കോടതിവിധികളെക്കുറിച്ച് ഇങ്ങനെ പറയാമോ?
അനന്തപുരി / ദ്വിജൻ
Sunday, August 31, 2025 2:11 AM IST
ഉപരാഷ്ട്രപതിസ്ഥാനക്കുള്ള പ്രതിപക്ഷസ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ സുപ്രീംകോടതി ജഡ്ജി സുദർശൻ റെഡ്ഡി 2011ൽ പുറപ്പെടുവിച്ച സൽവാ ജുദും വിധി മാവോയിസ്റ്റുകളെ സഹായിക്കാനായിരുന്നു എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വിമർശനം വിവാദമായിരിക്കുന്നു.
കോടതി വിധികളെക്കുറിച്ച് ഇത്തരത്തിൽ പ്രതികരിക്കുന്നത് ജുഡീഷറിയുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമായി കുറ്റപ്പെടുത്തിക്കൊണ്ട് 18 മുൻ ജഡ്ജിമാർ പ്രസ്താവനയിറക്കി. സുപ്രീംകോടതി ജഡ്ജിമാരായിരുന്ന കുര്യൻ ജോസഫ്, ജെ. ചെലമേശ്വർ, മദൻ ബി. ലോകുർ, എ.കെ. പട്നായിക്, അഭയ് ഓക, ഗോപാല ഗൗഡ, വിക്രംജിത് സെൻ തുടങ്ങി സ്വതന്ത്രമായ വിധിന്യായങ്ങളുടെ പേരിൽ അറിയപ്പെടുന്ന പ്രഗത്ഭരാണ് അമിത്ഷായുടെ പരാമർശത്തെ അപലപിച്ചത്. ബിജെപി തിരിച്ചടിച്ചു. പിറ്റേന്ന് അമിത് ഷായെ ന്യായീകരിച്ച് മുൻ കേരള ഗവർണറും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസുമായ പി. സദാശിവം, രാജ്യസഭാ അംഗം രഞ്ജൻ ഗൊഗോയ് തുടങ്ങിയ 56 മുൻ ജഡ്ജിമാർ പ്രസ്താവനയിറക്കി. ബിജെപിയാണ് പ്രസ്താവന പരസ്യമാക്കിയത്.
അമിത്ഷാ അനുകൂലികളുടെ പ്രസ്താവന വലിയൊരു ചോദ്യമുയർത്തുന്നു. സുപ്രീംകോടതിയുടെ വിധികളെക്കുറിച്ച് ഇങ്ങനെ പറയാമോ? സുപ്രീംകോടതി ജഡ്ജി ആയിരിക്കെ സദാശിവം ഷറഫുദ്ദീൻ വധക്കേസിൽ അമിത് ഷായ്ക്കെതിരായ രണ്ടാമത്തെ എഫ്ഐആർ റദ്ദാക്കിയതിനെക്കുറിച്ചും ഇങ്ങനെ പറയാമോ? അതിനുമപ്പുറം അദ്ദേഹം 2002ലെ ഗുജറാത്ത് കലാപക്കേസിൽനിന്നു മുഖ്യമന്ത്രി നരേന്ദ്ര മോദിയെ രക്ഷിച്ചതിനെക്കുറിച്ചും ഇങ്ങനെ പറയാമോ? ബാബറി മസ്ജിദ് കേസിൽ രഞ്ജൻ ഗൊഗോയ് എഴുതിയ വിധികളെക്കുറിച്ചും, റിട്ടയർമെന്റിനു ശേഷം ബിജെപിയുടെ ഔദാര്യ നിയമനങ്ങൾ നേടിയ നിരവധി ജഡ്ജിമാർ എഴുതിയ വിധിന്യായങ്ങളെക്കുറിച്ചും ഇങ്ങനെ പറയാമോ? ഇത്തരം വിമർശനങ്ങൾ ഉണ്ടായാൽ ജുഡീഷറിയുടെ വിശ്വാസ്യത ഏതു തലത്തിലെത്തും?
ജഡ്ജിപദവിയിൽനിന്ന് വിരമിച്ചശേഷം രാഷ്ട്രീയ നിയമനങ്ങൾ സ്വീകരിക്കുന്നവരെക്കുറിച്ച് ഇത്തരം സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണെങ്കിലും ആരും അത്തരം പ്രതികരണങ്ങൾ നടത്താത്തത് കോടതിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കപ്പെടണം എന്ന ആഗ്രഹംകൊണ്ടാണ്. ജഡ്ജിമാർ ഇത്തരം പദവികൾ സ്വീകരിക്കുന്നതു ശരിയോ എന്ന് അവർതന്നെ ആലോചിക്കണം.
ഭയപ്പെടുത്തുന്ന വാർത്തകൾ
ജഡ്ജിമാരെക്കുറിച്ച് അടുത്തകാലത്ത് ഉയരുന്ന വെളിപ്പെടുത്തലുകൾ ഭയപ്പെടുത്തുന്നവയാണ്. സുപ്രീംകോടതിയിലെ ഒരു സീനിയർ ജഡ്ജി ഒരു കന്പനിക്ക് അനുകൂലമായി വിധി പറയുവാൻ തന്നെ പ്രേരിപ്പിച്ചു എന്നു വെളിപ്പടുത്തി ദേശീയ കന്പനിനിയമ അപ്പലേറ്റ് ട്രൈബ്യൂണലിലെ ചെന്നൈ ബെഞ്ചിൽനിന്ന് ജസ്റ്റീസ് എസ്.കെ. ശർമ പിന്മാറിയത് സമൂഹത്തിന് കൊടുക്കുന്ന സന്ദേശം എന്താണ്?
ജഡ്ജിമാരുടെ നിയമനത്തിനുള്ള സുപ്രീംകോടതി കൊളീജിയത്തിലെ തീരുമാനങ്ങളെക്കുറിച്ച് അടുത്തകാലത്തു വരുന്ന വാർത്തകളും ചേർത്തുവായിക്കണം. ഇവരുടെ തീരുമാനങ്ങളിൽ സുതാര്യത ഇല്ലെന്നും പക്ഷപാതം ഉണ്ടാകുന്നു എന്നും വിമർശനമുണ്ട്. 2015ൽ ഇതിനായി ദേശീയ ജുഡീഷൽ കമ്മീഷൻ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ നീക്കം നടത്തിയെങ്കിലും ആ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. ഹൈക്കോടതിയിലെ കൊളീജിയങ്ങളാണ് ഹൈക്കോടതി ജഡ്ജിമാരെ ശിപാർശ ചെയ്യുന്നത്. ഇവർ തങ്ങളുടെയും മറ്റു പ്രമുഖ ജഡ്ജിമാരുടെയും ബന്ധുക്കളെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതായി ആക്ഷേപമുണ്ട്. ശിപാർശ ചെയ്യപ്പെടുന്നവരിൽ 30 ശതമാനം പലപ്പോഴും മുൻ ജഡ്ജിമാരുടെ ബന്ധുക്കളാണെന്നു കണക്കുകൾ പറയുന്നു.
ജഡ്ജിമാർ ബെഞ്ചിലിരുന്നും പുറത്തും നടത്തുന്ന പല നിരീക്ഷണങ്ങളും അഭിപ്രായപ്രകടനങ്ങളും ജുഡീഷറിയുടെ നിഷ്പക്ഷതയിൽ വല്ലാത്ത സംശയങ്ങൾ ഉയർത്തുന്ന കാലമാണിത്. അതുകൊണ്ട് ആ പദവിയിലേക്ക് എത്തുന്നവരെ സംബന്ധിച്ച് വളരെ കർശനമായ പഠനങ്ങൾ നടത്തേണ്ടതുണ്ട്.
2025 ഓഗസ്റ്റ് 19നു ചേർന്ന കൊളീജിയം ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ഗവായിയുടെ അനന്തരവൻ 45കാരനായ അഭിഭാഷകൻ ആർ.ഡി. വകോഡയെ മുംബൈ ഹൈക്കോടതി ജഡ്ജിപദവിയിലേക്ക് ശിപാർശ ചെയ്തു. ശിപാർശ അംഗീകരിക്കപ്പെട്ടാൽ അദ്ദേഹത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് വരെ ആകാം. അടുത്തകാലത്താണ് ബിജെപിയുടെ മുൻ വക്താവ് ആരതി സാഥെയെ ഹൈക്കോടതി ജഡ്ജിയാക്കിയത്. ഗവായിയുടെ സീനിയർ ആയിരുന്ന രാജാ ബോണ്സലെയുടെ മകൻ രണ്‍ജിത്ത് സിംഗും ജൂണിയറായിരുന്ന അഷ്റഫ് ഖാൻ പഠാനും ലിസ്റ്റിലുണ്ട്. വിവിധ ഹൈക്കോടതികളിലേക്കായി ഇപ്പോൾ ശിപാർശ ചെയ്യപ്പെട്ടിരിക്കുന്ന 279 പേരിൽ 32 പേർ ജഡ്ജിമാരുടെ ബന്ധുക്കളാണ്.
2019 ഏപ്രിൽ 19ന് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്ക്കെതിരേ സ്ത്രീപീഡന കേസുണ്ടായി. 2019 നവംബറിൽ അയോധ്യ കേസിൽ വിധി പറയാനിരുന്നപ്പോഴായിരുന്നു ഈ ആരോപണം. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതായി അധികൃതർ അറിയിച്ചു. ഇക്കാരണം പറഞ്ഞ് ജോലി രാജിവച്ച സ്ത്രീക്കു പുനർനിയമനവും നല്കി. ഗൊഗോയ് അയോധ്യക്കേസിൽ അതിവിപ്ലവകരമായ വിധിയും പ്രഖ്യാപിച്ചു. പിന്നാലെ രാജ്യസഭാംഗമായി. ബിജെപിയുടെ കളികളല്ലേ ഇതെല്ലാം.
അതുപോലെ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിപുൽ മാനുഭായ് പഞ്ചോളിയയെ സുപ്രീംകോടതി ജഡ്ജിയായി ശിപാർശ ചെയ്യാനുള്ള നീക്കത്തെ കൊളീജിയം അംഗം ബി. നാഗരത്ന പരസ്യമായി എതിർത്ത കാര്യവും പുറത്തായി. ജഡ്ജിമാരുടെ സീനിയോറിറ്റി ക്രമത്തിൽ 57-ാമനാണ് ഗുജറാത്തുകാരനായ പഞ്ചോളിയ. സീനിയോറിറ്റി ലംഘിച്ചാണ് കൊളീജിയത്തിന്റെ ശിപാർശ. ശിപാർശ വന്ന ഉടനെ കേന്ദ്രസർക്കാർ നിയമനവും കൊടുത്തു. മോദി മുഖ്യമന്ത്രി ആയിരിക്കുന്പോൾ ഗുജറാത്തിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു പഞ്ചോളിയ. അദ്ദേഹത്തിന് സുപ്രീംകോടതി ജഡ്ജിയായി നിയമനം ലഭിച്ചതോടെ 2031 ഒക്ടോബർ മുതൽ 2033 മേയ് വരെ ഇന്ത്യയുടെ ചീഫ് ജസ്റ്റീസ് ആകും എന്നു വന്നിരിക്കുന്നു. മൂന്നു മാസം മുന്‍പാണ് ഗുജറാത്ത് കോടതിയിലെ ഒരു ജഡ്ജിക്ക് സുപ്രീംകോടതിയിൽ നിയമനം ലഭിച്ചത്. കോടതിയിലെ നിയമനങ്ങളിൽ ബിജെപി ശക്തമായി പിടിമുറുക്കുകയാണ്.
രാഹുൽ ക്രൂശിക്കപ്പെടുന്പോൾ
കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും കോണ്‍ഗ്രസിന്റെ മുന്നണിപ്പോരാളിയും എതിരാളികളുടെ പേടിസ്വപ്നവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയരുന്ന ആക്ഷേപങ്ങളും അതിനോട് പാർട്ടി കാണിച്ച പ്രതികരണവും ഡെന്മാർക്കിൽ എന്തെല്ലാമോ ചീയുന്നു എന്ന് വീണ്ടും അടിവരയിടുന്നു. കാണാൻ സുമുഖൻ. അവിവാഹിതൻ. ചാനൽ ചർച്ചകളിൽ തീപ്പൊരിപോലെ കത്തുന്നവൻ. എതിരാളികളെ നിരായുധനാക്കുന്നവൻ. ധാരളം പെണ്‍കുട്ടികൾ രാഹുലിന്റെ നന്പർ തേടിപ്പിടിച്ച് സന്ദേശങ്ങൾ അയച്ചിട്ടുണ്ടാവും. രാഹുലും അയച്ചിരിക്കും. രാഹുലിന് ഇതുവരെ വാട്സാപ്പ് സന്ദേശങ്ങൾ അയച്ചിട്ടുള്ളവരുടെ പേരുവിവരവും വാട്സാപ്പ് സന്ദേശങ്ങളും അദ്ദേഹംതന്നെ പ്രസിദ്ധീകരിച്ചാൽ ആരെല്ലാമാവും ഞെട്ടുക?
ഒരുങ്ങിവന്ന ആക്രമണം
ഒരു യുവതി രാഹുലിനെതിരേ പേരു പറയാതെ ചില ആരോപണങ്ങൾ ഉന്നയിച്ചു. ഫൈവ് സ്റ്റാർ ഹോട്ടലിലേക്കു തന്നെ ക്ഷണിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ. വളരെ തയാറെടുത്താണ് അവർ ആരോപണം ഉന്നയിച്ചത്. അവരുടെ ആക്ഷേപം വന്ന ഉടനെ പലരും രാഹുലിനെതിരേ ആരോപണങ്ങൾ ഉയർത്തുകയായി. സംഭവത്തിനു പിന്നിൽ വൻ ഗൂഢാലോചന ഉണ്ടെന്ന് രാഹുൽതന്നെ കരുതുന്നുണ്ട്. അതിനുള്ള തെളിവുണ്ടാക്കുന്നതിനുള്ള ശ്രമം നടക്കുകയാണ്.
മൂന്നും നാലും വർഷം മുന്‍പുണ്ടായ വാട്സാപ്പ് സന്ദേശങ്ങൾ കാത്തുസൂക്ഷിക്കപ്പെടുന്നതും സംപ്രേഷണം ചെയ്യപ്പെടുന്നതും, ഈ സംഭാഷണങ്ങൾ നല്ല ഉദ്ദേശ്യത്തോടെ അല്ല തുടങ്ങിയതെന്നും തുടർന്നതെന്നും അവയുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കപ്പെട്ടതെന്നും ഉള്ളതിനു തെളിവുകളല്ലേ?
ആരോപണങ്ങൾ മാധ്യമങ്ങൾ വല്ലാതെ കൊണ്ടാടിയതോടെ കോണ്‍ഗ്രസ് ഉണർന്നു. രാഹുൽ യൂത്ത് കോണ്‍ഗസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. സ്വാഭാവികമായും എംഎൽഎ സ്ഥാനം രാജിവയ്പിക്കാനായി നീക്കം. അതിന് അദ്ദേഹത്തെ നിർബന്ധിക്കാൻ ആർക്കും സാധിക്കില്ല. സാങ്കേതികമായി വകുപ്പും ഇല്ല. അവസാനം കോണ്‍ഗ്രസ് നിലപാടു മാറ്റി. പെണ്ണുകേസിൽ നേരത്തേ പ്രതികളായ എഎൽഎമാരായ എം. വിൻസന്റിനോടും എൽദോ കുന്നപ്പള്ളിയോടും കാണിച്ച അതേ നിലപാട് എടുത്തു. രാഹുലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു.
രാഹുൽ രാജിവയ്ക്കണോ?
ഇത്തരമൊരു ആരോപണം വന്നതുകൊണ്ട് നിയമപരമായി നിയമസഭാംഗത്വം രാജിവയ്ക്കേണ്ടതില്ല. രാഹുൽ രാജിവയ്ക്കണമെന്ന കാര്യത്തിൽ ഇടതുപക്ഷക്കാർക്കെല്ലാം ഒരേ അഭിപ്രായമാണ്. എന്നാൽ, ഒരുകേസിലും പ്രതിയാകാത്ത രാഹുൽ രാജിവയ്ക്കണമെന്നു പറയുന്നത്, പല കേസിൽ പ്രതിയായ കൊല്ലം എംഎൽഎ മുകേഷ് രാജിവയ്ക്കേണ്ട എന്ന് നിലപാടെടുത്തവരാണ്. രാഹുൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് മുകേഷിന്റെ കാര്യത്തിൽ അതായിരുന്നില്ലല്ലോ സമീപനം എന്നു ചോദിച്ചപ്പോൾ രണ്ടും രണ്ടു സംഭവമാണെന്നായിരുന്നു വിശദീകരണം. ഇടതുപക്ഷക്കാരായ സ്ത്രീപീഡകർ രാജിവയ്ക്കേണ്ട. അല്ലാത്തവർ വേണം. വല്ലാത്ത തൊലിക്കട്ടി എന്നു പറഞ്ഞുപോകില്ലേ? കോണ്‍ഗ്രസിൽ പണ്ടേ ഞണ്ടുകളുടെ സ്വഭാവമാണ്. ഒരുത്തനെ വലിച്ചിട്ട് നേതാവാകാൻ നോക്കുന്നവരാണ് ഏറെ. കഴിവും യോഗ്യതയുമല്ല അവിടെ പലപ്പോഴും പ്രമാണം; മറ്റു പലതുമാണ്.
രാഹുൽ തീർന്നോ?
അന്പുകൊണ്ട എത്രയോ പേർ നിയമസഭയിലിരിക്കുന്നു. ആരോപണവിധേയരായ അവർ എത്രയോ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു? ജനങ്ങളുടെ കോടതിയിൽ വിചാരണ ചെയ്യപ്പെട്ടു. അവരെ ഇല്ലാതാക്കാനായോ? വ്യഭിചാരക്കഥകൾക്ക് ഒരു സ്ഥാനാർഥിയെ ജയിപ്പിക്കുന്നതിലും തോൽപ്പിക്കുന്നതിലും കാര്യമായ സ്വാധീനമൊന്നും ചെലുത്താനാകാത്ത കാലത്തിലല്ലേ നാം.