സെക്രട്ടേറിയറ്റിലെ ഫയലുകൾക്ക് ഇടയിൽ വീണ്ടും പാന്പ്
1573440
Sunday, July 6, 2025 6:50 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഫയലുകൾക്കിടയിൽ വീണ്ടും പാന്പ്. സെക്രട്ടേറിയറ്റ് ദർബാർ ഹാളിനു പിന്നിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ- പൊതുവിതരണ വകുപ്പിന്റെ സി സെക്ഷൻ ഓഫീസിലാണ് ഇന്നലെ രാവിലെ പാന്പിനെ കണ്ടത്.
രാവിലെ 10.15 ഓടെ ഓഫീസ് തുറക്കുന്നതിനിടെയാണ് പാന്പിനെ കണ്ടത്. ഇതു ഫയലുകൾക്ക് ഇടയിലേക്കു കയറിയതോടെ ജീവനക്കാർക്ക് അങ്കലാപ്പായി. തുടർന്ന് സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിംഗ് വിഭാഗം ഏർപ്പെടുത്തിയ പാന്പുപിടുത്തക്കാരെത്തി ഏറെ നേരത്തെ ശ്രമത്തിനൊടു വിൽ പാന്പിനെ പിടികൂടുകയായിരുന്നു.
നേരത്തെയും സെക്രട്ടേറിയറ്റിൽ പാന്പിനെ കണ്ടിരുന്നു. അന്ന് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തിൽ സ്ഥിതി ചെയ്യുന്ന ഓഫീസുകളിലാണ് പാന്പിനെ കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് വീണ്ടും പാന്പിനെ കണ്ടെത്തിയ സംഭവവുമുണ്ടായത്.