ആരോഗ്യമന്ത്രിക്കെതിരേ നരഹത്യയ്ക്കു കേസെടുക്കണം: സണ്ണി ജോസഫ്
1573179
Saturday, July 5, 2025 6:47 AM IST
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ ക്രിമിനല്‍ നിയമപ്രകാരം മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കണമെന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ.
മൗണ്ട് കാര്‍മല്‍ കണ്വന്ഷന് സെന്ററില്‍ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുവീണ് കൂലിവേല ചെയ്തു കുടുംബം പുലര്‍ത്തിയിരുന്ന ഒരു സ്ത്രീ മരണപ്പെടാനിടയായ സംഭവം അത്യന്തം വേദനിപ്പിക്കുന്നതാണ്. തകര്‍ന്നു വീണ കെട്ടിടത്തിന്റെ സ്ലാബുകള്‍ മാറ്റി എത്രയും വേഗം രക്ഷാപ്രവര്‍ത്തനം നടത്താമായിരുന്നു.
എന്നാല്‍ രണ്ടേകാല്‍ മണിക്കൂറിനു ശേഷമാണ് അധികാരികള്‍ മനസില്ലാ മനസോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കോട്ടയത്ത് ഉണ്ടായിരുന്ന ദിവസമായിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശോച്യാവസ്ഥയെക്കുറിച്ചു പ്രതികരിച്ച ഡോ.ഹാരിസിനെ ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെപ്പോലെ കണ്ണുരുട്ടി പേടിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചാല്‍ കേരളത്തിന് അത് ഉള്‍ക്കൊള്ളാനാകില്ല. കേരളത്തിന്റെ ആരോഗ്യം വെന്റിലേറ്ററിലല്ല, മോര്‍ച്ചറിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ അടൂര്‍ പ്രകാശ് എംപി, ഷാഫി പറമ്പില്‍ എംപി, പി.സി. വിഷ്ണുനാഥ് എംഎല്‍എ, കെ.പി.അനില്‍കുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിച്ചു.