ഈ മഴക്കാലത്തും അവരെത്തി..!
1573795
Monday, July 7, 2025 6:32 AM IST
എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: ഈ മഴക്കാലത്തും പതിവുപോലെ അവരെത്തി. കറുപ്പും മഞ്ഞയും ഇടകലർന്ന ചിറകുള്ള കഴുത്തിനു മുകളിൽ ചുവന്ന വരകളുള്ള സുന്ദരിയായ ഗരുഡ ശലഭം... പി ന്നെ ശ്രീകൃഷ്ണ നീലിമയും കറുപ്പും കലർന്ന ചിറകുകളുള്ള കൃഷ്ണശലഭം.... പ്രശസ്ത പ്രകൃതി-വന്യജീവി ഫോട്ടോഗ്രഫറായ ബിജു കാരക്കോണത്തിന്റെ കാരക്കോണത്തെ വസതിയിലാണ് പ്രകൃതി തന്നെ കുടഞ്ഞിട്ട ഈ സൗന്ദര്യറാണിമാർ പിന്നെയും പറന്നെത്തിയിരിക്കുന്നത്.
വർണപ്പകിട്ടുള്ള ചിറകുവിടർത്തി കിരീടം പോലെ ഉയർന്നു നില്ക്കുന്ന കൃഷ്ണകിരീടപ്പൂകളുടെയും, ചെത്തിപ്പൂക്കളുടെയും ഇടയിൽ പാറിപ്പറക്കുന്പോൾ അവർക്കുറപ്പുണ്ട് ഫോട്ടോഗ്രഫർ തങ്ങളുടെ വേറിട്ട ലാവണ്യം ഇത്തവണയും പകർത്തുമെന്ന്..!
കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളായി പ്രകൃതിയുടെ നിറവും സംഗീതവും സൗന്ദര്യവുംതേടി നടക്കുന്ന ബിജു കാരക്കോണത്തിന്റെ ശേഖരത്തിൽ നൂറോളം ചിത്രശലഭ ചിത്രങ്ങളുണ്ട്. ഇവയിൽ മഴനീർതുള്ളികൾക്കൊപ്പം വരുന്ന ഗരുഡശലഭത്തിന്റെയും കൃഷ്ണവർണമാർന്ന കൃഷ് ണശലഭത്തിന്റെയും പലവിധ ചിത്രങ്ങൾ ഏറെ ശ്രദ്ധേയം. ചുവന്ന ഉടലും ചിറകുകളിൽ ചുവന്ന പൊട്ടുകളുമുള്ള നാട്ടുറോസ് എന്ന ചിത്രശലഭ ചിത്രവും മനോഹരം തന്നെ.
സാധാരണ പറന്പുകളിൽ കാണുന്ന കറുപ്പും മഞ്ഞയും ചുവപ്പും ഡിസൈനുകളുള്ള വിലാസിനി ശലഭത്തിന്റെയും (ജെസിബൽ) വ്യത്യസ്ത ഫോട്ടോകൾ കാണാം. മഴക്കാലങ്ങളിൽ മാത്രമാണ് പതിവുമുടക്കാതെ ഗരുഡശലഭവും കൃഷ്ണശലഭവും എത്തുന്നത്. വീട്ടുപരിസരത്ത് നിറയെ പൂക്കൾ ഉള്ളതു കൊണ്ടു മഴ സീസണിലും ചെറുശലഭങ്ങളും ഉണ്ട്.
തീരെ ചെറിയ കിളിയെ പോലുള്ള ഹമ്മിംഗ് ബേർഡ് നിശാശലഭവും ബ്ലൂ ടൈഗർ നിശാശലഭവും പൂക്കൾ തേടി എത്തുന്നുണ്ടെന്നു ബിജു കാരക്കോണം പറയുന്നു. മഴക്കാല പൂന്പാറ്റുകളെന്നു പറഞ്ഞ് ഇവയെ നിസാാരവത്കരിക്കാൻ വരട്ടെ. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ചിത്രശലഭവും കേരളത്തിലെ ഏറ്റവും വലിയ ചിത്രശലഭവുമാണ് പേരു സൂചിപ്പിക്കുന്നത് പോലെ ഈ വന്പൻ ഗരുഡശലഭം. സതേണ് ബേർഡ്വിംഗ് എന്നാണ് ഇംഗ്ലീഷ് നാമം.
2016-ൽ കർണാടക സർക്കാർ ഗരുഡശലഭത്തിനു ഒൗദ്യോഗിക പദവി നല്കിയിട്ടുമുണ്ട്. ഇതുപോലെ പ്രകൃതിയുടെ സന്തുലിതാവസ്ഥയ് ക്ക് സഹായിക്കുന്ന ചിത്രശലഭങ്ങളെ ലോകം തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നർഥം. കൃഷ്ണ ശലഭമാകട്ടെ കേരളത്തിലെ രണ്ടാമത്തെ വലിയ ചിത്രശലഭമാണ്.
കാഷ്മീർ മുതൽ കന്യാകുമാരി വരെ യാത്ര ചെയ്ത് പ്രകൃതിയെ പകർത്തിയിട്ടുള്ള ബിജു കാരക്കോണത്തിനു മുന്നിൽ പ്രകൃതി തുറന്നുവച്ചത് വലിയ ജീവിത പാഠങ്ങൾ കൂടിയാണ്. ബിജുവിന്റെ വാക്കുകളിലേക്ക്.... ഇന്നു സമൂഹത്തിൽ കാണുന്ന പല വിപത്തുകൾക്കും പരിഹാരമാണ് പ്രകൃതിയിലേക്കുള്ള മടക്കം. മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ തുടങ്ങി പുതിയ തലമുറയെ വേട്ടയാടുന്ന പലശീലങ്ങൾക്കുമുള്ള പ്രതിരോധ മരുന്നാണ് പ്രകൃതി സഞ്ചാരം.
പ്രകൃതി എന്ന ലഹരിയിലേക്കു വളർന്നുവരുന്ന തലമുറയെ എത്തിച്ചാൽ പിന്നെ മാരകങ്ങളായ ലഹരി അന്വേഷിച്ച് പോവില്ല. മുറ്റത്തും പറന്പിലും പാറിപ്പറക്കുന്ന പൂന്പാറ്റകളെയും കിളികളെയും കണ്ടും സ്നേഹിച്ചും വളരുന്ന ഒരു കുട്ടിയും കൂടപ്പിറപ്പിന്റെയും കൂട്ടുകാരന്േറയും നെഞ്ചിലേക്കു കത്തി കയറ്റില്ല.
ബിജു കാരക്കോണത്തിന്റെ വാക്കുകൾക്കു പ്രകൃതി അനുഭവത്തിന്റെ കരുത്തുണ്ട്. യുവത്വത്തിലേക്കു കടന്നുകഴിഞ്ഞവരെ മാറ്റുക എളുപ്പമല്ല. അതിനാൽ പ്രൈമറി ക്ലാസുകൾ മുതൽ പ്രകൃതി പാഠങ്ങൾ കുട്ടികളെ ശീലിപ്പിക്കണം എന്നും ഇദ്ദേഹം പറയുന്നു. വിലയേറിയ ഹൈബ്രിഡ് ചെടികൾക്കും അലങ്കാര സസ്യങ്ങൾക്കും പകരം ചിത്രശലഭങ്ങൾക്കു തേൻ നുകരുവാനും മുട്ടയിടുവാനും സഹായകമായ നാടൻ പുഷ്പ ചെടികൽ നട്ടുവളർത്തുവാനും കുട്ടികളെ പഠിപ്പിക്കുന്നത് നല്ലതായിരിക്കും. ചിത്രശലഭങ്ങൾ മുട്ടയിടുന്നത് പ്രത്യേക ചെടികളിലാണ്.
രാസകീടനാശിനികളുടെ ഉപയോഗം മണ്ണിനെയും ശലഭങ്ങളുടെ ലാർവയെയും നശിപ്പിക്കും. തേനീച്ചകൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായാൽ മനുഷ്യനു നാലുവർഷങ്ങൾ മാത്രമേ ആയുസുണ്ടാവൂ എന്നും തേനീച്ചകൾ പരാഗണം നടത്തിയില്ലെങ്കിൽ സസ്യങ്ങളോ, മൃഗങ്ങളോ, മനുഷ്യനോ ഭൂമിയിൽ നിലനില് ക്കില്ല എന്നും പറഞ്ഞത് ലോക പ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനാണ്. ഇതേ കുറിച്ചെല്ലാം വളർന്നുവരുന്ന തലമുറയെ പഠിപ്പിച്ചാൽ വലിയ നാശത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ കഴിയും.