പൈതൃകങ്ങളെ തൊട്ടറിഞ്ഞ് അമേരിക്കന്‍ മലയാളി വിദ്യാര്‍ഥികള്‍
1571667
Monday, June 30, 2025 6:39 AM IST
തിരുവനന്തപുരം: കേരളത്തിന്റെ മൂല്യങ്ങളും പൈതൃകങ്ങളും തൊട്ടറിഞ്ഞ് അമേരിക്കന്‍ മലയാളി വിദ്യാര്‍ഥികള്‍. സമ്മര്‍ ടു കേരള 2025 പ്രോഗ്രാമിലൂടെ കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും പൈതൃകവും നേരിട്ട് കണ്ടറിയുന്നതിനായി അമേരിക്കന്‍ മലയാളി വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്തെത്തി.
ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) നേതൃത്വത്തിലാണ് അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ള മലയാളി വിദ്യാര്‍ഥികള്‍ കേരള തലസ്ഥാനം സന്ദര്‍ശിക്കാനെത്തിയത്.
പാളയം രക്തസാക്ഷി മണ്ഡപം, കനകക്കുന്ന് കൊട്ടാരം, ഐഎസ്ആര്‍ഒ കാമ്പസ്, കുതിരമാളിക, കഴക്കൂട്ടം ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ തുടങ്ങിയ സ്ഥലങ്ങള്‍ വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു.
ബോട്ടിംഗ്, ബീച്ച് സ്റ്റേ തുടങ്ങിയ പരിപാടികളും ഒരുക്കിയിരുന്നു. കേരളീയ പൈതൃകത്തോടുള്ള ആത്മബന്ധം കൊണ്ടും സ്നേഹം കൊണ്ടുമാണു കേരളത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് എത്തിയതെന്നു സമ്മര്‍ ടു കേരളയില്‍ പങ്കെടുക്കാനെത്തിയ വദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ മാസ്ക്കറ്റ് ഹോട്ടലില്‍ സ്വീകരണവും ഒരുക്കിയിരുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യാതിഥിയായിരുന്നു. പണത്തേക്കാളും പദവിയേക്കാളും വലുതാണു മനുഷ്യരുടെ മൂല്യബോധമെന്ന് അദ്ദേഹം പറഞ്ഞു. സമ്മര്‍ ടു കേരള പ്രോഗ്രാമിലൂടെ തങ്ങളുടെ വേരുകളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും പറഞ്ഞുകൊടുക്കുന്ന ഫോമയുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. ഫോമയുമായി വര്‍ഷങ്ങളായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ഫോമയുടെ സിഗ്നേച്ചര്‍ പദ്ധതികളിലൊന്നാണു സമ്മര്‍ ടു കേരള എജ്യൂക്കേഷണല്‍ ടൂര്‍ പ്രോഗ്രാമെന്നു പ്രോഗ്രാം ചെയര്‍പേഴ്സണ്‍ അനു സ്കറിയ പറഞ്ഞു.
ഫോമയുടെ നേതൃത്വത്തില്‍ അനു സ്കറിയ ചെയര്‍പേഴ്സണായും രേഷ് മ രഞ്ജന്‍ ഇവന്റ് ആന്‍ഡ് പിആര്‍ കോ-ഓര്‍ഡിനേറ്ററായും രാജേഷ് പുഷ്പരാജന്‍ കോ ഓര്‍ഡിനേറ്ററുമായുള്ള കമ്മറ്റിയാണ് സമ്മര്‍ ടു കേരള പ്രോഗ്രാം വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയത്.