എസ്എഫ്ഐ, ഡിവൈഎഫ്ഐ രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം
1572537
Thursday, July 3, 2025 6:04 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദത്തില്‍ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി ഗവര്‍ണറുടെ ആര്‍എസ്എസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നാരോപിച്ചാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രാജ്ഭവന് മാര്‍ച്ചുമായി രംഗത്തെത്തിയത്.
മാര്‍ച്ച് തടയുന്നതിനായി വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിരുന്നു. വെള്ളയമ്പലത്തിനു സമീപം ബാരിക്കേഡുകള്‍ സ്ഥാപിച്ച് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. കൂടുതല്‍ പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.