മുക്കോലയില്‍ പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നു
1572261
Wednesday, July 2, 2025 7:04 AM IST
പേരൂര്‍ക്കട: വാട്ടര്‍ അഥോറിറ്റി പിടിപി നഗര്‍ സെക്ഷന്‍ പരിധിയിലെ മുക്കോലയില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നു. ഒരാഴ്ചയായി റോഡിലൂടെ ജലം പാഴാകുന്നുണ്ടെന്നും അധികൃതരെ അറിയിച്ചിട്ട് നടപടിയുണ്ടാകുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. ദിനംപ്രതി ആയിരണക്കണക്കിന് ലിറ്റര്‍ ജലമാണ് റോഡിലൂടെ പാഴായിക്കൊണ്ടിരിക്കുന്നത്.
പിടിപി നഗറില്‍നിന്നു നെട്ടയം വഴി മുക്കോല, കാച്ചാണി ഭാഗങ്ങളിലേക്കു ശുദ്ധജലം വിതരണം ചെയ്യുന്ന പിവിസി ലൈനിലാണ് ചോര്ച്ചയുള്ളതെന്നാണു സൂചന. ആഴത്തില്‍ കടന്നുപോകുന്ന പൈപ്പ് കണ്ടെത്തുന്നതിന് ജെസിബി ഉപയോഗിച്ച് റോഡ് കുഴിച്ചാല്‍ മാത്രമേ സാധിക്കൂ.
പൊതുവെ ശുദ്ധജലക്ഷാമമുള്ള പ്രദേശങ്ങളാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ മുക്കോലയും കാച്ചാണിയും. പിവിസി ലൈനുകള്‍ ഒരു മീറ്റര്‍ മുതല്‍ ഒന്നരമീറ്റര്‍ വരെ ആഴത്തിലാണ് കടന്നുപോകുന്നത്. പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിപി സെക്ഷന്‍ അധികൃതര്‍ ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.