പള്ളിത്തുറയിലെ ജനങ്ങളെ പുനരധിവസിപ്പിക്കണം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
1572851
Friday, July 4, 2025 6:35 AM IST
പള്ളിത്തുറ: അപകടകരമായ നിലയിലുള്ള വീടുകളിൽ കഴിയുന്ന പള്ളിത്തുറയിലെ ജനങ്ങളെ സർക്കാരിന്റെ ഉടമസ്ഥതയിൽ തീരദേശത്തു തന്നെയുള്ള സ്ഥലത്ത് പുനരധിവസിപ്പിക്കാൻ നടപടിയെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും സ്ഥലം സന്ദർശിച്ച പ്രതിപക്ഷ നേതാവ് അറിയിച്ചു.
തീരപ്രദേശത്തെ ദുരിതത്തിന്റെ നേർക്കാഴ്ചയാണ് പള്ളിത്തുറയിലേത്. ഓരോ സീസണ് കഴിയുന്പോഴും കടൽ കരയിലേക്കു കയറുകയാണ്. ഒരു ലെയിനിലെ 25 വീടുകൾ അപകടഭീഷണിയിലാണ്. മറ്റൊരു ലെയിനിലെ നാൽപതോളം വീടുകളും അപകടത്തിലാണ്. പുനരധിവാസത്തിനു വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും അതൊന്നും യാഥാർഥ്യമായിട്ടില്ല.
ഇവിടുത്തെ ജനങ്ങൾക്ക് കടൽത്തീരം വിട്ടു ദൂരേക്കൊന്നും പോകാനാകില്ല. തീരദേശത്തുതന്നെ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുനരധിവാസം നടത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ജനങ്ങളുടെ സങ്കടം കാണാൻ വേണ്ടിയാണു വന്നതെന്നും സതീശൻ പറഞ്ഞു.