മഹാനായ കേരളപുത്രന്റെ സ്മരണ
Wednesday, October 22, 2025 12:32 AM IST
രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ (കേരള ഗവര്‍ണര്‍)
മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ പ്രതിമ കേരള രാജ്ഭവനില്‍ അനാവരണം ചെയ്യുന്നുവെന്നത് വെറുമൊരു ഔദ്യോഗിക ചടങ്ങ് മാത്രമല്ല; മറിച്ച് രാജ്യത്തിന് പ്രചോദനമായ മഹാനായ രാഷ്ട്രതന്ത്രജ്ഞന്റെ ജീവിതത്തെയും സംഭാവനകളെയും ആദരിക്കുന്ന മനോഹര നിമിഷവുമാണ്. ഈ ശ്രമത്തിന് പ്രചോദനം മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നിരീക്ഷണപരമായ നിര്‍ദേശമാണ്. 2024 മേയ് മൂന്നിന്, അന്നത്തെ കേരള ഗവര്‍ണര്‍ (ഇപ്പോള്‍ ബിഹാര്‍ ഗവര്‍ണര്‍) ആരിഫ് മുഹമ്മദ് ഖാന് എഴുതിയ കത്തില്‍, കെ.ആര്. നാരായണന്റെ ജീവിതവും പൈതൃകവും അദ്ദേഹത്തിന്റെ ജന്മനാടായ കേരളത്തില്‍ ആദരിക്കേണ്ടതുണ്ടെന്ന് കോവിന്ദ് രേഖപ്പെടുത്തി.
“കേരളത്തിന്റെ പുത്രനായി ജനിച്ച് രാജ്യത്തിന്റെ ഉയര്‍ന്ന ഭരണഘടനാപദവിയിലേക്ക് വളര്‍ന്ന ഒരാളെ കേരള രാജ്ഭവനില്‍ ആദരിക്കുന്നത് ഒരു സ്നേഹപ്രകടനം മാത്രമല്ല; സവിശേഷ കാഴ്ചപ്പാടും ആഴത്തിലുള്ള ദേശീയ ബഹുമാനവുമാണ്” എന്നാണ് കോവിന്ദ് എഴുതിയത്. ആരിഫ് മുഹമ്മദ് ഖാന് ഈ നിര്‍ദേശം പൂര്‍ണമായി അംഗീകരിക്കുകയും രാജ്ഭവനില്‍ കെ.ആര്. നാരായണന്റെ അര്‍ധകായ പ്രതിമ സ്ഥാപനം ഉറപ്പാക്കുകയും ചെയ്തു.
സ്നേഹപാത്രമായ വ്യക്തിത്വത്തോടെയും ദീര്‍ഘദര്‍ശിത്വമുള്ള നേതൃപ്രതിഭയോടെയും അനുഗൃഹീതനായിരുന്നു കെ.ആര്. നാരായണന്. തന്റെ പൊതുപ്രവര്‍ത്തനജീവിതത്തില്‍ ജനക്ഷേമത്തിനായി നിരവധി സംരംഭങ്ങള്‍ ആരംഭിച്ചു. ജന്മനാടായ കേരളത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ആഴമേറിയതായിരുന്നു.
കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയും മൂല്യങ്ങളെയും ആത്മാര്‍ഥമായി പ്രതിനിധാനം ചെയ്തു. സ്വാതന്ത്ര്യവും ബഹുമാനവും കാത്തുസൂക്ഷിച്ച രാഷ്ട്രപതിയായും ഉയര്‍ന്ന ഭരണഘടനാ മൂല്യങ്ങളെ പൂര്‍ണമായി പാലിച്ച നേതാവായും ലോകം അദ്ദേഹത്തെ അംഗീകരിച്ചു.
കെ.ആര്. നാരായണന്റെ സ്മരണ തലമുറകള്‍ക്കായി നിലനിര്‍ത്തുന്നത് സംസ്ഥാനത്തിന്റെ കടമയാണ്. പ്രതിമാ സ്ഥാപനം അതിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ്. മഹാനായ നേതാവിനെ ആദരിക്കുന്നതിനൊപ്പം മലയാളികളുടെ ഹൃദയങ്ങളിലും രാജ്ഭവന് സ്ഥിരസ്ഥാനം നേടും. രാജ്ഭവനില്‍ സ്ഥാപിക്കുന്ന കെ.ആര്. നാരായണന്റെ അര്‍ധകായ പ്രതിമ നീതി, സമത്വം, വിദ്യാഭ്യാസം, നൈതിക ധൈര്യം തുടങ്ങിയ മൂല്യങ്ങളുടെ പ്രതീകമായി നിലകൊള്ളും. ജ്ഞാനത്താലും പരിശ്രമത്താലും സാമൂഹിക പ്രതിബന്ധങ്ങളെ അതിജീവിച്ച ഒരാളുടെ ജീവിതസ്മരണയാണിത്.
ഉഴവൂരില്‍ ജനിച്ച കെ.ആര്. നാരായണ്‍ നിശ്ചയദാര്‍ഢ്യത്തോടെ ഉന്നതവിദ്യാഭ്യാസം നേടി, പാണ്ഡിത്യസമ്പന്നനായ നയതന്ത്രജ്ഞനായും പിന്നീട് രാഷ്ട്രപതിയായും ഉയര്‍ന്നു. അദ്ദേഹത്തിന്റെ ജീവിതം നമ്മുടെ ജനാധിപത്യം ഓരോ പൗരനുമൊരുക്കുന്ന ഉള്‍ക്കൊള്ളലിന്റെയും അവസരങ്ങളുടെയും തെളിവാണ്.
പ്രസിഡന്റ് കെ.ആര്. നാരായണന് രാഷ്ട്രപതിഭവനിലേക്ക് കൊണ്ടുവന്നത് ബൗദ്ധിക ആഴം മാത്രമല്ല, ആഴത്തിലുള്ള നൈതിക ഉത്തരവാദിത്വബോധവുമായിരുന്നു. രാജ്യത്തിന്റെ ആത്മാവായി ഭരണഘടനയെ അദ്ദേഹം കാത്തുസൂക്ഷിച്ചു. ഉറച്ച വിശ്വാസത്തോടെയും, സൗമ്യതയും സംയമനവും പാലിച്ചുകൊണ്ടും സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രപതിത്വം സ്വാതന്ത്ര്യത്തിന്റെയും അഴിമതിയറ്റ നീതിബോധത്തിന്റെയും മാതൃകയായിരുന്നു.
കെ.ആര്. നാരായണന് രാഷ്ട്രപതിയായിരുന്ന കാലഘട്ടത്തിലെ ഭൂരിഭാഗം സമയത്തും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത് അടല്‍ ബിഹാരി വാജ്പേയിയായിരുന്നു. രാഷ്ട്രീയമായി വെല്ലുവിളികളേറിയ ഘട്ടങ്ങളിലും ഇരുനേതാക്കളും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനത്താലും ഭരണഘടനാപരമായ സൗമ്യതയാലും അടയാളപ്പെട്ടു.
രാഷ്ട്രപതി നാരായണന്റെ നിഷ്പക്ഷത, ബൗദ്ധികത, അചഞ്ചലമായ കര്‍ത്തവ്യബോധം എന്നിവയെ വാജ്പേയി ആഴത്തില്‍ വിലയിരുത്തിയിരുന്നു. നാരായണനെ “ഭരണഘടനയുടെ കാവല്‍ക്കാരനും റിപ്പബ്ലിക്കിന്റെ മനഃസാക്ഷിയുടെ സൂക്ഷിപ്പുകാരനും” എന്നായിരുന്നു വാജ്പേയിയുടെ വിശേഷണം.
കേരളത്തിലെ ഉഴവൂരിലെ ലളിതമായ ജീവിതാരംഭത്തില്നിന്ന് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാപദവിയിലേക്ക് ഉയര്‍ന്ന നാരായണന്റെ പ്രചോദനാത്മകമായ ജീവിതയാത്രയെക്കുറിച്ച് വാജ്പേയി പലപ്പോഴും സംസാരിച്ചിരുന്നു. അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയുടെയും ഉള്‍ക്കൊള്ളുന്ന സ്വഭാവത്തിന്റെയും ജീവന്തമായ സാക്ഷ്യമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
“നമ്മുടെ ജനാധിപത്യം കഴിവിനും സമര്‍പ്പണത്തിനും നൈതിക ശക്തിക്കും തിളങ്ങാനുള്ള സ്ഥലം നല്‍കുന്നുവെന്ന് നാരായണന്റെ ജീവിതകഥ ഓരോ ഇന്ത്യന്‍ പൗരനെയും ഓര്‍മപ്പെടുത്തുന്നു” എന്നും വാജ്പേയി നിരീക്ഷിച്ചിരുന്നു.
കേരള രാജ്ഭവനെന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലത്ത് അദ്ദേഹത്തിന്റെ പ്രതിമ അനാവരണം ചെയ്യുന്നതിലൂടെ, നാം ഒരു അസാധാരണ വ്യക്തിയെ ആദരിക്കുന്നതിലുപരി, ഭാരതത്തെ നിര്‍വചിക്കുന്ന സമത്വം, നീതി, കരുണ, എല്ലാവര്‍ക്കുമുള്ള അവസരം എന്നീ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസവും പുതുക്കി ഉറപ്പിക്കുന്നു.
വിനയത്തിലും നൈതികശക്തിയിലും ആധാരപ്പെട്ട നേതൃപാടവത്തിന് രാജ്യത്തെ മാറ്റിമറിക്കാന്‍ കഴിയും എന്ന് ഓരോ സന്ദര്‍ശകനെയും ഉദ്യോഗസ്ഥനെയും ഓര്‍മപ്പെടുത്തുന്ന പ്രതീകമായി ഈ പ്രതിമ നിലനില്ക്കും. കെ.ആര്. നാരായണനെ ആദരിക്കുന്നതിലൂടെ, നാം നമ്മുടെ ഉള്ളിലെ മഹത്വത്തെയും ആദരിക്കുകയാണ്.