വീണ വിജയനും പിണറായി വിജയനും
തിരുവനന്തപുരം: സിഎംആർഎൽ -എക്സാലോജിക് സാമ്പത്തിക ഇടപാടുകേസിൽ പിണറായി വിജയനും മകൾ വീണ വിജയനും കുരുക്ക് മുറുകുന്നു. കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഇഡിക്ക് നൽകിയ മൊഴിയാണ് പിണറായി കുടുംബത്തിന് വലിയ തിരിച്ചടിയായിരിക്കുന്നത്.
2024 ഏപ്രിലിൽ വീട്ടിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത മൊഴി നൽകിയത്. പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണം നൽകിയത്. വീണയോ എക്സാലോജിക്കോ സിഎംആർഎലിന് യാതൊരു സേവനങ്ങളും നൽകിയിട്ടില്ലെന്നുമാണ് കർത്ത ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നത്.
2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ഏകദേശം 2.78 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി കൈമാറിയത്. വീണയ്ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും എക്സാലോജിക്കിന് മൂന്നുലക്ഷം രൂപയും എന്ന നിലയിലായിരുന്നു പണമിടപാട് നടത്തിയത്.
എന്നാൽ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് ഈ പണം കൈമാറിയതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. സേവനങ്ങളൊന്നും നൽകിയിരുന്നില്ലെന്ന കാര്യം വീണ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനുപുറമെ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു പണമിടപാട് സ്ഥാപനത്തിൽനിന്ന് 50 ലക്ഷം രൂപയുടെ വായ്പയും നൽകിയിരുന്നതായും മൊഴിയിൽ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വീണയുടെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിരുന്നു. കർത്തയുടെ മൊഴിക്കു പിന്നാലെ വീണയെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Tags : MasappadiCase Exalogic CMRL VeenVijayan PinarayiVijayan SasidharanKartha EDProbe Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash