ഡോ. ഹരിസ് കല്ലറ സ്കൂൾ പൂർവ വിദ്യാർഥി
1572857
Friday, July 4, 2025 6:44 AM IST
കല്ലറ: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ദുരവസ്ഥ തുറന്നു കാട്ടിയ ഡോ. ഹാരിസ് കല്ലറ സ്കൂളിലെ പൂർവ വിദ്യാർഥി. മെഡിക്കൽ കോളജിലെ ദുരവസ്ഥയെക്കുറിച്ചു പരസ്യ പ്രതികരണം നടത്തിയതിലൂടെ ജനപ്രിയനായി മാറിയ തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസൻ കല്ലറ ഗവൺമെന്റ് സ്കൂളിലെ പൂർവ വിദ്യാർഥിയാണെന്ന കാര്യം സ്മരിക്കുകയാണ് സഹപാഠികൾ.
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ സഹപാഠികൾക്കും അധ്യാപകർക്കും ഏറെ പ്രിയങ്കരനായിരുന്നു. കല്ലറ മരുതമണ്ണിലായിരുന്നു താമസം. മാതാവ് ഐഷ കല്ലറ സ്കൂളിലെ അധ്യാപികയായിരുന്നു. പിതാവ് ഹസൻ കുമ്മിൾ സ്കൂളിലെ അധ്യാപകനായിരുന്നു.
സാധാരണക്കാരയ രോഗികളുടെ ആശ്രയ കേന്ദ്രമായ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ ഇല്ലാതെ ശസ്ത്രക്രിയകൾ മുടങ്ങുന്നതിനെക്കുറിച്ചു ഡോ. ഹാരിസ് സമൂഹത്തോടു തുറന്നു പറഞ്ഞതു കേരളമാകെ ചർച്ച ചെയ്യുകയാണ്. തന്റെ മുന്നിലെത്തിയ പാവപ്പെട്ട കുടുംബത്തിലെ അഗ്രികൾച്ചറൽ കോളജിൽ പഠിക്കുന്ന മിടുക്കനായ ഒരു വിദ്യാർഥിക്ക് മൂത്രാശയത്തിലെ കല്ല് കാരണം വൃക്ക തകരാറിലായി.
ഉടൻ അടിയന്തിര ശസ്ത്രക്രിയ അനിവാര്യമായിട്ടും വേണ്ട ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താൻ കഴിയാത്തതിലെ വിഷമം കൊണ്ടാണ് ഡോക്ടർ മെഡിക്കൽ കോളജിലെ ദുരവസ്ഥയെ കുറിച്ച് സമൂഹത്തോട് പറഞ്ഞത്. ഡോക്ടറുടെ തുറന്നു പറച്ചിൽ കേരളത്തിൽ വലിയ ചർച്ചയാവുകയാണ്.