ഇരകളാക്കപ്പെടുന്ന കുട്ടികൾ
റവ. ഡോ. ടോം കൈനിക്കര
Thursday, September 4, 2025 12:19 AM IST
പോണോഗ്രഫിയും ജെൻഡർ ആശയങ്ങളും ലോകം ചുറ്റുന്ന പെരുംനുണകൾ -02
വളരെ ചെറുപ്രായത്തിൽതന്നെ അശ്ലീല കാഴ്ചകളിലേക്ക് എത്തിപ്പെടാനുള്ള സകല സാഹചര്യങ്ങളിലൂടെയുമാണ് ഇന്നു കുട്ടികൾ വളരുന്നത്. അഞ്ചാം വയസ് മുതലെങ്കിലും പകുതിയോളം കുട്ടികൾ ഓണ്‍ലൈൻ ജീവിതത്തിലേക്കു കടക്കുന്നു. 13-ാം വയസിൽ 75 ശതമാനം കുട്ടികൾക്കും സ്വന്തമായി മൊബൈൽ ഫോണ്‍ കിട്ടുന്നു. 15നും 18നും ഇടയിലുള്ള കുട്ടികൾ ദിവസവും ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഫോണിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു. 71 ശതമാനം കൗമാരക്കാർക്കും അവരുടെ ഓണ്‍ലൈൻ ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കളിൽനിന്നു മറയ്ക്കാനുണ്ടാകും. കുട്ടികൾ കണ്ടാലും അവരുടെ മാതാപിതാക്കളോ ബന്ധപ്പെട്ടവരോ കണ്ടാലും ഏറ്റവും കൂടുതൽ ഇരകളാക്കപ്പെടുന്നത് കുട്ടികൾതന്നെയാണ്.
ചെറുപ്രായത്തിൽതന്നെ അശ്ലീലക്കാഴ്ചകളുടെ സ്വാധീനത്തിൽപ്പെടുന്ന കുട്ടികൾക്ക് പലപ്പോഴും വലിയ മാനസികാഘാതമാണ് ഏൽക്കേണ്ടിവരുന്നത്. അവരുടെ നിഷ്കളങ്കത നഷ്ടപ്പെടുകയും ലൈംഗികതയെക്കുറിച്ചും സ്ത്രീത്വം, പുരുഷത്വം, സ്ത്രീ-പുരുഷബന്ധം ഇവയെക്കുറിച്ചെല്ലാം വളരെ വികലവും ദോഷകരവുമായ അറിവു നേടുകയും കുഞ്ഞുങ്ങളുടെ സ്വഭാവവൈകല്യത്തിനുപോലും കാരണമാവുകയും ചെയ്യുന്നു. പലപ്പോഴും സുഖവും ദുഃഖവും വെറുപ്പും കുറ്റബോധവും ആകാംക്ഷയും നിരാശയുമെല്ലാം ഇടകലർന്ന സമ്മിശ്ര അനുഭവമായിരിക്കും കുട്ടികൾക്കുണ്ടാവുന്നത്. ലൈംഗികമായി ദുരുപയോഗിക്കപ്പെടാനും മറ്റുള്ളവരെ ദുരുപയോഗിക്കാനും സാധ്യത അവർക്കു കൂടുതലാണ്. സ്വയംഭോഗത്തിന് അടിമയാകാനും വിവാഹപൂർവ ലൈംഗിക ബന്ധങ്ങളിലേർപ്പെടാനും പെണ്‍കുട്ടികളെ വെറും ലൈംഗിക ഉപകരണങ്ങളായി കാണാനും ഉപയോഗിക്കാനുമെല്ലാമുള്ള സാധ്യതയും വളരെയധികമാണ്.
പോണോഗ്രഫിയുടെ അമിതോപയോഗം കൗമാര ഗർഭധാരണത്തിനും ആത്മവിശ്വാസക്കുറവിനും ക്രമരഹിതമായ ഭക്ഷണശീലത്തിനും വിഷാദത്തിനുമെല്ലാം കാരണമാകുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. 2008ൽ 2,343 കൗമാരക്കാരിൽ നടത്തിയ പഠനത്തിലാണ് ലൈംഗികത സംബന്ധിച്ച അനിശ്ചിതത്വത്തിലേക്കും ഭാവിയിൽ വിവാഹജീവിതത്തിലെ അവിശ്വസ്തതയിലേക്കുപോലും നയിക്കുമെന്നു കണ്ടെത്തിയത്. 2006ൽ മനഃശാസ്ത്രജ്ഞനായ ടോഡ് ജി. മോറിസണും സംഘവും നടത്തിയ പഠനത്തിലാണ് അമിതമായ പോണോഗ്രഫി ഉപയോഗിക്കുന്ന കൗമാരക്കാരിൽ സ്വന്തം ലൈംഗികതയെക്കുറിച്ചും ശരീരത്തെക്കുറിച്ചുമുള്ള അഭിമാനബോധം വളരെ താഴ്ന്ന നിലവാരത്തിലാണെന്നു കണ്ടെത്തിയത്. 2005ൽ 400 കൗമാരക്കാരിൽ നടത്തിയ രണ്ടു പഠനങ്ങൾ പോണോഗ്രഫിയുടെ നിരന്തര ഉപയോഗം കുട്ടികളെ ഏകാന്തതയിലേക്കും കടുത്ത വിഷാദത്തിലേക്കും നയിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പേകി.
ഇതു കൂടാതെ, മാതാപിതാക്കളുടെ പോണോഗ്രഫി ഉപയോഗവും ആത്യന്തികമായി ബാധിക്കുന്നത് കുട്ടികളെയാണ്. മാതാപിതാക്കളിൽനിന്നു കിട്ടേണ്ട സ്നേഹവും കരുതലും സുരക്ഷിതത്വവും പോണ് അഡിക്ട് ആയിട്ടുള്ള മാതാപിതാക്കളിൽനിന്നു ലഭിക്കാൻ യാതൊരു സാധ്യതയുമില്ല. മാതാപിതാക്കൾ തമ്മിലുള്ള ബന്ധത്തെയും വിവാഹത്തെയും മാത്രമല്ല കുടുംബജീവിതത്തെ മുഴുവനും പോണോഗ്രഫി ബാധിക്കുന്നുണ്ട്.
വിവാഹ-കുടുംബജീവിതത്തിലെ വില്ലൻ
വിവാഹബന്ധത്തിന്റെ അസ്ഥിരതയും ഭാര്യമാരുടെ ദുരവസ്ഥയും പോണ് അഡിക്ടായ ഒരു ഭർത്താവിന്റെ കുടുംബത്തിൽ ഉറപ്പാണ്. പോണ് വീഡിയോകളിലെ സ്ത്രീകളെ കണ്ട് ഭാര്യയോടുള്ള സ്നേഹം കാലക്രമേണ കുറയുന്നുവെന്ന് പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. 2000ൽ നടത്തിയ ഒരു സർവേയിൽ പോണോഗ്രഫി ഉപയോഗിക്കുന്നവരുടെ ഭാര്യമാർക്ക് മാനസികമായ മുറിവുകളും വഞ്ചിതരായിയെന്ന വിചാരവും ഭർത്താവിനോട് അവിശ്വാസവും നഷ്ടബോധവും ദേഷ്യവും ശൂന്യതാബോധവും തന്റെ ഭർത്താവ് നിരന്തരമായി പോണോഗ്രഫി ഉപയോഗിക്കുന്നയാളാണ് എന്ന് തിരിച്ചറിഞ്ഞാൽ അനുഭവപ്പെടുന്നുവെന്നാണ് തെളിഞ്ഞിട്ടുള്ളത്.
ഭർത്താവ് പോണ്അഡിക്ടായ ചില ഭാര്യമാർക്ക് താൻ തീരെ സൗന്ദര്യമില്ലാത്തവളും ഭർത്താവിനെ സന്തോഷിപ്പിക്കാനും ആകർഷിക്കാനും കഴിവില്ലാത്തവളുമാണ് എന്ന തോന്നലിൽ മാനസികാഘാതവും വിഷാദവും ഉണ്ടാകാറുണ്ട്. പോണോഗ്രഫി മൂലം ദന്പതികളിൽ ലൈംഗികതാത്പര്യങ്ങളും ലൈംഗികബന്ധവും വർധിക്കാറുണ്ടെങ്കിലും വൈകാരിക ബന്ധവും സ്നേഹവും പരസ്പര ആദരവും വളരെയധികം കുറയുമെന്നത് വസ്തുതയാണ്. കുടുംബസാഹചര്യത്തിൽ പോണോഗ്രഫി ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിവാഹത്തിന്റെ അഭേദ്യതയെയും പവിത്രതയെയുമാണ്.
ഒളിവിലും മറവിലും രഹസ്യത്തിലും പോണോഗ്രഫി ഉപയോഗിക്കുന്നതിനാൽ കുടുംബത്തിലെ പരസ്പരമുള്ള ആശയവിനിമയത്തെയും ബന്ധത്തെയും സാരമായി ബാധിക്കുന്നു. പോണോഗ്രഫിക്ക് അഡിക്ട് ആയ മാതാപിതാക്കൾ കുടുംബത്തിനു വേണ്ടിയും മക്കൾക്കുവേണ്ടിയും മറ്റു നല്ല കാര്യങ്ങൾക്കുവേണ്ടിയും ചെലവഴിക്കേണ്ട വിലപ്പെട്ട സമയം ഇത്തരം കാര്യങ്ങൾക്കു വേണ്ടി പാഴാക്കിക്കളയുന്നത് സാധാരണമാണ്.
പലപ്പോഴും സാന്പത്തികമായി പലതരത്തലുള്ള ബുദ്ധിമുട്ടുകൾക്കും ജോലിയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങൾക്കും പോണോഗ്രഫി കാരണമാകുന്നു. ഒരു ആണ്‍കുട്ടി തന്റെ പിതാവിനെയാണ് പുരുഷത്വത്തിന്റെയും പിതൃത്വത്തിന്റെയും മാതൃകയായി കാണുന്നത്. അതുപോലെതന്നെ പെണ്‍കുട്ടികൾ പുരുഷന്മാർ എങ്ങനെയാണ് സ്ത്രീകളോട് പെരുമാറേണ്ടത് എന്ന് പഠിക്കുന്നത് സ്വന്തം പിതാവിൽനിന്നാണ്. എന്നാൽ, പോണ് അഡിക്ടായ ഒരു പിതാവിന് ഇത്തരത്തിൽ പക്വതയുള്ള ഒരു മാതൃകാ അപ്പനാകാൻ ഒരിക്കലും സാധിക്കാറില്ല.
ദാന്പത്യ അവിശ്വസ്തതയും വിവാഹമോചനവും ഉറപ്പ്
ഡോൾഫ് സിൽമാൻ എന്ന മനഃശാസ്ത്രജ്ഞനും വിവരസാങ്കേതിക വിദഗ്ധനും കൗമാരക്കാരിൽ നടത്തിയ പഠനത്തിൽ പോണോഗ്രഫിയുടെ നിരന്തര ഉപയോഗം ആണ്‍കുട്ടികളിൽ ചെറുപ്പത്തിൽതന്നെ പെണ്‍സുഹൃത്തുക്കളോട് അവിശ്വസ്തരാകാൻ പ്രേരണ നൽകുമെന്നാണ് കണ്ടെത്തിയത്. സാമൂഹ്യശാസ്ത്രജ്ഞനായ സ്റ്റീവൻ സ്റ്റാക്കും സംഘവും 2004ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് പോണോഗ്രഫി ഉപയോഗിക്കുന്നവരുടെ വിവാഹജീവിതത്തിൽ 300 ശതമാനമാണ് ദാന്പത്യ അവിശ്വസ്തത വർധിച്ചിരിക്കുന്നത് എന്നാണ്. 2005ൽ തായ്വാനിലെ കൗമാരക്കാരിൽ നടത്തിയ പഠനത്തിലാണ് പോണോഗ്രഫി ഉപയോഗം അമിതമായ ലൈംഗിക അരാജകത്വത്തിലേക്കും അധാർമികതയിലേക്കും നയിക്കുന്നുവെന്ന് കണ്ടെത്തിയത്. സൈബർ സെക്സിൽ വ്യാപൃതരായിരിക്കുന്ന സ്ത്രീകളിൽ അവിശ്വസ്തത വർധിക്കുന്നുവെന്നും വിവാഹേതര ബന്ധങ്ങളിൽ 40 ശതമാനത്തോളം വർധന ഉണ്ടാകുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ദാന്പത്യ അവിശ്വസ്തത സ്വാഭാവികമായും നയിക്കുന്നത് വിവാഹമോചനത്തിലേക്കാണ്. വിവാഹമോചനത്തെക്കുറിച്ചുള്ള അമേരിക്കയിലെ അഭിഭാഷകരുടെ ഗവേഷണ റിപ്പോർട്ടനുസരിച്ച് 68 ശതമാനം വിവാഹമോചനവും പങ്കാളിയുടെ ഇന്റർനെറ്റ് പോണോഗ്രഫി ഉപയോഗത്തിന്റെ പരിണതഫലമാണ്.
47 ശതമാനം ആളുകൾ വളരെകൂടുതൽ സമയം ഇന്റർനെറ്റിൽ ചെലവഴിക്കുന്നു. പോണോഗ്രഫിയിലൂടെ ഉണ്ടാകുന്ന അമിതമായ ലൈംഗികാഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ സാധിക്കാത്തതിനാൽ ജീവിതപങ്കാളിയുമായുള്ള ദാന്പത്യബന്ധത്തിൽ താത്പര്യം കുറയുമെന്നാണ് കാണുന്നത്. 2012ലും 2014ലും നടത്തപ്പെട്ട രണ്ടു പഠനങ്ങളിൽ പോണോഗ്രഫിയുടെ ഉപയോഗം യഥാർഥ ദാന്പത്യബന്ധത്തിൽ സംതൃപ്തി കുറയാനും പോണ് വീഡിയോകളിലെപ്പോലെ മോശമായ പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിതരാകുന്ന പങ്കാളിക്ക് അപമാനവും ലജ്ജയും മൂലം ദാന്പത്യജീവിതത്തോടുതന്നെ താത്പര്യക്കുറവ് ഉണ്ടാകാനും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അമിത പോണ്‍കാഴ്ച പുരുഷന്മാരിൽ ലൈംഗികശേഷിക്കുറവിനുപോലും കാരണമാകുന്നുവെന്നും ഇതേ പഠനങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. പോണോഗ്രഫി നൽകുന്ന വാഗ്ദാനങ്ങൾ കപടമാണെന്ന് അതുപയോഗിക്കുന്നവർ മനസിലാക്കണം.
(തുടരും)