ഇന്ത്യയുടെ മഹാശക്തി സൗഹൃദങ്ങൾ
ശശി തരൂർ
Monday, September 1, 2025 1:27 AM IST
ആഗോള നയതന്ത്രരംഗത്തു പണ്ടുമുതലേ ഇന്ത്യയുടെ നിലപാട് മെയ്വഴക്കമുള്ളതാണ്. തികച്ചും സന്തുലിതം. തത്വത്തിൽ ചേരിചേരാത്തതും ഫലത്തിൽ പ്രായോഗികവും. ഇന്നത്തെ ലോകരാഷ്ട്രീയത്തിൽ പിരിമുറുക്കം കൂടുന്നു. സഖ്യങ്ങൾ മാറുന്നു. ലോകക്രമം വിവിധ സ്വാധീനമേഖലകളായി വിഭജിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ, നിലപാട് പുനഃക്രമീകരിക്കാൻ ഇന്ത്യക്കുമേൽ സമ്മർദം കൂടുതലാണ്.

യുഎസുമായുള്ള ബന്ധം വഷളായിരിക്കുകയാണ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക ദേശീയതയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി ഇന്ത്യ മാറി. യുഎസിലേക്ക് ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ഭരണകൂടം 50 ശതമാനം നികുതി ഏർപ്പെടുത്തി. ഇത് യുഎസിന്റെ വ്യാപാര പങ്കാളികളിൽ ചുമത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണ്. കഴിഞ്ഞവർഷം ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 18 ശതമാനവും യുഎസിലേക്കായിരുന്നു. അതിനാൽ സാമ്പത്തിക പ്രത്യാഘാതം വളരെ വലിയതാകും.
വ്യാപാര പ്രശ്നത്തിലുമപ്പുറമാണിത്. യുഎസും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം കാൽനൂറ്റാണ്ടിലേറെയായി ശക്തിപ്പെട്ടുവരികയാണ്. ഇൻഡോ-പസഫിക് മേഖലയിൽ ചൈനയെ പ്രതിരോധിക്കാനുള്ള പ്രധാന ശക്തിയായി അമേരിക്ക ഇന്ത്യയെ കണക്കാക്കുന്നു. എന്നാൽ, ഏറ്റവും ശക്തമായ പങ്കാളിത്തംപോലും ഒരു ജനപ്രിയ നേതാവിന്റെ തോന്നലുകൾക്കനുസരിച്ചു മാറുമെന്ന ഓർമപ്പെടുത്തലാണ് പുതിയ നികുതികൾ. ഈ നികുതികൾ പെട്ടെന്നൊരു സാമ്പത്തിക സംഘർഷത്തിനു വഴിയൊരുക്കിയേക്കാം. അതിലുമപ്പുറം, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മാറ്റിപ്പണിയാനുള്ള സാധ്യതയുമുണ്ട്.
പാക്കിസ്ഥാനുമായി അടുക്കുന്ന അമേരിക്ക
മറ്റു വഴികളിലൂടെയും ട്രംപ് ഭരണകൂടം ഇന്ത്യയെ അകറ്റുന്നുണ്ട്. അമേരിക്ക പാക്കിസ്ഥാനുമായി അടുക്കുന്നു. പാക് സൈനിക മേധാവി, ഫീൽഡ് മാർഷൽ അസിം മുനീറിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. അസിം മുനീർ ദീർഘകാലമായി പ്രകോപനപരമായ പ്രസംഗങ്ങളുടെ ആശാനാണ്. ഇത്തരം പ്രസ്താവനകളിൽ ആണവഭീഷണിയുടെ മുഴക്കമുണ്ട്. കാഷ്മീരിനെ പാക്കിസ്ഥാന്റെ ‘കഴുത്തിലെ പ്രധാന ഞരമ്പ്’ എന്ന് വിശേഷിപ്പിച്ചതുണ്ട്. അത്തരം പരാമർശങ്ങളെ ശാസനയ്ക്കു പകരം നയതന്ത്രപരമായ സൗഹൃദത്തോടു കൂടിയാണ് യുഎസ് സമീപിച്ചത്. ഇത് ട്രംപിന്റെ വിദേശനയത്തിന്റെ സ്വഭാവമാറ്റം സൂചിപ്പിക്കുന്നു.
പാക്കിസ്ഥാനുമായുള്ള ഇത്തരം സൗഹൃദം തന്ത്രപരമായ പ്രകോപനം മാത്രമാണ്. നിലനിൽപ്പിന് ഭീഷണിയല്ല. യുഎസിന്റെ സാമ്പത്തികവും സാങ്കേതികവും തന്ത്രപരവുമായ ദീർഘകാല താത്പര്യങ്ങൾ ഇപ്പോഴും ഇന്ത്യയുടേതുമായാണ് കൂടുതൽ യോജിക്കുന്നത്. പാകിസ്ഥാനുമായുള്ള അമേരിക്കയുടെ ഇടപാടുകൾ ഇന്ത്യൻ സുരക്ഷയെ തകർക്കാതെ കൈകാര്യം ചെയ്യുന്നതിലാണ് വെല്ലുവിളി. പ്രത്യേകിച്ചും കാഷ്മീരിലെ അസ്ഥിരമായ നിയന്ത്രണരേഖയിൽ. കഴിഞ്ഞ ഏപ്രിലിൽ പാക്കിസ്ഥാനിൽനിന്നുള്ള തീവ്രവാദികൾ നിയന്ത്രണരേഖ ലംഘിച്ച് വിനോദസഞ്ചാരികൾക്കുനേരേ ക്രൂരമായ ആക്രമണം നടത്തിയിരുന്നു.
പാക്കിസ്ഥാനുള്ള ചൈനയുടെ പിന്തുണ കൂടിയാകുന്പോൾ ഇന്ത്യയുടെ സുരക്ഷയ്ക്കുള്ള അപകടസാധ്യത കൂടുന്നു. ഏപ്രിലിലെ പാക് തീവ്രവാദ ആക്രമണത്തെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടിച്ചപ്പോൾ ചൈന പാക്കിസ്ഥാന് തത്സമയ സൈനിക-നയതന്ത്ര പിന്തുണ നൽകിയിരുന്നു. സൈനിക ഉപകരണങ്ങളിൽ ചൈനയാണ് പാക്കിസ്ഥാന്റെ ഏറ്റവും വലിയ വിതരണക്കാരൻ. പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ ഉപയോഗിച്ചിട്ടുള്ള ആയുധങ്ങളും ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ, ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിലെ ഏറ്റവും വലിയ പദ്ധതി ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയാണ്. ഇന്ത്യയുടെ തന്ത്രപ്രധാനമായ നിരവധി മേഖലകളിൽ ചൈനയ്ക്കു സ്വാധീനം നല്കുന്ന ഇത് തെക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖം കേന്ദ്രീകരിച്ചാണ്. ചൈന-പാക്കിസ്ഥാൻ സഖ്യം ഇനി തന്ത്രപരമായ ഒത്തുചേരലല്ല; തന്ത്രപരമായ ധാരണ തന്നെയാണ് എന്നതിന്റെ തെളിവാണിത്. അതിനാൽ, ഇതേക്കുറിച്ച് ഇന്ത്യ സമഗ്രമായി പ്രതികരിക്കേണ്ടതുണ്ട്. ആഭ്യന്തരമായ സാമ്പത്തിക പ്രതിരോധം, അതിർത്തിയിലെ സൈനിക സജ്ജീകരണങ്ങൾ, ഇൻഡോ-പസഫിക് മേഖലയിലെ നയതന്ത്രപരമായ ഇടപെടൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ചൈനയുടെ ആക്രമണങ്ങൾ
ചൈന ഇന്ത്യക്കെതിരേ അതിർത്തി കടന്ന് നേരിട്ടുള്ള ആക്രമണവും നടത്തിയിട്ടുണ്ട്. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിലെ ക്രൂരമായ അധ്യായമായ ഗൽവാൻ യുദ്ധത്തിലെ മുറിപ്പാടുകൾ 2020ൽ അവർ വീണ്ടും തുറന്നു. ചൈനീസ് സൈന്യം ഗൽവാൻ താഴ്വരയിലെ നിയന്ത്രണരേഖ ലംഘിച്ചു നടത്തിയ ആക്രമണങ്ങൾ 20 ഇന്ത്യൻ സൈനികരുടെ മരണത്തിനു കാരണമായി. അരുണാചൽ പ്രദേശിനോടു ചേർന്നുള്ള ഹിമാലയൻ അതിർത്തിയിലെ ചൈനയുടെ ഉയർന്ന സൈനിക വിന്യാസവും പിരിമുറുക്കം വർധിപ്പിക്കുന്നു.
ഈ പ്രശ്നത്തിനിടയിലും റഷ്യയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം ശക്തമായി നിലകൊണ്ടു. ശീതയുദ്ധത്തിലെ ചേരിചേരാ നയത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ് ഈ ഉഭയകക്ഷി ബന്ധം. പരസ്പര ബഹുമാനമാണ് ബന്ധത്തിന്റെ അടിത്തറ. അതിനാൽ, എല്ലാ കാര്യങ്ങളിലും യോജിക്കുന്നില്ലെങ്കിലും ഇന്ത്യ നിർണായക പ്രതിരോധ ഉപകരണങ്ങൾ റഷ്യയിൽനിന്നു വാങ്ങുന്നു. ഈ വർഷം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ന്യൂഡൽഹി സന്ദർശിക്കുന്നുണ്ട്. എന്നാൽ, ഇവിടെപ്പോലും ഇന്ത്യക്ക് ആശങ്കയ്ക്കു വകയുണ്ട്; റഷ്യ ചൈനയെ കൂടുതൽ ആശ്രയിക്കുന്നതിനാൽ, റഷ്യയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തത്തിൽ ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം.
ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാർ
ഭൗമരാഷ്ട്രീയത്തിലെ വർധിച്ചുവരുന്ന അപകടസാധ്യത കുറയ്ക്കുന്നതിന് ഇന്ത്യ രാജ്യാന്തര പങ്കാളിത്തം വൈവിധ്യവത്കരിക്കുകയാണ്. യൂറോപ്പ് അതിന്റെ വിതരണ ശൃംഖലകൾ പുനഃക്രമീകരിക്കാൻ ശ്രമിക്കുന്നതിനാൽ ഇന്ത്യക്ക് ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാർ ചർച്ച ചെയ്യാൻ അവസരം കിട്ടി. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ചർച്ചകൾ വേഗത്തിലാക്കാനുമായി. ഫ്രാൻസും ജർമനിയും പോലുള്ള രാജ്യങ്ങൾ ചൈനയ്ക്ക് ഒരു ജനാധിപത്യ ബദലായി ഇന്ത്യയെ സ്വീകരിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ആഫ്രിക്കയുമായുള്ള ചരിത്രപരമായ ബന്ധങ്ങളും ഇന്ത്യ പുനരുജ്ജീവിപ്പിക്കുന്നു. ഉയർന്ന ജനസംഖ്യയും പ്രകൃതിവിഭവ സമ്പത്തുമുള്ള ആഫ്രിക്ക ആഗോളതലത്തിൽ ഇന്ത്യയുടെ ആഗ്രഹങ്ങളുടെ പ്രധാന ലക്ഷ്യമാണ്. ആഫ്രിക്കയെ ചൂഷണം ചെയ്യുന്ന സമീപനമാണ് ചൈനയുടേത്. ഇന്ത്യയാകട്ടെ പരസ്പരം പ്രയോജനകരമായ പങ്കാളിത്തം വളർത്താൻ ശ്രമിക്കുന്നു. ആഫ്രിക്കയിലെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഇന്ത്യൻ നിക്ഷേപങ്ങളുണ്ട്.
ഇന്ത്യയുടെ താത്പര്യം മാനുഷികവും തന്ത്രപരവും
ഗൾഫ് മേഖലയിൽ ഇന്ത്യയുടെ താത്പര്യം മാനുഷികവും തന്ത്രപരവുമാണ്. എട്ട് ദശലക്ഷത്തിലധികം ഇന്ത്യക്കാർ ഈ മേഖലയിൽ താമസിക്കുന്നു, ജോലി ചെയ്യുന്നു. അവരുടെ വരുമാനം നാട്ടിലുള്ള കുടുംബങ്ങൾക്ക് സഹായമാണ്. എങ്കിലും എണ്ണയെ ആശ്രയിക്കുന്നതിനപ്പുറത്തേക്ക് ഗൾഫ് രാജ്യങ്ങൾ ശ്രമം തുടങ്ങിയതിനാൽ ഇന്ത്യക്ക് നൽകാൻ കൂടുതൽ കാര്യങ്ങളുണ്ട്: സാങ്കേതികവിദ്യ, നൈപുണ്യം, വ്യാപാരം. യുഎഇയുമായുള്ള ഇന്ത്യയുടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും സൗദി അറേബ്യയുമായി വർധിച്ചുവരുന്ന പ്രതിരോധ സഹകരണവും ബന്ധങ്ങളിലെ തന്ത്രപരമായ ആഴം കൂടുന്നതിനെ സൂചിപ്പിക്കുന്നു.
ഏഷ്യയിൽ, അന്തരിച്ച ജാപ്പനീസ് പ്രധാനമന്ത്രി ആബെ ഷിൻസോയുടെ നേതൃത്വം ഇന്ത്യ തീർച്ചയായും ഓർമിക്കുന്നുണ്ടാവും. പ്രത്യേകിച്ച് സുരക്ഷാരംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം കൂടുതൽ ആഴത്തിലാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ജപ്പാന്റെ ഇപ്പോഴത്തെ സർക്കാരും ഈ നയം തുടർന്നാൽ ഇന്ത്യ തീർച്ചയായും സ്വാഗതം ചെയ്യും.
തന്ത്രങ്ങൾക്കു വ്യക്തത വേണം
ഇന്ത്യയുടെ കരുത്ത് തന്ത്രപരമായ ചാഞ്ചല്യത്തിലാണ്. കർശനമായ സഖ്യങ്ങളല്ല, താൽപ്പര്യങ്ങളാണ് അതിനെ നയിക്കുന്നത്. അതിനാൽ, പ്രതിരോധത്തിലും സാങ്കേതികവിദ്യയിലും യുഎസുമായി, ഊർജത്തിലും ആയുധങ്ങളിലും റഷ്യയുമായി, വ്യാപാരത്തിലും കാലാവസ്ഥയിലും യൂറോപ്പുമായി, വികസനത്തിലും പ്രവാസികളിലും ആഫ്രിക്കയുമായും ഗൾഫുമായും ഇന്ത്യ ഇടപഴകുന്നു. എന്നാൽ, അത്തരം സങ്കീർണമായ തന്ത്രങ്ങൾക്കു വ്യക്തത വേണം.
തീവ്രവാദം, പരമാധികാരം, സാമ്പത്തിക സമ്മർദം എന്നിവയിൽ ഇന്ത്യ അതിർവരന്പുകൾ ശക്തമാക്കുകയും നടപ്പിലാക്കുകയും വേണം. അടിസ്ഥാന സൗകര്യ വികസനം, വിവര സാങ്കേതിക വിദ്യ, നയതന്ത്രം, പ്രതിരോധം എന്നിവയിൽ പറ്റുന്ന രീതിയിൽ നിക്ഷേപിക്കണം. കൂടാതെ, നിയമപരവും ജനാധിപത്യപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ആഗോളക്രമമെന്ന കാഴ്ചപ്പാട് തുടർന്നും ഇന്ത്യ ഉയർത്തിപ്പിടിക്കണം.
©Project Syndicate
(www.project-syndicate.org)