കണ്ടല ഫാർമസി കോളജിൽ സംഘർഷം; കോളജ് അടച്ചു
1572536
Thursday, July 3, 2025 6:04 AM IST
വിദ്യാർഥിയെയും മാതാവിനെയും ചെയർമാൻ ആക്രമിച്ചെന്ന് ആരോപണം
കാട്ടാക്കട: കണ്ടല കേരള അക്കാഡമി ഓഫ് ഫാർമസി കോളജിൽ വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ യുള്ളവരുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ സംഘർഷം.
കോളജിലെ വിഷയങ്ങൾ സംസാരിക്കവേ ചെയർമാൻ വിദ്യാർഥിയുടെ മാതാവിന്റെ കൈപിടിച്ച് തിരിച്ചുന്നും വിദ്യാർഥിയെ ചവിട്ടുകയും ഷൂ എടുത്തെറിയാൻ തുനിഞ്ഞെന്നും ആരോപണം. കാട്ടാക്കട ഡിവൈഎസ്പി ഇരിക്കുന്ന വേദിയിൽ ആയിരുന്നു ചെയർമാന്റെ അതിക്രമം. ഇതോടെയാണ് സംഘർമുണ്ടായത്.
ഇതിനെ തുടർന്നു കോളജ് കാമ്പസിനു പുറത്തുണ്ടായിരുന്ന കെഎസ്യു പ്രവർത്തകർ കോളജിനുള്ളിലേക്ക് ഇരച്ചുകയറി. പി ന്നീട് പ്രവർത്തകരും പോലീസും തള്ളലും ഉണ്ടായി. ഇതിനിടെ വിദ്യാർഥിയും മാതാവും പോലീസിനു പരാതിയതിന്റെ അടിസ്ഥാനത്തിൽ ചെയർമാനെ കസ്റ്റഡിയിലെടുക്കാൻ തീരുമാനമായി.
ചെയർമാനെ വിലങ്ങുവച്ചുതന്നെ കൊണ്ടുപോകണമെന്നും ആർഡി ഒ സ്ഥലത്തെത്തി തങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാതെ ചെയർമാനെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും ചൂണ്ടിക്കാട്ടി വിദ്യാർഥികൾ വാതിലിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വൈകുന്നേരത്തോടെ മൂന്നു വിദ്യാർഥിനികൾ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണിമുഴക്കി. വിദ്യാർഥികളും പോലീസുകാരും ഇവരെ അനൂനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ കൂട്ടാക്കിയില്ല. ആർഡിഒ എത്തി പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ താഴേക്കു ചാടുമെന്നും വിദ്യാർഥികൾ പറഞ്ഞു.
ഇതോടെ വീണ്ടും വലിയ സംഘർഷവസ്ഥയുയായി. തുടർന്നു കാട്ടാക്കട തഹസിൽദാർ ശ്രീകുമാർ സ്ഥലത്തെത്തി ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ ചെയർമാനുമായി സംസാരിച്ചു വിദ്യാർഥികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാമെന്നു പറഞ്ഞു.ഇതോടെ ചെയർമാൻ അയഞ്ഞു.
തങ്ങളുടെ ആവശ്യങ്ങൾക്ക് തീരുമാനം ഉണ്ടാക്കാമെന്നറിഞ്ഞതോടെ വിദ്യാർഥിനികൾ താഴെയിറങ്ങി. പ്രശ്നപരിഹാരം കാണുന്നതുവരെ കോളജ് അടച്ചിടാമെന്നു കോളജ് ചെയർമാൻ മുഹമ്മദ് ഷംസീർ ഡിവൈഎസ്പിക്ക് രേഖാമൂലം ഉറപ്പ് നൽകി. കോളജിനെതിരെയുള്ള പരാതികളെക്കുറിച്ചു വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുകൊണ്ടുള്ള അന്വേഷണം നടത്തി പരിഹാരം കാണാമെന്നും തഹസിൽദാർ ശ്രീകുമാർ ചർച്ചയ്ക്കുശേഷം വിദ്യാർഥികൾക്ക് ഉറപ്പു നൽകി.ശേഷം ചെയർമാനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയി. രാത്രി ഏഴര മണിയോടെ പ്രതിഷേധങ്ങൾ അവസാനിച്ചു.
ബുധനാഴ്ച ഉച്ചയോടെ യാണു യോഗം ആരംഭിച്ചത്.യൂണിവേഴ്സിറ്റി നിഷ്കർഷിച്ചിട്ടുള്ള ഫീസിനു പുറമെ പുതുതായി അഡ്മിഷൻ എടുത്ത കുട്ടികളിൽനിന്ന് അധിക തുക നൽകാൻ ആവശ്യപ്പെടുന്നുവെന്നാരോപിച്ചു ഇക്കഴിഞ്ഞ ദിവസം കോളജ് മാനേജരെ വിദ്യാർത്ഥികൾ ഗേറ്റിൽ തടഞ്ഞു പ്രതിഷേധിച്ചിരുന്നു.
തുടർന്ന് കാട്ടാക്കട ഡിവൈഎസ്പി റാഫിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ബുധനാഴ്ച പ്രശ്ന പരിഹാരത്തിന് യോഗം ചേരാൻ തീരുമാനിച്ചത്. ഈ യോഗത്തിനിടെയാണ് ചെയർമാൻ രക്ഷിതാവിനെയും ഇവരുടെ മകനെയും കൈയേറ്റം ചെയ്തതും തുടർന്നുള്ള സംഭവ വികാസങ്ങൾ ഉണ്ടായതും.