പഴ്സ് മോഷണം; തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍
1572542
Thursday, July 3, 2025 6:04 AM IST
പേരൂര്‍ക്കട: ബസിലെ യാത്രക്കാരിയുടെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ച തമിഴ്നാട് സ്വദേശിനികളെ പേരൂര്‍ക്കട പോലീസ് പിടികൂടി. ചെന്നൈ അടയാര്‍ സ്വദേശിനികളായ പാര്‍വതി (40), മഹേശ്വരി (33) എന്നിവരാണു പിടിയിലായത്.
ചൊവ്വാഴ്ച വൈകുന്നേരം നാ ലോടെയായിരുന്നു സംഭവം. പേരൂര്‍ക്കടയില്‍നിന്ന് അമ്പലമുക്കുവഴി തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയും പാലോട് സ്വദേശിനിയുമായ ഗിരിജയുടെ പഴ്സാണ് പ്രതികള്‍ കവര്‍ന്നത്. ബസ് അമ്പലമുക്കിലെത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം ഗിരിജ അറിയുന്നത്. അപ്പോഴേക്കും സ്ത്രീകള്‍ മുങ്ങിയിരുന്നു.
പരാതിയെത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ കുടപ്പനക്കുന്ന് ഭാഗത്തുനിന്നാണ് ഇരുവരും പിടിയിലാകുന്നത്. പാര്‍വതി, മഹേശ്വരി എന്നിവര്‍ക്കെതിരേ തിരുവനന്തപുരം നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.