സ്പെഷല്‍ സ്കൂള്‍ കലോത്സവം
തിരുവനന്തപുരം; സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ മെന്റലി ചലഞ്ച്ഡ് വിഭാഗത്തില്‍ 112 പോയിന്റ് നേടി തൃശൂര്‍ ജില്ല ജേതാക്കളായി.
105 പോയിന്റ് നേടിയ തിരുവനന്തപുരത്തിനാണ് രണ്ടാം സ്ഥാനം. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ 67 പോയിന്റ് നേടി എറണാകുളം ജില്ലയിലെ നിര്മലാസദന് സ്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ കിരീടംനേടി.
61 പോയിന്റ് നേടി തൃശൂര്‍ പെരിങ്ങണ്ടൂര്‍ പോപ്പ് പോള്‍ മേഴ്സിഹോം രണ്ടാം സ്ഥാനത്തെത്തി. കലോത്സത്തിന്റെ രണ്ടാം ദിനമായ ഇന്നലെ കാഴ്ച പരിമിതിയുള്ള കുട്ടികളുടെയും കേള്‍വി പരിമിതിയുള്ള കുട്ടികളുടെയും വിഭാഗത്തിലെ മത്സരങ്ങളാണു നടന്നത്.
മത്സരത്തിന്റെ അവസാനദിനമായ ഇന്ന് 28 ഇനങ്ങളിലാണ് മത്സരം. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗതാഗത മന്ത്രി സി.പി. ജോണ്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

തിരുവനന്തപുരം: അച്ഛനും അമ്മയും അമ്പാടിയുടെ കൂടെയുണ്ട് എപ്പോഴും. പക്ഷേ അച്ഛന്റെയും അമ്മയുടെയും ശബ്ദം അമ്പാടി കേട്ടിട്ടില്ല. കാരണം അവർ സംസാരിക്കാന്‍ കഴിയാത്തവരാണ്. ജന്മനാ കാഴ്ച്ച ഇല്ലാത്തതിനാല്‍ അമ്പാടിക്ക് അവരെ കാണാനും കഴിയുന്നില്ല.
പക്ഷേ ജീവിതം നല്കിയ സ്നേഹവും കരുതലും തിരിച്ചറിയാന്‍ അമ്പാടിക്ക് കാഴ്ചയോ കേള്‍വിയോ വേണ്ട. ജന്മനാ കാഴ്ചയില്ലാത്ത ഈ 12-കാരന് പരിമിതികളെ കലയിലൂടെ മറികടക്കുകയാണ്. സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ പദ്യചൊല്ലലിലും മാപ്പിളപ്പാട്ടിലും എ ഗ്രേഡ് നേടി വീണ്ടും താരമായിരിക്കുകയാണ് അമ്പാടി.
ജീവിതം മുന്നില്‍ ഉയര്‍ത്തിയ പരിമിതികളെയെല്ലാം കലയെ കൂട്ടുപിടിച്ച് അതിജീവിക്കുകയാണ് അമ്പാടി.തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് അമ്പാടി സംസ്ഥാനതല കലോത്സവത്തില്‍ മത്സരിക്കാനെത്തുന്നത്. ഓരോ തവണയും സമ്മാനങ്ങളുമായാണ് മടക്കം. ഇടുക്കി കുടയത്തൂര്‍ എല്‍ബിഎംഎം അന്ധവിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അമ്പാടി നാലര വയസിലാണ് അന്ധവിദ്യാലയത്തിലെത്തിയത്. കട്ടപ്പന ഇരട്ടയാര്‍ വലിയകാപ്പില്‍ ബിജുവിന്റെയും സുധയുടെയും മകനാണ്.
അവിടെ അധ്യാപകര്‍ അമ്പാടിയെ ചേര്‍ത്തുപിടിച്ചു. പഠനത്തിനൊപ്പം കലാരംഗത്തും അവന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചു. ഇന്ന് സംസ്ഥാന കലോത്സവ വേദികളില്‍ തുടര്‍ച്ചയായി നേട്ടങ്ങള്‍ കൊയ്യുന്ന മിടുക്കനായി അമ്പാടി വളര്‍ന്നിരിക്കുന്നു. സ്കൂളിലെ പിടിഎ പ്രസിഡന്റ് കൂടിയായ മുത്തച്ഛന് കുഞ്ഞൂഞ്ഞിന്റെ പിന്തുണയും അവന് കരുത്താകുന്നുണ്ട്.
അധ്യാപകരുടെയും കുടുംബത്തിന്റെയും സ്നേഹവും കരുതലുമാണ് അമ്പാടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തുണയാകുന്നത്. പരിമിതികള്ക്കുമുന്നില് പകച്ചുനില്‍ക്കാതെ പഠനത്തിലും കലയിലും ഒരുപോലെ മുന്നേറുകയാണ് അമ്പാടി. ഭാവിയില്‍ നന്നായി പഠിച്ച് നല്ലൊരു ജോലി നേടണമെന്നാണ് ഈ കൊച്ചുമിടുക്കന്റെ ആഗ്രഹം.
തിരുവനന്തപുരം: കണ്ണുകള്‍ക്ക് കാഴ്ചപരിമിതമെങ്കിലും താളപ്പെരുക്കങ്ങള്ക്കിടയില് മകന്റെ മികവ് തിരിച്ചറിയാന്‍ സുഗുണനു മറ്റൊരു വെളിച്ചം വേണ്ട.
ഒരുകാലത്ത് മിമിക്രിയിലൂടെ കലോത്സവ വേദികളില്‍ നിറഞ്ഞുനിന്ന അച്ഛന് ഇന്ന് മകന്റെ ഗുരുവാണ്. ആ ഗുരുവിന്റെ പാഠങ്ങള്‍ ഹൃദയത്തിലേറ്റി തിരുവനന്തപുരം എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ കൃഷ്ണപ്രസാദ് സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ മൃദംഗത്തിന് എ ഗ്രേഡ് നേടിയപ്പോള്‍ അത് പിതാവ് സ്വപ്നം കൂടി പൂവണിയുകയായിരുന്നു. മകന്റെ കലായാത്രയ്ക്കു താങ്ങായി അച്ഛന് സുഗുണനും അമ്മ ജയലക്ഷ്മിയും ഒപ്പമുണ്ട്.
കാഴ്ച പരിമിതിയുള്ള സുഗുണന് ചവറ ശങ്കരമംഗലം സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനാണ്. ഒന്നാം ക്ലാസ് മുതല്‍ മകനെ എല്ലാ കലോത്സവങ്ങളിലും പങ്കെടുപ്പിക്കാനും അവന്റെ പ്രകടനങ്ങള്‍ ആസ്വദിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പാട്ടുകാരിയായ അമ്മ ജയലക്ഷ്മിയും ഇരുവര്‍ക്കും വലിയ പിന്തുണയാണ്.

തിരുവനന്തപുരം: മൈക്കിള്‍ മാഷിന്റെ മുഖഭാവവും കൈത്താളവും നോക്കി ഓരോ ചുവടും വച്ച് ഒപ്പന അവതരിപ്പിച്ച് എറണാകുളം മുണ്ടംവേലി ഫാ. അഗസ്റ്റിനോ വിസിനി സ്പെഷല്‍ സ്കൂളിലെ കുട്ടികള്‍.
മണക്കാട് ഗവണ്മെന്റ് സ്കൂളില്‍ നടക്കുന്ന സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിലാണ് കുട്ടികള്‍ ഒപ്പന അവതരിപ്പിച്ചത്. നൃത്താധ്യാപകന് മൈക്കിള്‍ ജോണ്‍സന്റെ മുഖഭാവങ്ങളും ആംഗ്യങ്ങളും നോക്കിയാണ് കുട്ടികള്‍ ചുവടുവച്ചത്.
വിദ്യാര്‍ഥികള്‍ സ്റ്റേജില്‍ ഒപ്പന കളിക്കുമ്പോള്‍ സദസിന്റെ ഏറ്റവും മുന്നില്‍നിന്ന് മൈക്കിള്‍ ജോണ്സണ് എന്ന നൃത്താധ്യാപകന് തന്റെ കുട്ടികള്‍ക്കൊപ്പം ഓരോ ചുവടിനും താളം പകര്‍ന്നു നല്കി. അധ്യാപകന്റെ മുഖത്തേക്ക് നോക്കി ആംഗ്യം മനസിലാക്കി അതനുസരിച്ച് നൃത്തം ചെയ്യുകയാണ് കുട്ടികള്‍.
കലോത്സവത്തില്‍ പങ്കെടുക്കാന്‍ മാത്രമല്ല, കുട്ടികളുടെ മാനസിക ഉല്ലാസംകൂടി ലക്ഷ്യമിട്ടാണ് നൃത്തം ഉള്‍പ്പെടെയുള്ള പരിശീലനങ്ങള്‍ നല്‍കുന്നതെന്ന് മൈക്കിള്‍ ജോണ്സണ് പറഞ്ഞു. ഇത്തരം പരിശീലനങ്ങള്‍ കുട്ടികള്‍ക്ക് സന്തോഷം നല്‍കുന്നതിനൊപ്പം അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും സഹായിക്കുന്നുണ്ട്.
പത്താം ക്ലാസ് വരെയുള്ള കുട്ടികളില്‍നിന്ന് തെരഞ്ഞെടുത്തവര്‍ക്കാണ് സ്കൂളില്‍ വിവിധ നൃത്ത ഇനങ്ങളില്‍ പരിശീലനം നല്‍കുന്നത്. പരിശീലനത്തിനുശേഷം കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിക്കുകയായിരുന്നു. അധ്യാപകന്റെ മുഖഭാവങ്ങള്‍ ശ്രദ്ധിച്ച് ഓരോ ചുവടും പിന്തുടര്ന്ന് കുട്ടികള്‍ അവതരിപ്പിച്ച ഒപ്പന കാണികള്‍ക്ക് വേറിട്ട കാഴ്ചയായി.

തിരുവനന്തപുരം: വേദി ഒന്നില്‍ ഒപ്പനയില്‍ മിന്നും പ്രകടനം. കാണികളുടെ ആവേശകരമായ കൈയ്യടി. ഇതു കണ്ടാണ് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് ഇവിടേക്കെത്തുന്നത്.
ഒപ്പനയില്‍ മികവാര്‍ന്ന പ്രകടനം നടത്തി സ്റ്റേജില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ ജഗതി ഗവ.വിഎച്ച്എസ്എസ് ഫോര്‍ ദി ഡെഫ് സ്കൂളിലെ കുട്ടികള്‍ കാണുന്നത് വിദ്യാഭ്യാസ മന്ത്രി തങ്ങളുടെ അടുത്തേക്ക് വരുന്നത്. ഇതോടെ മന്ത്രിയുമായി സെൽഫി.
ഒപ്പന സംഘത്തിലെ കുട്ടികളായ അന്‍സിയ, അല്‍ബിയ,ഗംഗ, ജ്യോത്സ്ന, ഗൗരി, റോഷ്നി , ആരതി എന്നിവരാണ് മന്ത്രിയെ കണ്ടത്. സ്കൂളിലെ അധ്യാപിക സന്ധ്യയാണ് ഒന്നര മാസം കൊണ്ട് കുട്ടികളെ ഒപ്പന പരിശീലിപ്പിച്ചത്.
തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടായി സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിലെ നിറ സാന്നിധ്യമായ കോഴിക്കോട് കരുണ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് എച്ച്എസ്എസ് ഇത്തവണ ആണ്‍കുട്ടികളുടെ വട്ടപ്പാട്ട് സംഘവുമായി എത്തി കാണികളുടെ കൈയ്യടി വാങ്ങി.
ആദ്യമായാണ് കരുണ ആണ്‍കുട്ടികളുടെ വട്ടപ്പാട്ട് സംഘത്തെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ കരുണയുടെ ആണ്സംഘം മത്സരിച്ചു. എ ഗ്രേഡും സ്വന്തമാക്കിയാണ് സംഘം വേദി വിട്ടത്. മറ്റ് 10 മത്സര ഇനങ്ങളിലും കരുണയുടെ കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്.
ഹൈസ്കൂള്‍ വിഭാഗം ഒപ്പനയില്‍ അഭിനന്ദ്, ആര്.എസ്.ജിതിന്, റോഷന് ഗ്ലാഡ്സണ്‍ ജോര്‍ജ്, വി.അതുല്‍ കൃഷ്ണ, അനന്തകൃഷ്ണന്, എസ്.എസ്. മുഹമ്മദ് ഹാഫിസ്, എന്‍.വി.വൈഷ്ണവ് എന്നിവരും ഹയര്‍സെക്കന്‍ഡറിയില്‍ പി.എസ്. മുഹമ്മദ് ഷിഹാദ്, കെ. മുഹമ്മദ് ഹിഷാം, ബി. നന്ദകിഷോര്‍, അമല്‍ദേവ്, ആര്.ശ്രാവണ്‍, കെ.ടി. മുഹമ്മദ് ഇലാന്‍,എഡ്വിന് ബിനീഷ് എന്നിവരുമായിരുന്നു ഉണ്ടായിരുന്നത്.
Tags : SpecialSchool ArtsFestival Thrissur winners Mentallychallenged Category Education Learning Teaching School Classroom Students SpecialEducation Literacy Language Study Scholarships Examination RightToEducation