കേരളത്തിലെ മദ്യനയവും ബാർ ലൈസൻസ് വിവാദവും കേവലം ഭരണപരമായ ഒരു പ്രശ്നമായി കാണാനാവില്ല. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിനു മുൻപ് ബാർ ലൈസൻസുകൾ അനുവദിച്ചതും പിന്നീട് വിവാദമുണ്ടായപ്പോൾ നടപടികൾ തടഞ്ഞതും സർക്കാരിന്റെ നയപരമായ വ്യക്തതയെക്കുറിച്ച് ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
ബാർ ലൈസൻസ് നൽകുന്നതിൽ ക്രമക്കേടുകളും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന ആരോപണങ്ങളും പുറത്തുവരുന്പോൾ അത് ഒതുക്കിത്തീർക്കാനുള്ള വിഷയമല്ല. അധികാരത്തിലുള്ളവർക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്.
മദ്യവിൽപനയിൽനിന്നുള്ള വരുമാനം മാത്രം ലക്ഷ്യമാക്കി ഒരു സംസ്ഥാനത്തിന്റെ മദ്യനയം രൂപീകരിക്കരുത്. മദ്യാസക്തി മൂലം തകരുന്ന കുടുംബങ്ങൾ, സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ദുരിതങ്ങൾ, വർധിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ എന്നിവയും നയരൂപീകരണത്തിന്റെ ഭാഗമാകണം.
മദ്യനയത്തിൽ സുതാര്യത വേണം; ലൈസൻസിൽ അഴിമതി പാടില്ല; ഭരണത്തിൽ ഇരട്ടത്താപ്പും അരുത്. ജനങ്ങൾക്കറിയേണ്ടത് ആരാണ് ബാറുകൾക്ക് അനുമതി നൽകുന്നത് എന്നത് മാത്രമല്ല, എന്തിന്റെ അടിസ്ഥാനത്തിലാണ് അതിനുള്ള തീരുമാനമെടുക്കുന്നത് എന്നതുമാണ്.
സലാം കൊഞ്ചാടത്ത്, ചാവക്കാട്, തൃശൂർ
Tags :