വായന പക്ഷാചരണം: കളക്ടറേറ്റില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു
1573185
Saturday, July 5, 2025 6:47 AM IST
പേരൂര്‍ക്കട: വായന പക്ഷാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി കുടപ്പനക്കുന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഗ്രാൻഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് മത്സരം നയിച്ചു.
തോല്‍ക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ അറിവ് സമ്മാനിക്കുന്ന വേദിയാണ് ക്വിസ് മത്സരങ്ങളെന്നും ഈ ലോകം ജയിച്ചവരുടേത് മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 200-ഓളം വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ ആറ്റിങ്ങല്‍ ജിഎംബി എച്ച്എസ്എസിലെ വൈഷ്ണവ്ദേവ് എസ്. നായര്‍, നിള റിജു എന്നിവര്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ വെള്ളനാട് ജികെഎസ് ജിവിഎച്ച്എസ്എസിലെ എസ്.എല്‍. ശ്രീലേഷ്, എസ്.എല്‍. ശ്രീലവ്യ എന്നിവര്‍ ഒന്നാമതെത്തി. വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ അനുകുമാരി, സബ് കളക്ടര്‍ ഒ.വി ആല്‍ഫ്രഡ്, അസിസ്റ്റന്റ് കളക്ടര്‍ സി. ശിവശക്തിവേല്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.