ബന്ധങ്ങൾ മുറിക്കുന്നു, വിളക്കുന്നു
റ്റി.സി. മാത്യു
Thursday, September 4, 2025 12:05 AM IST
ഇന്ത്യ-അമേരിക്ക ബന്ധം വല്ലാതെ ഉലഞ്ഞിരിക്കുന്നു. ഇന്ത്യ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുക്കുന്നു. അങ്ങനെ പടിഞ്ഞാറുവശത്തെ കോട്ടത്തിനു ബദൽ നേട്ടമുണ്ടാക്കാം എന്നു കരുതുന്നു. ഇന്ത്യ-അമേരിക്ക വ്യാപാരം കുത്തനേ ഇടിഞ്ഞു. ഇനിയും കുറയും. മറ്റു വിപണികൾ കണ്ടുപിടിച്ച് കോട്ടം പരിഹരിക്കുമെന്നു സർക്കാർ പറയുന്നു. നടക്കാൻ സാധ്യത കുറവാണെന്നു മാത്രം.
റഷ്യ വ്യാപാരം വർധിപ്പിക്കാൻ തയാറാണ്. ചൈനയും തയാർ. പക്ഷേ, അവ എത്രമാത്രം ഫലപ്രദമാകുമെന്നു കണ്ടറിയണം. കാരണം, ഇന്ത്യയുടെ വലിയ കയറ്റുമതി ഇനങ്ങൾ പലതും ആ രാജ്യങ്ങൾക്ക് ആവശ്യമില്ല. റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ, ഔഷധങ്ങൾ, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, പെട്രോകെമിക്കലുകൾ, രത്നങ്ങൾ, രത്ന-സ്വർണ ആഭരണങ്ങൾ, ബസുമതി അരി തുടങ്ങിയവയിൽ രണ്ടു രാജ്യങ്ങൾക്കും വലിയ താത്പര്യമില്ല. റഷ്യക്ക് അതിനുതക്ക വ്യവസായങ്ങളോ ഉപഭോക്താക്കളോ ഇല്ല. ചൈനയ്ക്ക് ആഭരണങ്ങളും ബസുമതി അരിയും ഒഴികെ ഉള്ളവയുടെ ഉത്പാദനം വേണ്ടതിലേറെ ഉണ്ട്. അതേസമയം, ഇന്ത്യക്ക് ആ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി ഒഴിവാക്കാനും പറ്റില്ല.
എണ്ണ, വളം, ആയുധം
കുറഞ്ഞ വിലയ്ക്കു കിട്ടുന്ന റഷ്യൻ ക്രൂഡ് ഓയിൽ ഇപ്പോൾ ഇന്ത്യയുടെ ആവശ്യത്തിന്റെ മൂന്നിലൊന്നിലേറെ നിറവേറ്റുന്നു. ദിവസം 54 ലക്ഷം വീപ്പ ക്രൂഡ് ഓയിൽ വേണ്ടതിൽ 17.5 ലക്ഷം വീപ്പ റഷ്യയിൽനിന്നാണു വാങ്ങുന്നത്. രാസവളം ഇറക്കുമതിയുടെ 28 ശതമാനം റഷ്യയിൽനിന്നു വരുന്നു. യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷമാണ് റഷ്യൻ എണ്ണയും വളവും ഇറക്കുമതിയിൽ മുന്തിയ സ്ഥാനം നേടിയത്.
പ്രതിരോധമേഖലയിൽ റഷ്യൻ പങ്ക് ഇന്നും വളരെ വലുതാണ്. 2010-14 കാലത്ത് ആയുധ ഇറക്കുമതിയുടെ 72 ശതമാനം റഷ്യയിൽനിന്നായിരുന്നു. 2015-19ൽ അത് 55 ശതമാനമായും 2020-24ൽ 36 ശതമാനമായും കുറഞ്ഞു. വർധിച്ചത് അമേരിക്കയിലും ഫ്രാൻസിലും ഇസ്രയേലിലും നിന്നുള്ള ഇറക്കുമതി.
ഇനിയും റഷ്യ പ്രതിരോധ ഇറക്കുമതിയിൽ മുന്നിൽ നിൽക്കാനാണ് സാധ്യത. യുദ്ധവിമാനങ്ങളുടെ കാര്യത്തിൽ അമേരിക്കയുടെ എഫ് 35നെ തള്ളി റഷ്യയുടെ എസ്യു 57 വാങ്ങാനാണു സാധ്യത. എഫ് 35 ഒന്നിന് 11 കോടി ഡോളർ (970 കോടിയിലധികം രൂപ) വരുമ്പോൾ എസ്യു 57ന് നാലു കോടി ഡോളർ (350 കോടിയിലധികം രൂപ) മതി. വ്യോമ പ്രതിരോധ മിസൈൽ സംവിധാനമായ അമേരിക്കൻ പേട്രിയട്ടിനേക്കാൾ ഇന്ത്യക്കു പ്രിയം ഉപയോഗിച്ചു ശീലമായ റഷ്യൻ എസ് 400 ആണ്. പേട്രിയട്ടിന്റെ വില ഒരു യൂണിറ്റിന് 250 കോടി ഡോളർ. ആ സ്ഥാനത്ത് എസ് 400ന് 110 കോടി ഡോളർ മതി.
ചൈനീസ് ഇല്ലാതെ പറ്റില്ല
ചൈനയിൽനിന്നുള്ള ഇറക്കുമതി ഇന്ത്യയിലെ നിരവധി വ്യവസായങ്ങൾക്ക് അനിവാര്യമാണ്. രാജ്യത്തെ മരുന്നുവ്യവസായം ചൈനയിൽനിന്നുള്ള ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്സ് (എപിഐ-മരുന്നിന്റെ യഥാർഥ രാസസംയുക്തം) മുടങ്ങിയാൽ അടച്ചുപൂട്ടേണ്ടിവരും. സ്ട്രെപ്റ്റോമെെസിനും പാരാസെറ്റമോളും നിർമിക്കാനുള്ള എപിഐ 100 ശതമാനവും ചൈനയിൽനിന്നാണ്. ഇബൂപ്രോഫെൻ, പെനിസിലിൻ, വിറ്റാമിൻ ബി 12 എന്നിവയുടെ 95 ശതമാനത്തിലേറെ എപിഐയും ചെെന നൽകുന്നു. മറ്റ് ആന്റിബയോട്ടിക്കുകളുടെ 76 ശതമാനവും ചെെനയിൽനിന്നുതന്നെ. കീടനാശിനിയിൽ 89 ശതമാനവും ചൈനയെ ആശ്രയിക്കുന്നു.
ഇലക്ട്രോണിക്സിലും കാര്യം അങ്ങനെതന്നെ. കംപ്യൂട്ടർ ചിപ്പുകളുടെ 98.6 ശതമാനം ചൈനയിൽനിന്നാണ്. കളർ ടിവിക്കു വേണ്ട ഫ്ലാറ്റ് പാനൽ ഡിസ്പ്ലേയിൽ 86 ശതമാനം ചൈനീസ് ആണ്. സോളർ സെല്ലിൽ 83 ശതമാനം, ലാപ്ടോപ്പിൽ 80.5 ശതമാനം, ലിഥിയം അയോൺ ബാറ്ററിയിൽ 75.2 ശതമാനം എന്നിങ്ങനെ പോകുന്നു ആശ്രിതത്വം. കുട, വാക്വം ഫ്ലാസ്ക്, ഇലക്ട്രിക്കൽ ഫ്രീസർ എന്നിവയുടെ 95 ശതമാനത്തിലേറെ അവിടെനിന്നാണ്. പെൻസിൽ, ക്രയോൺ എന്നിവയിൽ 67 ശതമാനം ചൈനീസ് ആണ്. തുണിയിൽ എംബ്രോയ്ഡറി ചെയ്യാനുള്ള മെഷീനിൽ 92 ശതമാനവും അവിടെനിന്നുതന്നെ.
ബദലല്ല ചൈനയും റഷ്യയും
ഈ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ടാൽ ഇന്ത്യ ഇറക്കുമതി കൂട്ടുന്നതിനപ്പുറം കയറ്റുമതി കൂട്ടാനുള്ള അവസരം പരിമിതമാണ്. അതായത്, യുഎസുമായുള്ള കച്ചവടത്തിനു ബദലാവില്ല ഹിന്ദി-ചീനി ഭായി ഭായിയും ഹിന്ദി-റൂസി ഭായി ഭായിയും. പക്ഷേ, പഴയ കോൺഗ്രസ് കാല മുദ്രാവാക്യങ്ങളിലേക്കു മടങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർബന്ധിതനാക്കി. അതുകൊണ്ടാണ് അതിർത്തി കാര്യത്തിൽ ഒരു ധാരണയും ഉണ്ടാകാതിരുന്നിട്ടും ഷാങ്ഹായ് സഹകരണ സംഘടനയുടെ ടിയാൻജിൻ ഉച്ചകോടിയിൽ മോദി പങ്കെടുത്തത്. അവിടെ ചൈനയുടെ ഷി ചിൻപിംഗുമായും റഷ്യയുടെ വ്ലാദിമിർ പുടിനുമായും കാര്യമായ ചർച്ചകൾ നടത്തി. എല്ലാവരെയും കാണിക്കാൻ ഉദ്ദേശിച്ച് നിരവധി ചിത്രങ്ങളും (മോദി-ഷി, മോദി-പുടിൻ, ഷി- മോദി-പുടിൻ) എടുപ്പിച്ചു. ബന്ധങ്ങൾ വിളക്കിച്ചേർക്കുന്ന ആ ചിത്രങ്ങൾ കണ്ടു പലർക്കും ദേഷ്യം മൂത്തു.
നെഹ്റുവിന്റെ വഴിയേ
കഴിഞ്ഞ തവണകളിൽ ഒഴിവാക്കിയ ഉച്ചകോടിയിൽ പങ്കെടുത്തതു വഴി സൗഹൃദം പ്രഖ്യാപിച്ചതിനപ്പുറം കാര്യമായ ഒന്നും ഉണ്ടായിട്ടില്ല. ഭാവിയിൽ ഉണ്ടാകാം. പക്ഷേ, അമേരിക്ക തള്ളിപ്പറഞ്ഞാൽ വേറെ കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ പറ്റും എന്ന് ഇന്ത്യ കാണിച്ചു. അതിലുപരി, ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും ചേരിചേരാനയത്തെ വിമർശിച്ചവർ ഇപ്പോൾ അതേ വഴിയിലേക്കു മാറി എന്ന ആഭ്യന്തര രാഷ്ട്രീയമാറ്റം ഇവിടെ കാണാം. അതു ചെറിയൊരു മാറ്റമല്ല.
അകാരണമായി ശണ്ഠ കൂടി ഇന്ത്യയെ ട്രംപ് മറുചേരിയുടെ കൂടെയാക്കി എന്നു പല അമേരിക്കൻ നിരീക്ഷകരും കുറ്റപ്പെടുത്തുന്നുണ്ട്. ജോർജ് ബുഷ് ജൂണിയർ മുതലുള്ള പ്രസിഡന്റുമാർ ഇന്ത്യയെ സഖ്യകക്ഷിയാക്കി ഏഷ്യ പസഫിക് മേഖലയിൽ ശാക്തിക സന്തുലനത്തിനു ശ്രമിച്ചതാണ്. അതെല്ലാം ട്രംപ് തകർത്തു. തീരുവ 50 ശതമാനം എന്ന അസഹ്യ നിലയിലാക്കാൻ പറയുന്ന റഷ്യൻ എണ്ണവാങ്ങൽ അല്ല കാരണം എന്ന് എല്ലാവർക്കുമറിയാം.
വേട്ടക്കാരനും ബലൂചിസ്ഥാനും
ട്രംപിന്റെ പുത്രൻ ഡോണൾഡ് ട്രംപ് ജൂണിയറിന്റെ സുഹൃത്ത് ജെൻട്രി ബീച്ച് തുർക്കി, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഇക്കൊല്ലം കുറേ സന്ദർശനങ്ങൾ നടത്തി. എല്ലായിടത്തും ഭരണത്തലവന്മാരെ കണ്ടു ചർച്ച നടത്തി. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ധന, വിദേശ മന്ത്രിമാരെയും കൂട്ടി ബീച്ചിനു വിരുന്നു നൽകി. പാക്കിസ്ഥാനിൽ 50 ലക്ഷം കോടി ഡോളറിന്റെ അപൂർവധാതുക്കൾ ഖനനം ചെയ്യാമെന്നും രാജ്യത്തെ പെട്രോളിയം നിക്ഷേപം വലുതാണെന്നും ട്രംപിനെ പഠിപ്പിച്ചതു ബീച്ചാണ്. അതുവച്ചാണ്, ഇന്ത്യ പാക്കിസ്ഥാന്റെ എണ്ണ വാങ്ങേണ്ടിവരുമെന്നു ട്രംപ് പറഞ്ഞത്. ധാതുക്കൾ ഉള്ളതു കലാപം നടക്കാറുള്ള ബലൂചിസ്ഥാനിലും മറ്റുമാണ്. അവിടെ ഖനനം എളുപ്പമാകാനിടയില്ല.
ടെക്സസിൽ ഹെഡ്ജ് ഫണ്ട് നടത്തുന്ന ബീച്ചും ജൂണിയർ ട്രംപും ഒന്നിച്ചു വേട്ടയ്ക്കു പോകാറുണ്ട്. ഒരു പാപ്പർ ഇടപാടിൽ തട്ടിപ്പിനു ശക്ഷിക്കപ്പെട്ടയാളാണു ബീച്ചിന്റെ പിതാവ് ഗാരി. ഇയാളാണ് പല രാജ്യങ്ങളിലും ട്രംപ് കുടുംബത്തിനു താത്പര്യമുള്ള ബിസിനസുകൾ തേടിപ്പിടിച്ചു കൊടുക്കുന്നത്. ചില സാമ്പത്തിക സ്വാർഥതാത്പര്യങ്ങളാണ് ഇപ്പോൾ ലോകത്തെ ഭരിക്കുന്നത് എന്നു പ്രധാനമന്ത്രി മോദി പറഞ്ഞത് ഇക്കാര്യങ്ങൾ മനസിൽ വച്ചാണ്.
വഴിപിരിയാതെ നോക്കാൻ
അമേരിക്കൻ ബന്ധത്തിലെ ഉലച്ചിൽ വഴിപിരിയലിൽ എത്തുകയില്ല എന്നാണ് പരക്കെ കരുതുന്നത്. ആപ്പിൾ മുതൽ നൂറുകണക്കിന് അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. 2000 ഏപ്രിൽ മുതൽ 2024 സെപ്റ്റംബർ വരെ 6,677 കോടി ഡോളർ (5.9 ലക്ഷം കോടി രൂപ) പ്രത്യക്ഷ മൂലധനനിക്ഷേപം യുഎസ് കമ്പനികൾ നടത്തിയിട്ടുണ്ട്. നികുതിലാഭ രാജ്യങ്ങളിൽ കൂടി നടത്തിയതു ചേർത്താൽ ഇത്രയും തന്നെ അമേരിക്കൻ മൂലധനം കൂടി ഇന്ത്യയിൽ വന്നിട്ടുണ്ടാകും. അതു മിത്രരാജ്യം എന്ന പരിഗണനയിലാണ്. രാജ്യം എതിർചേരിയിലായാൽ ആ നിക്ഷേപവും ഓഹരിവിപണിയിലെ നിക്ഷേപങ്ങളും മടങ്ങിപ്പോകാനാരംഭിക്കും. അതു വലിയ ധനകാര്യ വിപത്തായി മാറും. അങ്ങനെ വരാതിരിക്കാൻ വലിയ കമ്പനികളും നിക്ഷേപകരും പരിശ്രമിക്കും. ഇന്ത്യയിലെ കയറ്റുമതി വ്യവസായികൾക്കു മാത്രമല്ല, ഇന്ത്യ-യുഎസ് ബന്ധം ഭദ്രമായി നിൽക്കണം എന്ന ആഗ്രഹമെന്നർഥം. ആ നീക്കങ്ങൾ ഫലം കാണുമെന്നു വേണം കരുതാൻ.
470 ബോയിംഗ് വിമാനങ്ങൾക്കുള്ള എയർ ഇന്ത്യയുടെ ഓർഡർ മുതൽ ഇന്ത്യയിൽനിന്നു പ്രതീക്ഷിക്കുന്ന പ്രതിരോധ വാങ്ങലുകൾ വരെ ശതകോടിക്കണക്കിനു ഡോളറിന്റെ ഇറക്കുമതിയാണു വരുംകാലത്ത് അമേരിക്കയിൽനിന്ന് ഇന്ത്യ നടത്തുക. ഇതെല്ലാം നഷ്ടപ്പെടുത്താൻ കമ്പനികൾ താത്പര്യപ്പെടില്ല.
സഹവർത്തിത്വം തുറന്ന കണ്ണോടെ
പാക്കിസ്ഥാന് പൂർണ സംരക്ഷണം നൽകുന്ന ചൈനയുമായി സമാധാനപരമായ സഹവർത്തിത്വം എന്ന പഴയ പഞ്ചശീലതത്വം മാത്രമേ ഇന്ത്യക്കു മുന്നോട്ടു കൊണ്ടുപോകാനുള്ളൂ. അതാകട്ടെ, നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാർ ശ്രമിച്ചു നോക്കിയതും ചൈന പരാജയപ്പെടുത്തിയതുമാണ്. എങ്കിലും വീണ്ടും പരീക്ഷിക്കാം. സാമ്പത്തിക സഹകരണവും ജനങ്ങൾ തമ്മിലുള്ള ഇടപാടുകളും വളർത്തുമ്പോൾ അതിർത്തിയിൽ ജാഗ്രത പാലിക്കുകയും എപ്പോഴും സന്നദ്ധരായിരിക്കുകയും വേണം എന്നു മാത്രം.
മോദി മടങ്ങിയതിന്റെ പിറ്റേന്ന് പാക്കിസ്ഥാന്റെ പ്രധാനമന്ത്രി ഷരീഫും സൈനികമേധാവിയും ബെയ്ജിംഗിൽ ചൈനീസ്, റഷ്യൻ നേതാക്കളോടു ചർച്ച നടത്തിയതും ഷരീഫ്-ഷി, ഷരീഫ്-പുടിൻ ഫോട്ടോകൾ വന്നതും ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യമാണ്.
നൊബേലും ട്രംപും
എന്താണു ട്രംപിനെ ഇതിലേക്കു നയിച്ചത്? രണ്ടു കാരണങ്ങളാണു പറയുന്നത്.
ഒന്ന്: ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചതിൽ തന്റെ പങ്ക് ഇന്ത്യ നിഷേധിച്ചതിലെ വിരോധം. ആ നിഷേധം സമാധാന നൊബേലിനു ട്രംപിന്റെ പേര് ശിപാർശ ചെയ്യാൻ പറ്റില്ല എന്നു മോദി പറയുന്ന ടെലിഫോൺ സംഭാഷണം വരെ എത്തി എന്നാണു റിപ്പോർട്ടുകൾ. നൊബേൽ പുരസ്കാരം ട്രംപിനു വല്ലാത്ത മോഹം തോന്നിയ ഒന്നാണെന്ന കാര്യം ലോകത്തിനു മുഴുവൻ അറിയാം. താൻ ഒരു വലിയ സംഭവമാണെന്ന വല്ലാത്ത അബദ്ധവിശ്വാസത്തിന്റെ മറുവശമാണത്.
പാക്കിസ്ഥാനിലെ സ്വപ്നങ്ങൾ
രണ്ട്: പാക്കിസ്ഥാനിൽ ട്രംപ് കാണുന്ന വലിയ ബിസിനസ് അവസരങ്ങൾ. ഇന്ത്യ അങ്ങനെ അവസരം നൽകില്ല. ഡെമോക്രാറ്റിക് പ്രസിഡന്റുമാരുടെ കൂടെ പ്രവർത്തിച്ചിട്ടുള്ള മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) ജേക്ക് സള്ളിവനാണ് ഈ ആരോപണം ഉന്നയിച്ചത്. എതിർ പാർട്ടിക്കാരനായതിന്റെ പേരിൽ ആരോപണം അവിശ്വസിക്കേണ്ടതില്ല.
പശ്ചിമേഷ്യയിലും യൂറോപ്പിലും ട്രംപിന്റെ പ്രത്യേക ദൂതനായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ സ്റ്റീവ് വിറ്റ് കോഫിന്റെ മകൻ സഖറി (സാക്) തുടങ്ങിയ വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്ന സ്ഥാപനത്തിന് പാക്കിസ്ഥാനിൽ ഈയിടെ ചില നേട്ടങ്ങളുണ്ടായി. ക്രിപ്റ്റോ കറൻസി വ്യാപനത്തിനുള്ള അനുവാദവും രാജ്യത്ത് ധനകാര്യ ഇടപാടുകൾ ഡിജിറ്റൽ ആക്കാനുള്ള കരാറും അതിൽപ്പെടുന്നു.
ട്രംപ് കുടുംബത്തിന് ലിബർട്ടിയിൽ 60 ശതമാനം ഓഹരിയുണ്ട്. ഏപ്രിലിൽ ഈ കരാറുകൾ ഉണ്ടായ ശേഷമാണ് പാക് സേനാമേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ ട്രംപ് വൈറ്റ് ഹൗസിലേക്കു വിളിച്ചു വിരുന്നു നൽകിയത്. ട്രംപിനെ നൊബേലിനു ശിപാർശ ചെയ്യാൻ മുനീർ മടിച്ചുമില്ല. ആ വിരുന്നിനു വരുന്നാേ എന്ന് ട്രംപ് മോദിയോടു ചോദിച്ചെന്നും റിപ്പോർട്ടുകളുണ്ട്.