അക്ഷരസ്നേഹിയായ വിദ്യാർഥിനിക്ക് ഹോം ലൈബ്രറി സമ്മാനിച്ച് ചരിത്രകാരന്
1573798
Monday, July 7, 2025 6:32 AM IST
നെയ്യാറ്റിന്‍കര : അക്ഷരസ്നേഹിയും പുസ്തകവായനക്കാരിയുമായ അഞ്ചാം ക്ലാസുകാരിക്ക് അമ്മയുടെ ഓര്‍മനാളില്‍ പുസ്തകശേഖരം ഉള്‍പ്പെടുന്ന ഹോം ലൈബ്രറി സമ്മാനിച്ച് ചരിത്രകാരന്.
കുളത്തൂർ ജിഎംയുപി സ് കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി അഫ്ലാഹ ഫാത്തിമയ്ക്കാണ് ബി. വാസന്തി സ്മാരക ഹോം ലൈബ്രറി പദ്ധതി ഇത്തവണ പ്രാപ്തമായത്. അമ്മയുടെ സ്മൃതിദിനത്തില്‍ ഇത്തരം തികച്ചും വ്യത്യസ്തമായൊരു പദ്ധതി നടപ്പിലാക്കിയത് അരുമാനൂര്‍ എംവി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മലയാളം അധ്യാപകനും ചരിത്രഗവേഷകനും എഴുത്തുകാരനുമായ ഡോ. സി.വി സുരേഷാണ്.
നാലുകൊല്ലം മുമ്പ് അടച്ചിരിപ്പിന്റെ ആരോഗ്യ അടിയന്തരാവസ്ഥക്കാലത്തായിരുന്നു കോവിഡ് ബാധിച്ച് അദ്ദേഹത്തിന്റെ അമ്മയുടെ വിയോഗം. പ്ലാമൂട്ടുക്കട നേതാജി ഗ്രന്ഥശാലയിൽ സെക്രട്ടറി കലാനാഥിന്റെ നേതൃത്വത്തില്‍ വേനലവധിക്കാലത്ത് സംഘടിപ്പിച്ച വായനായനം പദ്ധതിയിലൂടെയാണ് അഫ്ലാഹയെന്ന കൊച്ചുമിടുക്കിയെ കണ്ടെത്തിയത്. ലൈബ്രറിയില്‍ സംഘടിപ്പിച്ച അക്ഷര സായാഹ്നം പരിപാടിയില്‍ അഫ്ലാഹയ്ക്ക് ഡോ. സി.വി. സുരേഷും കുടും ബാംഗങ്ങളും ചേര്‍ന്നു ഹോം ലൈബ്രറി സമ്മാനിക്കുകയായിരുന്നു.
ചടങ്ങില്‍ വിദ്യാഭ്യാസ ചിന്തകന്‍ പി.വി. പ്രേംജിത്ത്, റിട്ട. ഹെഡ്മാസ്റ്റര് സെൽവരാജ് ജോസഫ്, മൈന്‍ഡ് പബ്ലിക്ക് എംഡി ഹരി ചാരുത, അഡ്വ. എസ്.എസ് ഷാജി, പ്രിയ, ദിവാകരൻ, കാക്കറവിള എല്‍എംഎസ് എല്‍പി സ്കൂളിലെയും കുളത്തൂർ ജിഎം യുപി സ്കൂളിലെയും അധ്യാപകർ എന്നിവര്‍ സംബന്ധിച്ചു.