‍പ്പുമൂലം സാര്ക്കിപ്പോള് നിര്‍ജീവമാണ്. സാര്‍ക്കിന് ബദലൊരുക്കാന്‍ ചൈന മുന്നോട്ടു വന്നിരിക്കുന്നുവെന്നതും പ്രത്യേകമായി കാണണം.
ആഗോളതലത്തില്‍ അനുദിനം ശക്തിപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയെ അമേരിക്ക ഇപ്പോൾ ഭയപ്പെടുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളിലൂടെ പത്തംഗ കൂട്ടായ്മയായി ബ്രിക്സ് വളരുകയും 40ല്‍പരം രാജ്യങ്ങള്‍ ബ്രിക്സില്‍ പങ്കാളിത്തത്തിനു ശ്രമിക്കുകയും ചെയ്യുമ്പോള്‍ ഏറ്റവും തിരിച്ചടി നേരിടുന്നത് അമേരിക്കയുടെ ആഗോള കച്ചവടത്തിനാണ്. അമേരിക്കയുടെ വ്യാപാരതീരുവയുദ്ധം തുടരുമ്പോള്‍ ബ്രിക്സ് രാജ്യങ്ങളായ ഇന്ത്യ-ചൈന-റഷ്യ പങ്കാളികളായ ഷാങ്ഹായ് ഉച്ചകോടി ഡോളറിനെ പുറന്തള്ളാന്‍ തീരുമാനിച്ചാല്‍ തിരിച്ചടി കൂടുതൽ നേരിടുന്നത് അമേരിക്കന്‍ സമ്പദ്ഘടനയ്ക്കാണ്.
ഇന്ത്യ-റഷ്യ ബന്ധം
ഇന്ത്യ-റഷ്യ-ചൈന സഹകരണത്തിന്റെ അനന്തസാധ്യതകളിലേക്ക് ഷാങ്ഹായ് ഉച്ചകോടി വിരല്‍ചൂണ്ടും. ഈ സഖ്യം നിലനിന്നാല്‍ അമേരിക്കന്‍ അപ്രമാദിത്വത്തിനും ജി7 അംഗരാജ്യങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന ആഗോള സാമ്പത്തിക വ്യാപാരകൂട്ടായ്മയായി മാറും.
റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ എതിര്‍ത്തുകൊണ്ടാണ് ട്രംപ് ഒരു സുപ്രഭാതത്തില്‍ ഇറക്കുമതിത്തീരുവ 50 ശതമാനമായി ഉയര്‍ത്തിയത്. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ അഞ്ചു ശതമാനം വിലക്കിഴിവ് നല്കി റഷ്യ തിരിച്ചടിച്ചതോടെ ട്രംപിന്റെ ആവേശം കുറഞ്ഞു. റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ ശുദ്ധീകരിച്ച് യൂറോപ്പ് ഉള്‍പ്പെടെയുള്ള വിപണിയിലേക്ക് ഇന്ത്യ മറിച്ചുവില്‍ക്കുന്നുവെന്ന അമേരിക്കന്‍ ആരോപണത്തെ ഇന്ത്യയും റഷ്യയും മുഖവിലയ്ക്കെടുത്തില്ല. മറിച്ച് ഇന്ത്യ-റഷ്യ ഊര്‍ജസഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യ-റഷ്യ നയതന്ത്രം കൂടുതല്‍ ആഴത്തിലാണിന്ന്. ഇതിന് തെളിവാണ് ഇന്ത്യയുടെ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിന് റഷ്യ നല്കിയ ഊഷ്മള വരവേല്‍പ്പും തുടര്‍ന്ന് നടന്ന മോദി-പുടിന് ടെലിഫോണ്‍ ചര്‍ച്ചകളും.
പ്രതീക്ഷകള്‍ വേണ്ട
ഇന്ത്യയെ എക്കാലവും ശത്രുപക്ഷത്തു നിന്ന് എതിര്‍ത്ത ചൈനയും നിരന്തര ഭീകരാക്രമണം അഴിച്ചുവിടുന്ന പാക്കിസ്ഥാനും ചൈനയുടെ ഔദാര്യം സ്വീകരിച്ചു കഴിയുന്ന ചെറുരാജ്യങ്ങളുമുള്ക്കൊള്ളുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷകള്‍ വേണ്ട. അതേസമയം, അമേരിക്കയുടെ വ്യാപരതീരുവയുദ്ധത്തിനും ലോകപോലീസായി സകലരെയും അടക്കിവാഴാമെന്ന അധികാര അഹങ്കാരത്തിനും മറുപടി അനിവാര്യമാണുതാനും.
ഇന്ത്യ-ചൈന-റഷ്യ അച്ചുതണ്ടുകള്‍ കരുത്താര്‍ജിച്ചാല്‍ അമേരിക്കയ്ക്ക് ശക്തമായ താക്കീതാകുമെങ്കിലും ഷാങ്ഹായ് കൂട്ടായ്മയുടെ ഭാവിയിലും ആശങ്കകളേറെയുണ്ട്. അമേരിക്കന്‍ അധിനിവേശത്തെ മറികടക്കാനുള്ള താത്കാലിക മറുമരുന്ന് എന്നതിലുപരി ഷാങ്ഹായ് ഉച്ചകോടിയെ ഇന്ത്യ മുഖവിലയ്ക്കെടുക്കുന്നതും അപകടമാണ്. അതേസമയം, അയല്‍രാജ്യങ്ങളെ പിണക്കാതെ കൂടെനിര്‍ത്തി നീങ്ങേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യവുമാണ്.
ചൈനയെ വിശ്വസിക്കാമോ?
ചൈനയെ ഇന്ത്യക്കു വിശ്വസിക്കാമോ എന്ന ചോദ്യം വിവിധ കോണുകളില്‍നിന്നുയരുന്നത് നിസാരവത്കരിക്കരുത്. കഴിഞ്ഞകാല അനുഭവങ്ങള്‍ ആ ദിശയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഇന്ത്യയിലെ അയല്‍രാജ്യങ്ങളിലെ ചൈനീസ് സ്വാധീനം ചെറുതൊന്നുമല്ല. ശ്രീലങ്ക കേന്ദ്രീകരിച്ച് ചൈന ലക്ഷ്യമിട്ടത് ഇന്ത്യയെയാണെങ്കിലും ആ രാജ്യത്തെ കടക്കെണിയിലാഴ്ത്തി വരുതിയിലാക്കി കൈവിടാനും ചൈന മടിച്ചില്ല.
ഇന്ത്യയുമായി 2009ല്‍ സ്വതന്ത്ര വ്യാപാരക്കരാറിലേര്‍പ്പെട്ട ആസിയാന്‍ രാജ്യങ്ങള്‍ പലതും ചൈനയുടെ ബിനാമികളാണ്. ഇന്ത്യയും ചൈനയുമായി സ്വതന്ത്രവ്യാപാരക്കരാറില്ല. അതേസമയം ഇന്ത്യന്‍ ആഭ്യന്തരവിപണിയുടെ 24 ശതമാനവും ചൈനീസ് ഉത്പന്നങ്ങളിന്ന് കൈയടക്കിയിരിക്കുന്നു. ഇതെങ്ങനെയെന്ന ചോദ്യത്തിന് ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ അനന്തരഫലമെന്നാണ് ഉത്തരം.
ഇന്ത്യയോടുള്ള സ്നേഹമല്ല, അമേരിക്കയോടുള്ള ചൈനയുടെ എതിര്‍പ്പാണ് ഇപ്പോഴുള്ള അടുപ്പത്തിന്റെയും ആത്മബന്ധത്തിന്റെയും പിന്നാമ്പുറം. അമേരിക്കയുടെ തീരുവയുദ്ധത്തില്‍ ഇരയായി എന്ന കാരണംകൊണ്ട് മറ്റു വാണിജ്യ പങ്കാളികളെ കണ്ടെത്തേണ്ടതും ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടതും ഇന്ത്യയുടെയും ആവശ്യമാണ്. പക്ഷേ ഇതു മനസിലാക്കി ചൈന മുതലെടുക്കാന്‍ ശ്രമിച്ചാല്‍ തടയിടാന്‍ ഇന്ത്യക്ക് സാധിക്കണം.
ഓപ്പറേഷന് സിന്ദൂറില്‍ ചൈനയില്‍നിന്നുള്ള പിന്തുണ പാക്കിസ്ഥാന് ലഭിച്ചുവെന്നുള്ളത് പകല്‍പോലെ വ്യക്തം. തകര്‍ന്ന സമ്പദ്വ്യവസ്ഥയില് നിലനില്പിനായി ആരെയും കൂട്ടുപിടക്കുന്ന ഗതികേടിലാണ് പട്ടാളവും മതവും നിയന്ത്രിക്കുന്ന പാക്കിസ്ഥാന് ഭരണകൂടമിന്ന്. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ ഷാങ്ഹായ് ഉച്ചകോടി പുറംമോടിക്കപ്പുറം ലക്ഷ്യം കാണുമോയെന്നതും സംശയമാണ്.
ഉച്ചകോടിക്ക് മുന്നൊരുക്കമായി 2025 ജൂണില്‍ നടന്ന ഷാങ്ഹായ് അംഗരാജ്യ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബലൂചിസ്താന്‍ വിഷയത്തോടൊപ്പം പഹല്‍ഗാം ഭീകരാക്രമണവും പരാമര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാതെ ഇന്ത്യ പിന്മാറിയിരുന്നു. പിന്നീട് പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ദ റസിസ്റ്റന്റ്സ് ഫ്രണ്ടിനെ അമേരിക്ക ഭീകരസംഘടനയായി മുദ്രകുത്തിയപ്പോള്‍ ഭീകരാക്രമണത്തെ അപലപിച്ച് പ്രസ്താനവയിറക്കാന് ചൈന നിര്‍ബന്ധിതമായി. ഈ പശ്ചാത്തലത്തില്‍ ഷാങ്ഹായ് ഉച്ചകോടിയില്‍ വ്യാപാരവിഷയങ്ങള്‍ പ്രാദേശിക സുരക്ഷ, അതിര്‍ത്തി പ്രശ്നങ്ങള്‍ എന്നിവയോടൊപ്പം ഭീകരവാദവും ചര്‍ച്ച ചെയ്യണമെന്ന നിലപാട് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകും.