കോഴിക്കോട്: കേരളത്തിൽ ജയിക്കില്ലെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിൽ പോലും സ്ഥാനാർഥികളെ നിർത്തുന്നതിലൂടെ ബിജെപി എൽഡിഎഫിനെ സഹായിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ റാലിക്കിടെയാണ് ഖാർഗെയും ഡീൽ ആരോപണം ഉയർത്തിയത്. ബിജെപിയിലേക്ക് പോകുന്ന ഓരോ വോട്ടും എൽഡിഎഫിന് കിട്ടുന്ന സമ്മാനമാണെന്നും ഖാർഗെ പറഞ്ഞു.
കേരളത്തിലെ മതേതര സമൂഹത്തിന് ഈ രഹസ്യ ഡീൽ മനസിലാക്കാനുള്ള കഴിവുണ്ടെന്നും മാറ്റത്തിനായുള്ള വോട്ട് അതുകൊണ്ട് കോൺഗ്രസിന് നൽകുന്ന വോട്ട് മാത്രമാകുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കേരളം ഭരിക്കാൻ പത്ത് വർഷം സമയം ലഭിച്ചിട്ടും സംസ്ഥാനത്ത് കാതലായ മാറ്റങ്ങൾ വരുത്താൻ എൽഡിഎഫിന് സാധിച്ചില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.കേരളത്തിന്റെ കടബാധ്യത ആറ് ലക്ഷം കോടിയിൽ അധികം കടന്നു. ശബരിമലയിൽ നിന്നു പോലും സ്വർണം കവർന്നവരിൽ നിന്നും ഈ സംസ്ഥാനത്തിന് മറ്റൊന്നും പ്രതീക്ഷിക്കാനില്ല. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാതെ അവരെ ജയിലിൽ നിന്നും മോചിപ്പിക്കാനാണ് ഈ സർക്കാർ ശ്രമിച്ചത്.
ഇന്ത്യയിൽ തന്നെ ഏറ്റവുമധികം മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഒരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകളും ഉപകരണങ്ങളും പോലുമില്ലെന്നും ഖാർഗെ പറഞ്ഞു. യോഗത്തിൽ ഖാർഗെയ്ക്ക് പുറമേ കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, ഷാഫി പറന്പിൽ യുഡിഎഫ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ഷിഹാഹ് തങ്ങൾ എന്നിവരും പങ്കെടുത്തു. യോഗത്തിൽ നേരിട്ട് പങ്കെടുക്കാനാകാതിരുന്ന രാഹുൽ ഗാന്ധി വീഡിയോ കോൺഫറൻസിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു.
Tags : Kharge deal-making CPM BJP Congress Latest News Rahul Gandhi