പെരിങ്ങമല ഇക്ബാൽ കോളജിൽ എസ്എഫ്ഐ, കെഎസ്യു സംഘർഷം
1572539
Thursday, July 3, 2025 6:04 AM IST
പാലോട്: പെരിങ്ങമല ഇക്ബാൽ കോളജിൽ എസ്എഫ് ഐ, കെഎസ്യു സംഘട്ടനം. ഇരു വിഭാഗങ്ങളും പരസ്പരം കൊടിമരങ്ങളും കൊടി തോരണങ്ങളും നശിപ്പിച്ചു. പാലോട് പോലീസെത്തി സംഘട്ടനം നിയന്ത്രിച്ചു. സംഭവത്തെ തുടർന്നു കോളജിന് അവധി നൽകി. ഡിഗ്രി പ്രവേശനോത്സവത്തിന്റെ ഭാഗമായി കെഎസ്യു സ്ഥാപിച്ചിരുന്ന കൊടികൾ കാണാതായതാണ് സംഘർഷത്തിനു കാരണമായത്. കൊടികൾ എസ്എഫ്ഐ എടുത്തുമാറ്റിയെന്നാരോപിച്ചു എസ്എഫ്ഐയുടെ കൊടികൾ പരസ്യമായി കെഎസ്യു നശിപ്പിച്ചു.
ഇതിനെ തുടർന്ന് കെഎസ്യുവിന്റെ കൊടിമരം എസ്എഫ്ഐയും നശിപ്പിച്ചു. ഇതിനു പിന്നാലെ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി. തുടർന്ന് എസ്എഫ്ഐയുടെ കൊടിമരത്തിനു പോലീസ് കാവൽ ഏർപ്പെടുത്തി. എന്നാൽ പോലീസ് കാവലിനെ അവഗണിച്ച് എസ്എഫ്ഐയുടെ കൊടിമരം കെഎസ്യു വീണ്ടും നശിപ്പിച്ചു.
ഇതിനെ തുടർന്നു പോലീസ് ലാത്തിച്ചാർജ് നടത്തി. സംഭവത്തിൽ കെഎസ്യു പ്രവർത്തകർക്കും പോലീസിനും പരിക്കുണ്ട്. ഇന്ന് ഇരു കൂട്ടരെയും സമാധാന ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇതിനുശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നു നെടുമങ്ങാട് ഡിവൈഎസ്പി കെ.എസ്. അരുൺ അറിയിച്ചു.