കാളിന്റെ ഓർമയെ അടിസ്ഥാനമാക്കി തയാറാക്കിയ ദൃശ്യാവിഷ്കാരങ്ങൾ.
ഫ്രാൻസ് കാഫ്കയുടെ വിഖ്യാതകഥയാണ് 'മെറ്റമോർഫോസിസ്'. ഒരു ദിവസം ഉറക്കമുണരുന്ന ഗ്രിഗർ സാംസ എന്ന കഥാനായകൻ വലിയ പ്രാണിയായി മാറുന്നു. തുടർന്ന്, ആ കഥാപാത്രം അനുഭവിക്കുന്ന സങ്കീർണതലങ്ങളിലൂടെയാണു കഥ വികസിക്കുന്നത്. ആധുനിക സമൂഹത്തിൽ മനുഷ്യർ അനുഭവിക്കുന്ന ആഴമേറിയ ഏകാന്തതയാണ് കാഫ്ക കഥയിലൂടെ പറഞ്ഞുവയ്ക്കുന്നത്.
പറഞ്ഞുവരുന്നതു കഥയല്ല. അമേരിക്കക്കാരനായ യുവാവിന്റെ ജീവിതത്തിലെ അത്യപൂർവ സംഭവങ്ങളാണ്, അതോടൊപ്പം അസ്ഥിരമായ ഇരുപത്തെട്ടുകാരന്റെ ജീവിതവും. തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യാനായി അടുത്തിടെ കാൾ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. അവിടെനിന്നാണു സംഭവത്തിന്റെ തുടക്കം. ശസ്ത്രക്രിയയ്ക്കുശേഷം കാൾ കാണുന്ന മനുഷ്യമുഖങ്ങളിലെല്ലാം പൂച്ചയുടെ ഛായ അനുഭവപ്പെടാൻ തുടങ്ങി. തലച്ചോറിലെ ശസ്ത്രക്രിയ ഓർമശക്തിയെയും ചിന്താശേഷിയെയും ചിലപ്പോൾ ബാധിക്കാറുണ്ട്. അതേസമയം, ചികിത്സയ്ക്കുശേഷം കാഴ്ചയിൽ വിചിത്രമായ മാറ്റം ആരോഗ്യവിദഗ്ധരെ ഞെട്ടിച്ചിരിക്കുകയാണ്.
ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത ഈ അവസ്ഥ, 'പ്രൊസോപോമെറ്റമോർഫോപ്സിയ' എന്ന അപൂർവരോഗത്തിന്റെ ഭാഗമാണെന്നാണു ഡോക്ടർമാരുടെ അനുമാനം. തലച്ചോറിന്റെ ചില പ്രത്യേക ഭാഗങ്ങളിൽ ഉണ്ടാകുന്ന പരിക്കുകളോ; ശസ്ത്രക്രിയയോ കാരണമോ, മുഖം മാറിമറഞ്ഞു കാണുന്ന അവസ്ഥയാണിതെന്നു ഡോക്ടർമാർ വിശദീകരിക്കുന്നു.
കാളിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമാണെന്നാണു ഡോക്ടർ കണക്കുകൂട്ടിയിരുന്നത്. എന്നാൽ, അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറുന്നത്. മനുഷ്യരുടെ മുഖങ്ങൾ കാണുമ്പോൾ വലിയൊരു മാറ്റം യുവാവിന് അനുഭവപ്പെടുന്നു. തന്റെ കുടുംബാംഗങ്ങൾ മുതൽ സുഹൃത്തുക്കളെവരെ കാണുമ്പോൾ, അവരുടെ മുഖം പൂച്ചയുടെ മുഖവുമായി സാമ്യപ്പെട്ടിരിക്കുന്നു. തന്റെ വളർത്തുപൂച്ചയുടെ മുഖവുമായി സാമ്യം തോന്നാറുണ്ടെന്നും കാൾ വെളിപ്പെടുത്തുന്നു!
മുഖം തിരിച്ചറിയാൻ സഹായിക്കുന്നതു തലച്ചോറിലെ 'ഫ്യൂസിഫോം ഫേസ് ഏരിയ' എന്ന ഭാഗമാണ്. ട്യൂമർ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയ ഈ ഭാഗത്തിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ടാകും. അത്തരം കാരണങ്ങളാകാം കാൾ അനുഭവിക്കുന്ന അതിവിചിത്രമായ അവസ്ഥയ്ക്കുപിന്നിലെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.
സംഭവത്തെക്കുറിച്ചു യുവാവിന്റെ വിശദീകരണം ആരെയും ഞെട്ടിക്കുന്നതാണ്. ആളുകൾ പൂച്ചകളായി മാറുന്നില്ല. പകരം അവരുടെ മുഖത്തിനു പൂച്ചയുടെ രൂപസാദൃശ്യം തോന്നുന്നു. അടുത്ത പരിചയമുള്ളവരുടെ മുഖം പോലും മാറുന്നു. തനിക്കിപ്പോൾ ആരെയും കാണാൻപോലും താത്പര്യമില്ലെന്നു യുവാവ് വെളിപ്പെടുത്തുന്നു.
മനുഷ്യന്റെ തലച്ചോറിന്റെ സങ്കീർണത വ്യക്തമാക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. ഇതുപോലുള്ള അതിവിചിത്ര സംഭവങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദപഠനത്തിനു വഴിതെളിക്കുമെന്നാണു പ്രതീക്ഷയെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
Tags : Prosopometamorphopsia FusiformFaceArea MedicalMystery BrainSurgery HealthNews ViralNews