ജി.​ആ​ർ. അ​നി​ല്‍
(ഭക്ഷ്യ സിവിൽ സപ്ലൈസ് മ​ന്ത്രി)

ഓ​രോ നാ​ടി​നും ഓ​രോ ജ​ന​ത​യ്ക്കും അ​വ​രു​ടെ ഉ​ത്സ​വ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളു​മു​ണ്ട്. അ​വ സാ​മൂ​ഹ്യജീ​വി​ത​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഭാ​ഗ​വു​മാ​ണ്. ദു​രി​ത​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും നി​റ​ഞ്ഞ നി​ത്യ​ജീ​വി​ത​ത്തി​ല്‍നി​ന്നു​ള്ള മോ​ച​ന​വും പ്ര​തീ​ക്ഷ​യും പ്ര​ത്യാ​ശ​യു​മാ​ണ് അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ആ​ധു​നി​കകാ​ല​ത്തെ ഉ​ത്സ​വ​വേ​ള​ക​ള്‍ വി​പ​ണി​യു​ടെ നി​ർ​ദ​യ ചൂ​ഷ​ണ​ത്തി​ന്‍റേ​തുകൂ​ടി​യാ​ണ്. എ​ല്ലാ സ​മ​യ​ത്തും എ​ന്ന​തു​പോ​ലെ ഇ​ത്ത​രം സ​വി​ശേ​ഷ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും അ​വ​ശ്യവ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക​യും സ്വാ​ഭാ​വി​ക​മോ അ​ല്ലാ​ത്ത​തു​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​നു​ള്ള സാ​ധ്യ​ത​യെ മു​ന്‍കൂ​ട്ടി​ക്ക​ണ്ട് ത​ട​യു​ക​യും ചെ​യ്യേ​ണ്ട​ത് ഒ​രു ക്ഷേ​മ​രാ​ഷ്‌​ട്ര​ത്തി​ലെ സ​ർ​ക്കാ​രി​ന്‍റെ ക​ട​മ​യാ​ണ്.

ഈ ​ഓ​ണ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലെ എ​ല്‍ഡി​എ​ഫ് സ​ർ​ക്കാ​ർ ആ ​ക​ട​മ ഫ​ല​പ്ര​ദ​മാ​യി നി​ർ​വ​ഹി​ക്കു​ക​യും കേ​ര​ള​ത്തി​ലെ മ​ഹാ​ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും അ​തി​ന്‍റെ പ്ര​യോ​ജ​നം അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തു. കേ​ര​ളം ഒ​രു ഭ​ക്ഷ്യ​ക​മ്മി സം​സ്ഥാ​ന​മാ​ണ്. ഒ​രു ഉ​പ​ഭോ​ക്തൃ സം​സ്ഥാ​ന​വു​മാ​ണ്. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ക്കും മ​റ്റ് അ​വ​ശ്യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ക്കും രാ​ജ്യ​ത്തെ ഉ​ത്പാ​ദ​ക സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടിവ​രു​ന്നു. ഇ​ത് സ്വാ​ഭാ​വി​ക​മാ​യും വ​ലി​യ തോ​തി​ലു​ള്ള വി​ല​ക്ക​യ​റ്റ​ത്തി​ന്, വി​ശേ​ഷി​ച്ചും ഉ​ത്സ​വകാ​ല​ങ്ങ​ളി​ല്‍, ഇ​ട​യാ​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. സ​മ്പ​ന്ന​രെ​യോ ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള ഇ​ട​ത്ത​ര​ക്കാ​രെ​യോ ഈ ​സ്ഥി​തി കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ല.

എ​ന്നാ​ല്‍, അ​ത​ല്ല സാ​ധാ​ര​ണ​ക്കാ​രു​ടെ​യും താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രു​ടെ​യും അ​വ​സ്ഥ. അ​വ​രു​ടെ ഉ​ത്സ​വ​വേ​ള​യു​ടെ​ത​ന്നെ ശോ​ഭ കെ​ടു​ത്തു​ന്ന ഒ​രു സ്ഥി​തിവി​ശേ​ഷ​മാ​യി ഇ​ത് കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ മാ​റി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​മൊ​രു പ്ര​ശ്ന​ത്തെ തി​രി​ച്ച​റി​യു​ക​യും കാ​ര്യ​ക്ഷ​മ​മാ​യി വി​പ​ണി​യി​ട​പെ​ട​ല്‍ ന​ട​ത്തു​ക​യും ചെ​യ്യു​ക മാ​ത്ര​മേ ഒ​രു സ​ർ​ക്കാ​രി​ന് ചെ​യ്യാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. സ​ർ​ക്കാ​ർ അ​വ​ശ്യവ​സ്തു​ക്ക​ളു​ടെ ഉ​ത്പാ​ദ​ക​ര​ല്ല. നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വി​ലൂ​ടെ വി​ല നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​ര​വും സ്വ​ത​ന്ത്ര സ​മ്പ​ദ് വ്യ​വ​സ്ഥ നി​ല​നി​ല്‍ക്കു​ന്ന ന​മ്മു​ടെ രാ​ജ്യ​ത്തി​ല്ല. ഈ ​പ​രി​മി​തി​ക​ളെ​യെ​ല്ലാം മ​റി​ക​ട​ന്നു​കൊ​ണ്ടാ​ണ് കേ​ര​ളം മാ​തൃ​കാ​പ​ര​മാ​യ ഒ​രു സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. അ​ത് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണ് എ​ന്ന് ഈ ​ഓ​ണ​ക്കാ​ല​വും തെ​ളി​യി​ച്ചു.

പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്നു എ​ന്ന​ത് ആ​ല​ങ്കാ​രി​ക​മാ​യി പ​റ​യു​ന്ന​ത​ല്ല. ഈ ​ഓ​ണ​ത്തി​ന് ടൈ​ഡ് ഓ​വ​ര്‍ വി​ഹി​ത​ത്തി​ന്‍റെ വി​ല​യാ​യ 8.30 രൂ​പ​യ്ക്ക് കേ​ര​ള​ത്തി​ന് അ​ധി​ക അ​രിവി​ഹി​തം ന​ല്‍ക​ണ​മെ​ന്ന് ജൂ​ലൈ ഒ​ന്നി​ന് കേ​ന്ദ്ര ഭ​ക്ഷ്യമ​ന്ത്രി പ്ര​ഹ്ളാ​ദ് ജോ​ഷി​യെ നേ​രി​ല്‍ക്ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഒ​രു മ​ണി അ​രി​പോ​ലും അ​ധി​ക​മാ​യി ന​ല്‍കാ​നാ​കി​ല്ല എ​ന്ന നി​ല​പാ​ടാ​ണെ​ടു​ത്ത​ത്.

സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ക്കോ ക​മ്പ​നി​ക​ള്‍ക്കോ വാ​ങ്ങാ​വു​ന്ന ഒ​എം​എ​സ്എ​സ് നി​ര​ക്കി​ല്‍ വേ​ണ​മെ​ങ്കി​ല്‍ എ​ടു​ക്കാം എ​ന്നാ​ണ് അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ വ​രാ​നി​രി​ക്കു​ന്ന മാ​സ​ങ്ങ​ളി​ലെ വി​ഹി​തം മു​ന്‍കൂ​റാ​യി വി​ട്ടെ​ടു​പ്പ് ന​ട​ത്തി ഓ​ണ​ത്തി​ന് സ്പെ​ഷല്‍ അ​രി സം​സ്ഥാ​ന സ​ർ​ക്കാ​ർ ല​ഭ്യ​മാ​ക്കി. വെ​ള്ള, നീ​ല, പി​ങ്ക് കാ​ർ​ഡു​കാ​ർ​ക്ക് യ​ഥാ​ക്ര​മം 15, 10, 5 കി​ലോ ഗ്രാം ​വീ​തം 10.90 രൂ​പ​യ്ക്ക് റേ​ഷ​ന്‍ക​ട​ക​ള്‍ വ​ഴി വി​ത​ര​ണം ചെ​യ്തു. ഭ​ക്ഷ്യ​ക്ക​മ്മി സം​സ്ഥാ​ന​മെ​ന്ന​ത് പ​രി​ഗ​ണി​ച്ച് 1965 മു​ത​ല്‍ സാ​ർ​വ​ത്രി​ക​മാ​യ റേ​ഷ​നിം​ഗ് കേ​ര​ള​ത്തി​ല്‍ നി​ല​നി​ന്നി​രു​ന്നു.

2013ലെ ​ഭ​ക്ഷ്യ ഭ​ദ്ര​താ നി​യ​മം കേ​ര​ള ജ​ന​സം​ഖ്യ​യി​ലെ 57 ശ​ത​മാ​നം വ​രു​ന്ന മു​ന്‍ഗ​ണ​നേ​ത​ര വി​ഭാ​ഗ​ത്തെ റേ​ഷ​ന്‍ പ​രി​ധി​ക്ക് പു​റ​ത്താ​ക്കി. പ​രി​മി​ത​മാ​യി ല​ഭി​ക്കു​ന്ന ടൈ​ഡ് ഓ​വ​ർ വി​ഹി​ത​ത്തി​ല്‍നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​വി​ഭാ​ഗ​ത്തി​ന് റേ​ഷ​ന്‍ ന​ല്‍കിവ​രു​ന്നു​ണ്ട്. എ​ന്നാ​ല്‍, ഈ ​ഓ​ണ​ക്കാ​ല​ത്ത് ആ ​വി​ഹി​തം മ​തി​യാ​വു​ക​യി​ല്ല എ​ന്ന നി​ല​പാ​ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​വി​ഭാ​ഗ​ത്തി​നു​ള്‍പ്പെ​ടെ സ്പെ​ഷല്‍ അ​രി വി​ത​ര​ണം ചെ​യ്ത​ത്. ഇ​തു കൂ​ടാ​തെ സ​പ്ലൈ​കോ വി​ല്‍പ​ന​ശാ​ല​ക​ള്‍ വ​ഴി 25 രൂ​പ നി​ര​ക്കി​ല്‍ കാ​ർ​ഡ് ഒ​ന്നി​ന് 20 കി​ലോ ഗ്രാം ​പ​ച്ച​രി​യോ പു​ഴു​ക്ക​ല​രി​യോ ഇ​ഷ്ടാ​നു​സ​ര​ണം ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കി. സ​ബ്സി​ഡി​യാ​യി സ​പ്ലൈ​കോ സാ​ധാ​ര​ണ​യാ​യി ന​ല്‍കി​വ​രു​ന്ന എ​ട്ടു കി​ലോ ഗ്രാ​മി​ന് പു​റ​മെ​യാ​ണി​ത്. ഇ​പ്ര​കാ​രം വി​പ​ണി​യി​ല്‍ അ​രി​യു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​ക്കൊ​ണ്ട് വി​ല​ക്ക​യ​റ്റം ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.


വെ​ളി​ച്ചെ​ണ്ണ വി​ല​വ​ര്‍ധ​ന​യി​ല്‍ സ​പ്ലൈ​കോ ഇ​ട​പെ​ട​ല്‍ വ​ള​രെ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു എ​ന്നാ​ണ് കു​റ​യു​ന്ന വെ​ളി​ച്ചെ​ണ്ണ വി​ല കാ​ണി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സ​പ്ലൈ​കോ വി​ല്പ​ന​ശാ​ല​യി​ല്‍ നി​ന്ന് 457 രൂ​പ വി​ല​യു​ള്ള കേ​ര വെ​ളി​ച്ചെ​ണ്ണ ആ​വ​ശ്യാ​നു​സ​ര​ണം ന​ല്‍കി​യി​രു​ന്നു. ഓ​ഗ​സ്റ്റ് 25 മു​ത​ല്‍ 457 രൂ​പ​യി​ല്‍നി​ന്നു 429 രൂ​പ​യി​ലേ​ക്ക് കേ​ര വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല സ​പ്ലൈ​കോ കു​റ​ച്ചു. നേ​ര​ത്തേ ഒ​രു ബി​ല്ലി​ന് ഒ​രു ലി​റ്റ​ര്‍ കേ​ര വെ​ളി​ച്ചെ​ണ്ണ മാ​ത്രം എ​ന്ന നി​ബ​ന്ധ​ന, ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം മാ​റ്റി​യി​ട്ടു​ണ്ട്. സ​പ്ലൈ​കോ​യു​ടെ സ്വ​ന്തം ബ്രാ​ന്‍ഡാ​യ ശ​ബ​രി​യു​ടെ ഒ​രു ലി​റ്റ​ര്‍ സ​ബ്സി​ഡി വെ​ളി​ച്ചെ​ണ്ണ 349 രൂ​പ​യ്ക്ക് ന​ല്‍കി​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ 339 രൂ​പ​യാ​യും സ​ബ്സി​ഡി​യി​ത​ര ശ​ബ​രി വെ​ളി​ച്ചെ​ണ്ണ 429 രൂ​പ​യി​ല്‍ നി​ന്നും 389 രൂ​പ​യാ​യും കു​റ​വു വ​രു​ത്തി​യാ​ണ് വി​ല്‍പ​ന ന​ട​ത്തു​ന്ന​ത്. ഈ ​ന​ട​പ​ടി​യി​ലൂ​ടെ പൊ​തു​വി​പ​ണി​യി​ലെ വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല പി​ടി​ച്ചു​നി​ർ​ത്താ​ന്‍ ക​ഴി​ഞ്ഞു.

സെ​പ്റ്റം​ബ​ർ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ല്‍ 1500 രൂ​പ​യു​ടെ​യോ അ​തി​ല​ധി​ക​മോ സ​ബ്സി​ഡി​യി​ത​ര ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ർ​ക്ക് ഒ​രു ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണകൂ​ടി സ​ബ്സി​ഡി നി​ര​ക്കി​ല്‍ ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ഇ​നി​യും കു​റ​വ് വ​രു​ത്താ​ന്‍ സാ​ധി​ക്കും എ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. 14 ജി​ല്ലാ​ ഫെ​യ​റു​ക​ള്‍ ഉ​ള്‍പ്പെ​ടെ 140 നി​യോ​ജ​കമ​ണ്ഡ​ല​ങ്ങ​ളി​ലും സ​പ്ലൈ​കോ​യു​ടെ ഓ​ണ​ച്ച​ന്ത സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഉ​ള്‍പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടെ എ​ത്തി​ച്ചേ​രു​ന്ന സ​ഞ്ച​രി​ക്കു​ന്ന ഓ​ണ​ച്ച​ന്ത​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തെ സ​പ്ലൈ​കോ​യു​ടെ വി​റ്റുവ​ര​വി​ല്‍, പൊ​തു​ജ​ന​ങ്ങ​ള്‍ സ​പ്ലൈ​കോ​യി​ല്‍ അ​ര്‍പ്പി​ക്കു​ന്ന വി​ശ്വാ​സം പ്ര​ക​ട​മാ​ണ്. ജൂ​ലൈ​യി​ല്‍ 168 കോ​ടി രൂ​പ​യു​ടെ വി​റ്റുവ​ര​വാ​ണ് സ​പ്ലൈ​കോ​യ്ക്ക് ഉ​ണ്ടാ​യ​ത്. 60 കോ​ടി രൂ​പ​യു​ടെ സ​ബ്സി​ഡി ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​മാ​സം സ​പ്ലൈ​കോ വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് വി​ത​ര​ണം ചെ​യ്ത​ത്. 32 ല​ക്ഷ​ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ള്‍ ജൂ​ലൈ​യി​ൽ സ​പ്ലൈ​കോ വി​ല്പ​ന​ശാ​ല​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്നു.

ഓ​ഗ​സ്റ്റി​ല്‍ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡു​ക​ള്‍ ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള വി​ല്‍പ​ന​യാ​ണ് സ​പ്ലൈ​കോ ഔ​ട്ട്‌ലെ​റ്റു​ക​ള്‍ വ​ഴി ന​ട​ന്ന​ത്. ഓ​ഗ​സ്റ്റ് 31വ​രെ​യു​ള്ള വി​റ്റു​വ​ര​വ് 297.3 കോ​ടി രൂ​പ​യാ​ണ് എ​ന്ന​ത് സൂ​ചി​പ്പി​ക്കു​ന്ന​ത് ഇ​ക്കാ​ര്യ​മാ​ണ്. ഓ​ഗ​സ്റ്റ് 11, 12 തീ​യ​തി​ക​ളി​ല്‍ പ്ര​തി​ദി​ന വി​റ്റു​വ​ര​വ് പ​ത്തു കോ​ടി ക​വി​ഞ്ഞ് ക്ര​മാ​നു​ഗ​ത​മാ​യി വ​ർ​ധി​ച്ച് 27ന് ​സ​പ്ലൈ​കോ​യു​ടെ ച​രി​ത്ര​ത്തി​ലെ​ത​ന്നെ പ്ര​തി​ദി​ന റി​ക്കാ​ർ​ഡ് വി​റ്റു​വ​ര​വാ​യ 15.7 കോ​ടി​യി​ലെ​ത്തി. (ഇ​തി​നു മു​മ്പു​ള്ള പ്ര​തി​ദി​ന വി​റ്റു​വ​ര​വ് 15.37 കോ​ടി​യാ​യി​രു​ന്നു) 29ന് 17.91 ​കോ​ടി​യും 30ന് 19.4 ​കോ​ടി​യും സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് 22.2 കോ​ടി​യും ര​ണ്ടി​ന് 25 കോ​ടി​യും ക​ട​ന്നു. ഇ​ന്ന​ലെ വ​രെ ആ​കെ ഈ ​ഓ​ണ​ക്കാ​ല​ത്ത് 354 കോ​ടി രൂ​പ​യു​ടെ വി​ല്‍പ​ന​യാ​ണ് ന​ട​ന്ന​ത്. 51.87 ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ള്‍ - അ​താ​യ​ത് അ​ത്ര​യും കു​ടും​ബ​ങ്ങ​ള്‍ - സ​പ്ലൈ​കോ​യു​ടെ സേ​വ​നം സ്വീ​ക​രി​ച്ചു. കേ​ര​ള​ത്തി​ലെ മൂ​ന്നേ​കാ​ല്‍ കോ​ടി ജ​ന​ങ്ങ​ളി​ല്‍ ര​ണ്ട് കോ​ടി​യി​ല​ധി​കം പേ​ർ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ച്ചു.

അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന (മ​ഞ്ഞ കാ​ർ​ഡ്) വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍ക്കും ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ള്‍ക്കു​മ​ട​ക്കം 14 ഇ​ന​ങ്ങ​ള​ട​ങ്ങി​യ 6,14,217 സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റു​ക​ളാ​ണ് ഇ​ക്കു​റി ഓ​ണ​ത്തി​ന് ന​ല്‍കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ അം​ഗീ​കൃ​ത​വും അ​ല്ലാ​ത്ത​തു​മാ​യ അ​ഗ​തിമ​ന്ദി​ര​ങ്ങ​ള്‍, അ​നാ​ഥാ​ല​യ​ങ്ങ​ള്‍, ക്ഷേ​മാ​ശു​പ​ത്രി​ക​ള്‍, മാ​ന​സികാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ അ​ന്തേ​വാ​സി​ക​ള്‍ക്ക് നാ​ലു പേ​ർ​ക്ക് ഒ​രു കി​റ്റ് എ​ന്ന ക്ര​മ​ത്തി​ല്‍ ന​ല്‍കാ​നാ​ണ് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്ന​ത്. ഇ​തി​നു പു​റ​മെ ചെ​ങ്ങ​റ സ​മ​ര ഭൂ​മി​യി​ല്‍ ഉ​ള്‍പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍ക്കുകൂ​ടി കി​റ്റ് ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഓ​ണ​ത്തി​ന് മു​മ്പാ​യി അ​ർ​ഹ​രാ​യ മു​ഴു​വ​നാ​ളു​ക​ള്‍ക്കും വി​ത​ര​ണം ചെ​യ്യും.

ഉ​പ​ഭോ​ക്തൃ​ സം​സ്ഥാ​നം എ​ന്ന നി​ല​യി​ലു​ള്ള സം​സ്ഥാ​ന​ത്തി​ന്‍റെ പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്നു​കൊ​ണ്ട് ജ​ന​പ​ക്ഷ സ​ർ​ക്കാ​ർ ന​ട​ത്തി​യ രാ​ഷ്‌​ട്രീ​യ ഇ​ച്ഛാ​ശ​ക്തി​യോ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ വി​ജ​യം ക​ണ്ടു എ​ന്ന​ത് ന​വ​കേ​ര​ള​ത്തി​ലേ​ക്കു​ള്ള മു​ന്നേ​റ്റ​ത്തി​ല്‍ ആ​വേ​ശ​വും പ്ര​തീ​ക്ഷ​യും പ​ക​രു​ന്നു.