വില്ലൻ വാക്സിനല്ല കോവിഡ് തന്നെ
Wednesday, October 22, 2025 12:37 AM IST
നിഴലായ് മരണം -2 / ബിജോ ജോ തോമസ്
കോവിഡ് ബാധിതർക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന ഔദ്യോഗിക ഭാഷ്യം നമ്മുടെ രാജ്യത്തെ വൈദ്യശാസ്ത്രരംഗത്തുനിന്ന് ഇനിയുമുണ്ടായിട്ടില്ല. എന്നാൽ, യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി ഇതു സംബന്ധിച്ചു നടത്തിയ ഗവേഷണം ആശങ്കയുളവാക്കുന്നതാണ്.
കോവിഡും കുഴഞ്ഞുവീണുള്ള മരണവും തമ്മിൽ ബന്ധമുണ്ടെന്ന് ഇവരുടെ പഠനം പറയുന്നു. വളരെ നാളുകളെടുത്ത് വിശദമായി നടത്തിയ ഗവേഷണത്തിലൂടെയാണ് സൊസൈറ്റി ഇതു കണ്ടെത്തിയത്. കോവിഡ് വന്നവർക്ക് രോഗസാധ്യത ഏറെയാണെന്ന് ഈ പഠനങ്ങൾ തെളിയിക്കുന്നു.
ലോകമെന്പാടുമായി ഏകദേശം 80 കോടി ആളുകൾക്കാണ് കോവിഡ് മഹാമാരി പിടിപെട്ടത്. ഇതിൽ നല്ലൊരു ശതമാനത്തിന് ഹൃദയസംബന്ധമായ രോഗങ്ങൾക്ക് സാധ്യതയുണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു. 16 രാജ്യങ്ങളിലെ 36 സെന്ററുകളിലായി നടന്ന പഠനത്തിൽ കോവിഡ് ബാധിതരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു
. അസുഖം ബാധിച്ച് വീട്ടിൽതന്നെ വിശ്രമിച്ച് ഭേദമായവർ, ആശുപത്രിയിൽ കിടന്നവർ, ഐസിയുവിൽ ആയവർ എന്നിങ്ങനെ തിരിച്ച് നടത്തിയ പഠനത്തിൽ, കോവിഡ് ബാധിതരല്ലാത്തവരേക്കാൾ ഹൃദ്രോഗ സാധ്യത ഇവർക്ക് വളരെ കൂടുതലാണെന്നു കണ്ടെത്തി. കോവിഡ് ബാധിച്ച് ആറുമാസത്തിനുശേഷം ഇവരിൽ നടത്തിയ പഠനത്തിൽ പൾസ് വേവ് വെലോസിറ്റി (PWV) കോവിഡ് ബാധിക്കാത്തവരേക്കാൾ ഇവർക്ക് കൂടുതലാണെന്ന് കണ്ടെത്തി.
ഹൃദയത്തിലെ ധമനികളുടെ കാഠിന്യത്തെയാണ് പൾസ് വേവ് വെലോസിറ്റി സൂചിപ്പിക്കുന്നത്. ധമനികളുടെ കാഠിന്യം കൂടുന്നതനുസരിച്ച് ഹൃദ്രോഗ സാധ്യത കൂടും. സാധാരണ പ്രായമായവരിലും പ്രമേഹരോഗികളിലും നോണ് ആൽക്കഹോളിക് ഫാറ്റിലിവർ ഉള്ളവർക്കുമൊക്കെയാണ് പൾസ് വേവ് വെലോസിറ്റി കൂടുതലായി കാണുന്നത്.
എന്നാൽ, കോവിഡ് രോഗമുക്തി നേടി ആറുമാസത്തിനുശേഷം പരിശോധിച്ചവരിൽ ഭൂരിഭാഗത്തിനും ഈ അവസ്ഥ കണ്ടെത്തുകയായിരുന്നു എന്ന് യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ പഠനത്തിൽ പറയുന്നു. പുരുഷന്മാരെ അപേക്ഷിച്ച് കോവിഡ് ബാധിച്ച സ്ത്രീകൾക്ക് ഇതിനുള്ള സാധ്യത വളരെക്കൂടുതലാണെന്നും ഗവേഷണം കണ്ടെത്തി.
കോവിഡ് ബാധിച്ചതിന്റെ കാഠിന്യമനുസരിച്ച് ഹൃദ്രോഗസാധ്യത കൂടുമെന്നും പഠനത്തിൽ കണ്ടെത്തി. അതേസമയം, കോവിഡ് വാക്സിനും ഹൃദ്രോഗ ബാധയും സംബന്ധിച്ച പഠനം ഇവർ നടത്തിയിട്ടില്ല. വാക്സിനും രോഗസാധ്യതയുമായി ബന്ധമില്ലെന്നാണ് ഇതുവരെയുള്ള പല പഠനങ്ങളും പറയുന്നത്.
കോവിഡിന്റെ അനന്തരഫലം
ഡോ. ടി.കെ. ജയകുമാർ
(കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി വിഭാഗം മേധാവി, മെഡിക്കൽ സൂപ്രണ്ട്, കോട്ടയം മെഡിക്കൽ കോളജ്)
കുഴഞ്ഞുവീണു മരണങ്ങൾ പണ്ടും ഉണ്ടായിരുന്നു. എന്നാൽ, അതിന്റെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലാണ്. യുവാക്കളിലെ കുഴഞ്ഞുവീണു മരണം കോവിഡിന്റെ അനന്തരഫലം തന്നെയാണെന്നു കാണാൻ കഴിയും. നേരത്തെ ഹൃദ്രോഗമുള്ളവർ കുഴഞ്ഞുവീണു മരിക്കുന്നതിനേക്കാൾ, പുറമേ അസുഖമൊന്നുമില്ലാത്ത യുവാക്കളുടെയും മധ്യവയസ്കരുടെയുമൊക്കെ പെട്ടെന്നുള്ള മരണം കോവിഡ് ഇഫക്ട് തന്നെയെന്ന് യൂറോപ്പിൽ നടന്ന പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
പെട്ടെന്നുള്ള മരണത്തിന്റെ ഒരു പ്രധാന കാരണം, ഹൃദയമിടിപ്പിൽ വ്യതിയാനം വരുന്നതും ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് ഇല്ലാതാകുന്നതുമാണ്. കോവിഡ് ബാധിതർക്ക് ശരീരത്തിൽ വീക്കം (inflammation) ഉണ്ടാകാറുണ്ട്. പനിയോ മറ്റ് അസുഖങ്ങളോ വരുന്പോൾ ഈ വീക്കം എല്ലാവരിലും ഉണ്ടാകാറുണ്ട്. പക്ഷേ, കോവിഡ് ബാധിതരിൽ ഇത് ദീർഘകാലം നിൽക്കുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യും. ശരീരത്തിലെ ഈ വീക്കം എൻഡോതെലിയത്തെ ബാധിക്കും.
ഹൃദയം, രക്തക്കുഴലുകൾ, ലിംഫ് നാളികൾ എന്നിവയുടെ ഉൾവശത്തെ കോശങ്ങളുടെ ഒരു നേർത്ത പാളിയാണ് എൻഡോതെലിയം. രക്തചംക്രമണം സുഗമമാക്കാൻ സഹായിക്കുന്ന പാളിയാണിത്. ഈ പാളിയിലുണ്ടാകുന്ന വീക്കം രക്തക്കുഴലുകളെ ബാധിക്കുകയും പെട്ടെന്നുള്ള മരണത്തിനു കാരണമാകുകയും ചെയ്യും. യൂറോപ്യൻ അസോസിയേഷൻ ഓഫ് കാർഡിയോളജിസ്റ്റിന്റെ പഠനങ്ങളിലും ഇതു വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്.
നമ്മുടെ രാജ്യത്ത് ഇതു സംബന്ധിച്ച് കുറച്ചു പഠനങ്ങളെ നടന്നിട്ടുള്ളൂ. മഹാരാഷട്രയിലും ബംഗളൂരുവിലും നടന്ന പഠനങ്ങളുടെ വിവരങ്ങൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. പക്ഷേ, അതൊന്നും വളരെ ഗഹനമായതോ ആഴത്തിലുള്ളതോ ആയ ശാസ്ത്രീയ പഠനങ്ങളല്ല.
കുഴഞ്ഞുവീണു മരണം അല്ലെങ്കിൽ പെട്ടെന്നുള്ള മരണം ജനിതകമായ കാരണങ്ങൾക്കൊണ്ടും ഉണ്ടാകാറുണ്ട്. ജനിതകമായി ഇസിജിയിൽ വ്യതിയാനമുള്ള കുടുംബങ്ങളുണ്ട്. ചില കുടുംബങ്ങളിൽ അകാലമരണങ്ങൾ തുടർച്ചയായി നമ്മൾ കാണാറുണ്ട്. ഇത്തരം ജനിതക ചരിത്രമുള്ളവർക്ക് കോവിഡ് ബാധ ഇരട്ടി റിസ്കായിരിക്കും.
ജിം വർക്ക്ഔട്ട് കരുതൽ വേണം
ജിമ്മിൽ ദിവസേന വർക്ക്ഔട്ട് ചെയ്ത് ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിൽ യുവതലമുറ ഏറെ ശ്രദ്ധാലുക്കളാണ്. ഇതൊരു ട്രെൻഡായി തന്നെ ഇപ്പോൾ പടരുകയാണ്. നാട്ടിൻപുറങ്ങളിൽപോലും ജിംനേഷ്യങ്ങൾ നിരവധി.
പക്ഷേ, ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിക്കുന്നവരുടെ വാർത്തകളും നിരവധി. ഇതു പലരിലും വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജിമ്മിലെ കുഴഞ്ഞുവീണു മരണങ്ങൾക്കു കാരണങ്ങൾ പലതാണ്. പലരും മസിലു കൂട്ടാനും ശരീരസൗന്ദര്യത്തിനുമായി ഫുഡ് സപ്ലിമെന്റസ് ഉപയോഗിക്കാറുണ്ട്.
അതൊന്നും വേണ്ടത്ര ശാസ്ത്രീയമായതോ പഠനവിധേയമായതോ അല്ല. ഇത്തരം ഭക്ഷണങ്ങൾ വഴി കരളിനും ഹൃദയത്തിനും തകരാർ സംഭവിക്കുന്നവരുണ്ട്. മറ്റൊരു പ്രധാന കാരണം, ഒരു പനിയോ മറ്റ് അസുഖമോ വന്ന് ശരീരം പൂർവസ്ഥിതിയിലെത്തും മുന്പേ ജിം വർക്ക്ഔട്ട് തുടങ്ങുന്നതാണ്.
കോവിഡിനുശേഷം ഏതു വൈറസ് ശരീരത്തിൽ പ്രവേശിച്ചാലും വീക്കത്തിന് സാധ്യതയുണ്ട്. ഇത് ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളെ ബാധിക്കുകയും രക്തചംക്രമണം കുറയ്ക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ പനിയും വൈറൽ ഫീവറുമൊക്കെയുണ്ടായി രണ്ടാഴ്ച കഴിഞ്ഞേ വ്യായാമം തുടങ്ങാവൂ. അതും പതുക്കെ തുടങ്ങി ഒരാഴ്ചകൊണ്ടേ ഹെവി വർക്ക് ഔട്ടിലേക്കു നീങ്ങാവൂ.
അതുപോലെ കുടുംബത്തിൽ കുഴഞ്ഞുവീണു മരണം ഉണ്ടായിട്ടുള്ളവർ തീർച്ചയായും ജിമ്മിൽ പോകുന്പോൾ വളരെ ശ്രദ്ധിക്കണം. ഇത്തരം കുടുംബപാരന്പര്യമുള്ളവർക്ക് ‘ഹൈപ്പർട്രോഫിക് ഒബ്സ്ട്രക്ടീവ് കാർഡിയോമയോപ്പതി’ എന്ന അവസ്ഥയുണ്ടാകാൻ സാധ്യതയുണ്ട്. ഹൃദയപേശികളെ കട്ടിയാക്കുന്ന ജനിതക രോഗമാണിത്. ഇത്തരം പശ്ചാത്തലമുള്ളവർ കഠിന വ്യായാമങ്ങൾ ഒഴിവാക്കുന്നതാണു നല്ലത്.
വാക്സിനെ പ്രതിയാക്കേണ്ട
ഡോ. പദ്മകുമാർ (പ്രിൻസിപ്പൽ, ആലപ്പുഴ മെഡിക്കൽ കോളജ്)
കുഴഞ്ഞുവീണു മരണങ്ങളുടെ കാരണങ്ങൾ കോവിഡ് അനുബന്ധ പ്രശ്നങ്ങൾ തന്നെയെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. അതേസമയം, വാക്സിൻ ഇതിനു കാരണമാകുന്നുവെന്ന തരത്തിൽ വ്യാപകമായ പ്രചാരം നടക്കുന്നുണ്ട്. എന്നാൽ, ഒരു പഠനത്തിലും ഇതു തെളിഞ്ഞിട്ടില്ല.
മാത്രമല്ല, രോഗം വലിയൊരളവുവരെ വ്യാപകമാകാതിരിക്കാനും കാഠിന്യം കുറയ്ക്കാനും വാക്സിൻ കൊണ്ടു സാധിച്ചു. അതിനാൽ വാക്സിനെ പ്രതിക്കൂട്ടിൽ നിർത്തേണ്ട. നമ്മുടെ നാട്ടിൽ കോവിഡ് അനുബന്ധ പഠനങ്ങൾ പലതും ശ്വാസകോശ രോഗങ്ങളെ സംബന്ധിച്ചായിരുന്നു.
കോവിഡ് ശ്വാസകോശങ്ങളെ മാത്രമാണ് ബാധിക്കുക എന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാൽ, വിദേശരാജ്യങ്ങളിലെ പഠനങ്ങളാണ് ഇതു ധമനികളെയും ബാധിക്കുമെന്നും ഹൃദ്രോഗത്തിനു കാരണമാകുമെന്നും തെളിയിച്ചത്.
കോവിഡും ഹൃയാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നമ്മുടെ രാജ്യത്ത് ഇനിയും ഫലപ്രദമായ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്. സർക്കാരിനേക്കാൾ ഉപരി വൈദ്യശാസ്ത്രരംഗത്തുനിന്നാണ് അതു നടപ്പിലാക്കേണ്ടത്. അതേസമയം, പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും വളരെ പ്രധാനം. ഒരാൾ കുഴഞ്ഞുവീണാൽ പെട്ടെന്നുള്ള പ്രതിരോധ മാർഗങ്ങളിലൂടെ ഒരുപക്ഷേ ജീവൻ രക്ഷിക്കാനായേക്കും.
വിദേശരാജ്യങ്ങളിലൊക്കെ ഇത് ഫലപ്രദമായി നടപ്പിലാക്കുന്നുണ്ട്. സിപിആർ, എഇഡി തുടങ്ങിയ മാർഗങ്ങളിലൂടെ പെട്ടെന്നുള്ള മരണത്തിൽനിന്ന് ചിലർക്കെങ്കിലും രക്ഷപ്പെടാനാകും.
ഒരാൾ കുഴഞ്ഞുവീണ് ആദ്യ പത്ത് സെക്കൻഡുകൾ ഏറെ നിർണായകമാണ്. പത്തുസെക്കൻഡിനുള്ളിൽ നൽകുന്ന പ്രഥമ ശുശ്രൂഷയിലൂടെ അയാളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ കഴിഞ്ഞേക്കും. അതേക്കുറിച്ച് നാളെ.