ചുണ്ടവിളാകത്തെ വർണക്കൂടാരം ഇന്നു നാടിനു സമര്‍പ്പിക്കും
1573805
Monday, July 7, 2025 6:42 AM IST
നെയ്യാറ്റിന്‍കര : അതിയന്നൂര്‍ പഞ്ചായത്തിലെ ചുണ്ടവിളാകം ഗവ. എല്‍പി സ്കൂളില്‍ നിര്‍മിച്ച വര്‍ണക്കൂടാരം ഇന്നു നാടിനു സമര്‍പ്പിക്കും. പ്രീ-പ്രൈമറി വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വർണക്കൂടാരം നിര്‍മിച്ചിരിക്കുന്നത്.
സമഗ്ര ശിക്ഷാ കേരളവും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ബാലരാമപുരം ബിആർസിയുടെ നേതൃത്വത്തിൽ സാക്ഷാത്കരിച്ച വര്ണക്കൂടാരത്തിനു പത്തുലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. ഇന്നു രാവിലെ 9.30ന് കെ. ആന്‍സലന്‍ എംഎല്‍എ വർണക്കൂടാരം ഉദ്ഘാടനം ചെയ്യും.
അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനില്‍കുമാര്‍ അധ്യക്ഷനാകും. തിരുവനന്തപുരം എസ്എസ്കെ ഡിപിസി ഡോ. ബി. നജീബ് പദ്ധതി വിശദീകരിക്കും. ജനപ്രതിനിധികള്‍, സ്കൂള്‍ അധികൃതര്‍ എന്നിവര്‍ സംബന്ധിക്കും. കുട്ടികളുടെ കലാപരിപാടികള്‍, നെല്ലിമൂട് മുലയന്താന്നി ദേവിക്ഷേത്രത്തിലെ കാവിലമ്മ കലാവേദി മാതൃസംഘം അവതരിപ്പിക്കുന്ന കൈകൊട്ടികളി എന്നിവയും നടക്കും.