എള്ളുവിളയിലെ വീടാക്രമണ കേസ്: ഒരാള്‍ അറസ്റ്റില്‍
1572548
Thursday, July 3, 2025 6:15 AM IST
വെള്ളറട: എള്ളുവിളയില്‍ ശത്രുവിന്റെ വീടെന്നു തെറ്റിദ്ധരിച്ചു മറ്റൊരു വീട്ടില്‍ കയറി 10 അംഗ അജ്ഞാത സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുന്നത്തുകാല്‍ വണ്ടിത്തടം സ്വദേശി സുജിത്താണ് (24) അറസ്റ്റിലായത്.
നിലമാമൂട് എള്ളുവിള പ്ലാങ്കാല പുത്തന്‍വീട്ടില്‍ സലിംകുമാറിന്റെ (59) വീട്ടിലാണ് ആക്രമണം നടത്തിയത്. ശനിയാഴ്ച രാത്രി 11.15 ഓടെയായിരുന്നു ആക്രമണം. എള്ളുവിള സ്വദേശി പ്രവീണിന്റെ വീടെന്നു തെറ്റിദ്ധരിച്ചാണു സമീപത്തുള്ള സലിം കുമാറിന്റെ വീട് ആക്രമിച്ചത്. വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വാതിലുകളും ജനാലകളും മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടി നശിപ്പിക്കുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് ആക്രമി സംഘങ്ങളില്‍ ചിലരും പ്രവീണ തമ്മില്‍ കൈയ്യാങ്കളി നടന്നിരുന്നു. തുടര്‍ന്നുള്ള പക തീര്‍ക്കാനെത്തിയ സംഘമാണു വീടുമാറി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രസാദിന്റെ നേത്രത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.