കല്ലറയിൽ അത്യാധുനിക മത്സ്യമാർക്കറ്റ് നിർമാണം തുടങ്ങി
1573802
Monday, July 7, 2025 6:42 AM IST
കല്ലറ: വാമനപുരം മണ്ഡലത്തിൽ കല്ലറയിൽ നിർമിക്കുന്ന അത്യാധുനിക മത്സ്യമാർക്കറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 439 ലക്ഷം രൂപയാണ് മാർക്കറ്റ് നിർമാണത്തിന് കിഫ്ബി മുഖാന്തിരം അനുവദിച്ചിട്ടുള്ളത്. തീരദേശ വികസന കോർപ്പറേഷൻ മുഖാന്തിരം നടപ്പാക്കുന്ന മാർക്കറ്റിനായി 369 ലക്ഷം രൂപ നേരത്തേ അനുവദിച്ചിരുന്നു.
എന്നാൽ പുതുക്കിയ ഡിഎസ്ആർ നിലവിൽ വന്നതിനാൽ അതനുസരിച്ച് എസ്റ്റിമേറ്റും ഡിസൈനും പുതുക്കി സമർപ്പിക്കാൻ കിഫ്ബി നിർദേശിച്ചതിനാലാണു സാങ്കേതികാനുമതി ലഭിക്കാൻ താമസിച്ചതെന്നു ഡി.കെ. മുരളി എംഎൽഎ പറഞ്ഞു.
നിർമാണ പ്രവർത്തനങ്ങൾ നേരിട്ടെത്തി അദ്ദേഹം വിലയിരുത്തി. നിലവിലെ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന ഒരേക്കർ സ്ഥലത്താണ് പുതിയതു നിർമിക്കുന്നത്. രണ്ടുനിലകളിലായി നിർമിക്കുന്ന മാർക്കറ്റിൽ മുപ്പതോളം ഫിഷ് സ്റ്റാളുകൾ, 15 കടമുറികൾ, ബയോഗ്യാസ് പ്ലാന്റ്, ലേല ഹാൾ, ശീതീകരണ സംവിധാനങ്ങൾ, ഐസ് സൂക്ഷിക്കുന്ന മുറി, ഓഫീസ് റൂം തുടങ്ങിയവ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.