ജി​ല്ലാ അ​ത്‌​ല​റ്റി​ക് മീ​റ്റ്: അ​യ്യ​ങ്കാ​ളി​ സ്പോർട്സ് സ്കൂൾ ഒന്നാമത്
Friday, December 3, 2021 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ അ​ത്‌​ല​റ്റി​ക് മീ​റ്റി​ന്‍റെ ആ​ദ്യ​ദി​നം വെ​ള്ളാ​യ​ണി അ​യ്യ​ങ്കാ​ളി സ്പോ​ർ​ട്സ് സ്കൂ​ളും കാ​ര്യ​വ​ട്ടം സാ​യി​യും ത​മ്മി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ടം. ആ​ദ്യ​ദി​ന​ത്തെ മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ച​പ്പോ​ൾ 39 പോ​യി​ന്‍റു​മാ​യി അ​യ്യ​ങ്കാ​ളി സ്കൂ​ൾ ഒ​ന്നാ​മ​ത് എ​ത്തി​യ​പ്പോ​ൾ 38 പോ​യി​ന്‍റു​മാ​യി സാ​യി തൊ​ട്ടു​പി​ന്നി​ലു​ണ്ട്. 36 പോ​യി​ന്‍റോ​ടെ മാ​മൂ​ട് ബ്ര​ദേ​ഴ്സ് ക്ല​ബ് ആ​ണ് മൂ​ന്നാ​മ​ത് ഉ​ള്ള​ത്.
മീ​റ്റി​ലെ വേ​ഗ​മേ​റി​യ താ​ര​ങ്ങ​ളെ നി​ശ്ച​യി​ക്കു​ന്ന സീ​നി​യ​ർ വി​ഭാ​ഗം 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ നെ​ഹ്റു യൂ​ത്ത് ക്ല​ബ്ബി​ന്‍റെ കെ. ​അ​ര​വി​നോ 11.50 സെ​ക്ക​ൻ​ഡി​ൽ ഓ​ടി​യെ​ത്തി സ്വ​ർ​ണ​ത്തി​ന് അ​വ​കാ​ശി ആ​യ​പ്പോ​ൾ വ​നി​താ വി​ഭാ​ഗ​ത്തി​ൽ മാ​മ്മു​ട് ബ്ര​ദേ​ഴ്സ് ക്ല​ബി​ലെ ഹ​ണി ജോ​ൺ 13.63 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്തു. ഇ​ന്ന​ലെ പോ​ലീ​സ് സ്റ്റേ​ഡി​യ​ത്തി​ൽ മൂ​ന്ന് മീ​റ്റ് റി​ക്കാ​ർ​ഡു​ക​ൾ പി​റ​ന്നു.
16 വ​യ​സി​ന് താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ പ്ര​ണ​തി റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നി​ലെ ആ​ര​തി ച​ന്ദ്ര​ൻ, ലോം​ഗ്ജം​പി​ൽ അ​യ്യ​ൻ​കാ​ളി മെ​മ്മോ​റി​യ​ൽ ഗ​വ. മോ​ഡ​ൽ റ​സി​ഡ​ഷ്യ​ൽ സ്കൂ​ളി​ലെ ശോ​ഭി​ത രാ​ജു , 18 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ 200 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ സാ​യി​യി​ലെ കെ.​ആ​ർ​ദ്ര എ​ന്നി​വ​രാ​ണ് റി​ക്കാ​ർ​ഡ് നേ​ടി​യ​ത്.
മീ​റ്റ് ഇ​ന്ന് സ​മാ​പി​ക്കും.