വാഹന ഷോ​റൂം ജീ​വ​ന​ക്കാ​രി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
Wednesday, May 18, 2022 11:51 PM IST
നെ​ടു​മ​ങ്ങാ​ട് : മ​ക​നോ​ടൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഷോ​റൂം ജീ​വ​ന​ക്കാ​രി വ​ലി​യ​മ​ല ഐ​ഐ​എ​സ്ടി യു​ടെ ബ​സി​ടി​ച്ച് മ​രി​ച്ചു. ക​ര​കു​ളം മ​രു​തം​കോ​ട് ചി​റ​ത്ത​ല​യ്ക്ക​ല്‍ വീ​ട്ടി​ല്‍ രാ​ജ​ന്‍റെ ഭാ​ര്യ എം.​ബി​ന്ദു(44) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ആ​റാം​ക​ല്ലി​ലെ വാ​ഹ​ന ഷോ​റൂ​മി​ലേ​ക്ക് ജോ​ലി​ക്കാ​യി മ​ക​ന്‍ ന​ന്ദു​വി​നോ​ടൊ​പ്പം ബൈ​ക്കി​ല്‍ പോ​കു​ക​യാ​യി​രു​ന്നു.
ക​ര​കു​ളം എ​ട്ടാം​ക​ല്ലി​ല്‍ എ​ത്തി​യ​പ്പോ​ള്‍ എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ഐ​ഐ​എ​സ്ടി​യു​ടെ ബ​സി​ന​ടു​ത്തേ​ക്ക് ബൈ​ക്ക് തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീസ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​ന്ദു​വി​നെ​യും മ​ക​ന്‍ ന​ന്ദു​വി​നെ​യും അ​തു​വ​ഴി വ​രി​ക​യാ​യി​രു​ന്ന വ​ലി​യ​മ​ല സി​ഐ സു​നി​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
കാ​ലി​ന് പ​രി​ക്കേ​റ്റ ന​ന്ദു മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ബ​സ് ഡ്രൈ​വ​ര്‍ ജി.​ഗോ​പു​വി​നെ​തി​രെ അ​രു​വി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.