വ്യാജ പ്രമാണംചമച്ച് വീടും വസ്തുവും തട്ടിയെടുത്ത രണ്ടുപേർ പിടിയില്‍
1572541
Thursday, July 3, 2025 6:04 AM IST
പേരൂര്‍ക്കട: വ്യാജ പ്രമാണവും വ്യാജ ആധാര്‍ കാര്‍ഡും ചമച്ചു വീടും വസ്തുവും തട്ടിയെടുത്ത രണ്ടുപേരെ മ്യൂസിയം പോലീസ് പിടികൂടി. കൊല്ലം പുനലൂര്‍ അലയമണ്‍ കോടാലി പച്ച ഓയില്‍ ഫാം പഴയ ഫാക്ടറിക്കു പിറകുവശം പുതുപ്പറമ്പില്‍ വീട്ടില്‍ മെറിന് ജേക്കബ് (27), കരകുളം മരുതൂര്‍ ചീനിവിള പാലയ്ക്കാട്ടു വീട്ടില്‍ വസന്ത (76) എന്നിവരാണ് പിടിയിലായത്.
കവടിയാര്‍ ജവഹര്‍ നഗറിലെ ഡോറ അസറിയ ക്രിപ്സിന്റെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവുമാണ് പ്രതികള്‍ കൈക്കലാക്കിയത്. രേഖകള്‍ വ്യാജമായി ഉണ്ടാക്കി യഥാര്‍ഥ വസ്തു ഉടമസ്ഥനെ മാറ്റിയശേഷം പകരം രൂപസാദൃശ്യമുള്ള മറ്റൊരാളെ ചേര്‍ത്തായിരുന്നു തട്ടിപ്പു നടത്തിയത്.
ഡോറയുടെ പേരിലുള്ള വീട് ജനുവരി മാസം മെറിന് ജേക്കബ് എന്ന ആള്‍ക്ക് ഡോറയുടെ അറിവോ സമ്മതമോ ഇല്ലാതെ ധനനിശ്ചയം എഴുതിക്കൊടുക്കുകയും മെറിന് ജേക്കബ് ആ മാസം തന്നെ ചന്ദ്രസേനന് എന്ന ആള്‍ക്ക് വസ്തു വിലയാധാരം എഴുതി കൊടുക്കുകയുമായിരുന്നു.
ഡോറ അമേരിക്കയില്‍ താമസിച്ചുവരുന്ന കാലത്താണ് ഈ സംഭവം ഉണ്ടാകുന്നത്. ഡോറയുടെ വളര്‍ത്തുമകളാണ് മെറിന് ജേക്കബ് എന്നു വരുത്തിത്തീര്‍ത്താണ് വസ്തുവിന്റെ പ്രമാണം നടത്തിയത്. വ്യാജ പ്രമാണം, വ്യാജ ആധാര്‍ കാര്‍ഡ് എന്നിവ പോലീസ് കണ്ടെത്തുകയും രജിസ്ട്രാര്‍ ഓഫീസിലെ റിക്കാർഡുകൾ പരിശോധിക്കുകയും ചെയ്തു.
അതിലെ വിരലടയാളങ്ങള്‍ ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ പരിശോധന നടത്തിയപ്പോഴാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഉള്ളതായി പോലീസ് അറിയിച്ചു.
അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റ്യുവര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ മ്യൂസിയം സിഐ വിമല്‍, എസ്ഐമാരായ വിപിന്‍, ബാലസുബ്രഹ്മണ്യന്, സിപിഒമാരായ ഉദയന്‍, രഞ്ജിത്ത്, ഷിനി, ഷംല, അരുണ്‍, അനൂപ്, സാജന്, പത്മരാജ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.