മാവേലിക്കര പ്രഭാകരവർമയുടെ ജീവിതം സംഗീതോപാസന: ഡോ. കെ. ഓമനക്കുട്ടി
1571903
Tuesday, July 1, 2025 6:51 AM IST
തിരുവനന്തപുരം: സംഗീതമായിരുന്നു പ്രഫ. മാവേലിക്കര ആർ. പ്രഭാകരവർമയുടെ ജീവിതമെന്നു പ്രശസ്ത കർണാടക സംഗീതജ്ഞയും മാവേലിക്കര പ്രഭാകര വർമയുടെ ശിഷ്യയുമായ ഡോ. കെ. ഓമനക്കുട്ടി. അഭേദാനന്ദ സംഗീതസഭയുടെ രണ്ടാം വാർഷിക സംഗീതോത്സവത്തിന്റെയും സംഗീത ഗുരുക്കന്മാരുടെ അനുസ്മരണ യോഗത്തിന്റെയും ഉദ് ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു സംഗീതജ്ഞ.
അഭേദാശ്രമത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത കർണാടക സംഗീതജ്ഞൻ മാവേലിക്കര ആർ. പ്രഭാകര വർമ അനുസ്മരണം ഡോ. ഓമനക്കുട്ടി നടത്തി. എന്റെ അച്ഛൻ മലബാർ ഗോപാലൻ നായരായിരുന്നു സംഗീതത്തിലെ ആദ്യഗുരു. പിന്നീട് പ്രീയൂണിവേഴ് സിറ്റി കാലം മുതൽ ബിരുദപഠനം വരെ, നീളുന്ന കാലത്ത് എന്നെ കർണാടക സംഗീതം പഠിപ്പിച്ചത് പ്രഭാകര വർമ സാറാണ്- ഡോ. കെ. ഓമനക്കുട്ടി പറഞ്ഞു. ഒരു കീർത്തനം പഠിപ്പിക്കുംമുന്പ് കീർത്തനത്തിന്റെ രാഗത്തെക്കുറിച്ചും രാഗഭാവത്തെക്കുറിച്ചും സമഗ്രമായി മാവേലിക്കര സാർ പഠിപ്പിക്കുമായിരുന്നു. ഒരു കീർത്തനം പഠിച്ചു കഴിയുന്പോൾ ആ രാഗത്തിന്റെ സമസ്തതയും ശിഷ്യർക്കു ഹൃദിസ്ഥമാകുന്ന രീതിയിലെ അഭ്യസനം സംഗീതജീവിതത്തിൽ തനിക്കു വലിയ അനുഗ്രഹമായെന്നും ഡോ. ഓമനക്കുട്ടി വ്യക്തമാക്കി.
ചടങ്ങിൽ അഭേദാശ്രമം പ്രസിഡന്റ് ചൂഴാൽ കൃഷ്ണൻ നന്പൂതിരി അധ്യക്ഷത വഹിച്ചു. മൃദംഗ വിദ്വാന്മാരായ തിരുവനന്തപുരം വി. സുരേന്ദ്രൻ, പ്രഫ. വൈക്കം വേണുഗോപാൽ, മാവേലിക്കര ആർ.വി. രാജേഷ്, ഘടം വിദ്വാൻ ഉടുപ്പി ശ്രീധർ എന്നിവർ ആശംസ നേർന്നു പ്രസംഗിച്ചു.
പദ്മശ്രീ ലഭിച്ച ഡോ. കെ. ഓമനക്കുട്ടിയെയും കേരള സംഗീത നാടക അക്കാഡമി അവാർഡ് നേടിയ ചേപ്പാട് എ.വി. വാമനൻ നന്പൂതിരിയെയും ആശ്രമം മഠാധിപതി കേശവാനന്ദ ഭാരതി ആദരിച്ചു.
ചടങ്ങിനു പിന്നണി ഗായകൻ ജി. ശ്രീറാം സ്വാഗതം ആശംസിച്ചു. പരമ ഭട്ടാരക കൾച്ചറൽ ഡവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി എ. ചന്ദ്രശേഖർ കൃതജ്ഞത പറഞ്ഞു. വാമനൻ നന്പൂതിരി മറുപടി പ്രസംഗം നടത്തി. തുടർന്ന് വാമനൻ നന്പൂതിരിയുടെ കർണാടക സംഗീത കച്ചേരി നടന്നു. ഉടുപ്പി ശ്രീജിത്ത് വയലിനിലും മാവേലിക്കര ആർ.വി. രാജേഷ് മൃദംഗത്തിലും ഉടുപ്പി ശ്രീധർ ഘടത്തിലും താളമേകി.