അസമത്വത്തിന്റെ കാണാപ്പുറങ്ങൾ
ഡോ. ജോസ് മാത്യു
Monday, September 1, 2025 1:26 AM IST
ഭാരതം വരുമാനസമത്വത്തിൽ ലോകത്തു നാലാം സ്ഥാനത്തെത്തിയതായി ലോക ബാങ്ക് ഈയിടെ പുറത്തുവിട്ട റിപ്പോർട്ട് രാജ്യത്ത് സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കിയിട്ടുള്ളത്. ഉപഭോഗം ആധാരമാക്കിയിട്ടുള്ള ‘ജിനി’ സൂചികയെ ഇതര രാജ്യങ്ങളുടെ വരുമാന അസമത്വവുമായി സർക്കാർ താരതമ്യം ചെയ്യുകയാണെന്നുള്ള വാദവുമായി പ്രതിപക്ഷകക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്.
അമേരിക്കയുടെ താത്പര്യമനുസരിച്ചുള്ള വ്യാപാര കരാറിന് വിസമ്മതിച്ചതിനാൽ ഇന്ത്യൻ സന്പദ്വ്യവസ്ഥയെ ‘മൃത സന്പദ്വ്യവസ്ഥ’യെന്ന് അമേരിക്കൻ പ്രസിഡന്റ് അധിക്ഷേപിച്ചതും പ്രധാനമന്ത്രി മോദിയും ധനമന്ത്രി നിർമല സീതാരാമനും ഒഴികെയുള്ള ഏവരും ട്രംപിന്റെ അഭിപ്രായത്തോട് യോജിക്കുമെന്നുള്ള പ്രതിപക്ഷ നേതാവ് രാഹുലിന്റെ അഭിപ്രായപ്രകടനവും സന്പദ്വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്.
ജപ്പാനെയും ജർമനിയെയും മറികടന്ന് 2027ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സന്പദ്വ്യവസ്ഥ ആകുമെന്നുള്ള പ്രചാരണങ്ങൾ നടക്കുന്പോൾ വരുമാനത്തിലും സ്വത്തിലുമുള്ള അന്തരം ഇവിടെ നാൾക്കുനാൾ വർധിക്കുകയാണെന്നുള്ള യാഥാർഥ്യം ആർക്കും വിസ്മരിക്കാൻ കഴിയുകയില്ല.
വരുമാന അസമത്വം
ലോകബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം ഉപഭോഗത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ, വരുമാന അസമത്വത്തിൽ ഇന്ത്യയുടെ സൂചിക 61 ആണ്. ഇതനുസരിച്ച് ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 176 ആണ്. 2009ൽ ഇത് 115 ആയിരുന്നു. അരിയും മറ്റു ഭക്ഷണാവശ്യങ്ങൾക്കുമുള്ള സാധനങ്ങളും വാങ്ങുന്നതിൽ സാധാരണക്കാർക്കും പണക്കാർക്കുമിടയിലുള്ള ഏറ്റക്കുറച്ചിൽ വലുതായിരിക്കില്ല.
എന്നാൽ ഉപഭോഗം കഴിഞ്ഞ് മിച്ചംവയ്ക്കാൻ സാധാരണക്കാർക്ക് കാര്യമായി ഒന്നും ഉണ്ടാകുകയില്ല. അതേസമയം, തങ്ങളുടെ വരുമാനത്തിന്റെ സിംഹഭാഗവും നിക്ഷേപമാക്കി മാറ്റാൻ പണക്കാർക്കു കഴിയും. ഇതുകൊണ്ടാണ് വരുമാന അസമത്വം വർധിക്കുന്നത്. ആകെ വരുമാനത്തിൽ ഉപഭോഗ ആവശ്യങ്ങൾക്കു വരുമാനത്തിന്റെ മുഴുവൻ ഭാഗവും പാവപ്പെട്ടവർ ചെലവഴിക്കുന്പോൾ സന്പന്നർക്ക് അതിൽ ചെറിയൊരു ശതമാനം മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ. ‘സീമാന്തോ ഉപഭോഗ’ ചെലവും ‘സീമാന്തോ സന്പാദ്യ’ ശേഷിയുടെയും കാര്യത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ വളരെ വലിയ അന്തരമുണ്ട്.
സാധാരണക്കാർ ഉപയോഗിക്കുന്ന സാധനങ്ങളുടെ വില്പനയിൽ കാര്യമായ പുരോഗതിയില്ലെന്ന് ആ മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നുണ്ട്. ഇരുചക്രവാഹനങ്ങളുടെ വില്പന ഇടിയുന്പോൾ ആഡംബര കാറുകളുടെ വില്പനയിൽ വർധനവുണ്ടാകുന്നതു സാധാരണക്കാരുടെ ക്രയശക്തിയിൽ യാതൊരു മാറ്റവും സംഭവിക്കുന്നില്ലെന്നുള്ളതിന് ഉദാഹരണമാണ്. വളർച്ചയുടെയും പുരോഗതിയുടെയും സദ്ഫലങ്ങൾ താഴെത്തട്ടിൽ എത്തുന്നില്ലെന്നാണ് ഇതിൽനിന്ന് മനസിലാക്കേണ്ടത്.
ദ്വിമുഖ സന്പദ്വ്യവസ്ഥ
അസമത്വത്തിന്റെ ആഴങ്ങൾ അഗാധഗർത്തങ്ങളുടെ തലത്തിലെത്തിക്കൊണ്ടിരിക്കുന്ന ഭാരതത്തെ ദ്വിമുഖ സന്പദ്വ്യവസ്ഥയെന്ന് വിശേഷിപ്പിക്കാറുണ്ട്. ഒരു രാജ്യത്തുതന്നെ യാതൊരു സാമ്യവുമില്ലാത്ത രണ്ടു വ്യത്യസ്ത സാമൂഹ്യ-സാന്പത്തിക സമൂഹങ്ങൾ ഒരുമിച്ച് നിലനിൽക്കുന്നതിനെയാണ് ദ്വിമുഖ സന്പദ്വ്യവസ്ഥ അഥവാ ‘ഡ്യുവൽ ഇക്കോണമി’ എന്ന് വിളിക്കുന്നത്.
വളരെ വലിയതോതിൽ വളർന്നു കൊണ്ടിരിക്കുന്ന ചെറിയ ഒരു വിഭാഗം മാത്രമുള്ള വ്യവസായ സന്പദ്വ്യവസ്ഥയോടൊപ്പം മഹാഭൂരിപക്ഷം ആളുകൾ പണിയെടുക്കുന്ന വളർച്ച മുരടിച്ച ഒരു കാർഷിക മേഖലയാണ് ഈ സന്പദ്വ്യവസ്ഥയുടെ പ്രത്യേകത. സ്വീഡിഷ് ധനശാസ്ത്രജ്ഞനായ ഗുണ്ണാർ മിർദാൽ 1968ൽ രചിച്ച ‘ഏഷ്യൻ ഡ്രാമ’ എന്ന പുസ്തകത്തിൽ ഈ വിഷയം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. പണം ഇറക്കി പണം കുന്നുകൂട്ടുന്നവരുടെ ഇന്ത്യ ഒരു വശത്തും കാർഷിക പ്രവർത്തനങ്ങൾക്കും മറ്റും വായ്പയെടുത്ത് അത് തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതെ ആത്മഹത്യയിൽ അഭയംപ്രാപിക്കുന്ന ദരിദ്രരായ കർഷകരുടെയും കർഷകതൊഴിലാളിയുടെയും ഇന്ത്യ മറുവശത്തും. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കാർഷികമേഖലയിലെ ഒരു ലക്ഷത്തോളം പേർ ആത്മഹത്യ ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയവും മൂലധനവും
ആധുനിക ശാസ്ത്രവും മൂലധനവും സ്റ്റേറ്റും ഉൾക്കൊള്ളുന്ന ആധുനിക നാഗരികതയുടെ ഹിംസയിൽ ഊന്നിയുള്ള ലോകവീക്ഷണത്തിനു ബദലായി അനേകം പുതിയ വീക്ഷണങ്ങൾ ശക്തിപ്പെടേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ അസമത്വത്തിന്റെ വർധിച്ചുകൊണ്ടിരിക്കുന്ന അന്തരത്തിൽനിന്നു ലോകത്തെ രക്ഷിക്കുവാൻ കഴിയുകയുള്ളൂ.
രാഷ്ട്രീയവും മൂലധനവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നമ്മുടെ ജനാധിപത്യത്തിന് ദോഷകരമായ രണ്ടു പ്രവണതകളാണ് സൃഷ്ടിച്ചിരിക്കുന്നത്. രാഷ്ട്രീയം സാമൂഹിക മാറ്റത്തിന്റെ ഉപാധിയല്ലാതാവുകയും അതു കേവലം വരേണ്യവർഗത്തിന്റെ വളർച്ചയ്ക്ക് ഉതകുന്ന മാർഗമായി തരംതാഴുകയും ചെയ്തിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജനാധിപത്യത്തിന്റെ രാഷ്ട്രീയ ഇടം വിപണിയുടെ സാന്പത്തികയിടമായി പരിവർത്തനം ചെയ്തിരിക്കുന്നു.
ഉത്പാദന രീതി
ഉത്പാദന രീതിയിലുണ്ടാകുന്ന മാറ്റം ഒരു രാജ്യത്തിന്റെ സാന്പത്തിക പുരോഗതിയിൽ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. കാർഷിക-വ്യവസായ വിപ്ലവങ്ങൾക്കു ശേഷം 1970-80കളിൽ ആവിർഭവിച്ച വിവര സാങ്കതിക വിദ്യയിലുണ്ടായ കുതിച്ചുചാട്ടം വ്യവസായ ബിസിനസ് സേവന മേഖലകളിൽ ഉണ്ടാക്കിയ വിപ്ലവം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.
നിർമിത ബുദ്ധിയുടെയും ക്വാണ്ടം കംപ്യൂട്ടിംഗിന്റെയും അർധചാലകങ്ങളുടെയും ചാറ്റ് ജിപിടിയുടെയും കടന്നുവരവ് സമസ്ത ജീവിതവ്യാപാരങ്ങളിലും സ്ഫോടനാത്മകമായ മാറ്റത്തിനാണ് വഴി തെളിച്ചിട്ടുള്ളത്. അറിവുള്ളവർ പുതിയ സാങ്കേതിക ഉത്പാദന മേഖലകളിൽ നവീന കണ്ടുപിടിത്തങ്ങളുമായി ലോകത്തെ നിയന്ത്രിക്കുകയും സന്പത്തിന്റെ ഉടമകളായി മാറുകയും ചെയ്യുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്.
ഉത്പാദന മേഖലയിലുണ്ടായിട്ടുള്ള അതിശയിപ്പിക്കുന്നതും മിന്നൽവേഗത്തിലുമുള്ള മാറ്റങ്ങൾ ഉത്പാദന ഉപാധികളുടെ ഉടമസ്ഥതയിൽ സംഭവിച്ചിട്ടില്ലെന്നുള്ളതാണ് പെരുകുന്ന അസമത്വങ്ങളുടെ അടിസ്ഥാനകാരണം. സ്വകാര്യ സ്വത്തവകാശവും പിൻതുടർച്ചാവകാശവും യാതൊരു മാറ്റവും കൂടാതെ ലോകത്ത് ഇന്നും നിലനിൽക്കുന്നതാണ് സാന്പത്തിക അന്തരം വർധിക്കുന്നതിന് ഇടയാക്കുന്നത്. മൂലധനത്തിന്റെ കേന്ദ്രീകരണം സർവകാല റിക്കാർഡുകളും ഭേദിച്ച് മുന്നേറുന്പോൾ ദരിദ്രരുടെ ദുരിതാവസ്ഥ മാറ്റമില്ലാതെ തുടരുകയും ഗുരുതരമായിമാറിക്കൊണ്ടിരിക്കുകയുമാണ്.
“21-ാം നൂറ്റാണ്ടിലെ മൂലധനം” എന്ന കൃതിയുടെ രചയിതാവും ഫ്രഞ്ച് ധന ശാസ്ത്രജ്ഞനുമായ തോമസ് പിക്കറ്റി ആധുനിക മുതലാളിത്തത്തിന്റെ സവിശേഷതയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ലോകം പരന്പരാഗത മുതലാളിത്ത സങ്കൽപത്തിലേക്കുള്ള തിരിച്ചുപോക്കിലേക്കാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഒരു സന്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളിൽ ഉടമസ്ഥാവകാശം പിൻതുടർച്ച വഴി ലഭിക്കുന്പോൾ അത് നവീന മുതലാളിത്തത്തിന്റെ പുതിയൊരു പതിപ്പായി മാറുമെന്നും അസമത്വം വലിയതോതിൽ വർധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
സമത്വം സ്വപ്നം മാത്രം
പുരോഗതിയെക്കുറിച്ചും മാനവികതയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമെല്ലാമുള്ള നമ്മുടെ ഗിരിപ്രഭാഷണങ്ങളുടെ ചിലന്പിച്ച ഒച്ചകൾക്കിടയിൽ പ്രതീക്ഷയറ്റ കോടിക്കണക്കിന് മനുഷ്യരുടെ നിസഹായമായ നിലവിളികൾ കേൾക്കപ്പെടാതെ പോകുന്നതും ചേർന്നാണ് നമ്മുടെ കാലത്തെ രാഷ്ട്രീയചിത്രം രൂപപ്പെടുന്നത്. മനുഷ്യബന്ധങ്ങളിൽ നീതിയും സമത്വവും ഉറപ്പാക്കുന്ന ഒരു രാഷ്ട്രീയക്രമം അസാധ്യമായ ഒരു സ്വപ്നം മാത്രമാണോ?