കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 14 വർഷത്തിനുശേഷം പിടിയിൽ
1573187
Saturday, July 5, 2025 6:47 AM IST
നെയ്യാർഡാം: കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 14 വർഷത്തിനുശേഷം നെയ്യാർഡാം പോലീസ് അറസ്റ്റ് ചെയ്തു.
കൈപ്പപ്ലാവിള തടത്തരികത്ത് വീട്ടിൽ രതീഷ് (ശങ്കർ-43) ആണ് പിടിയിലായത്. അമ്പൂരി ചാക്കപ്പാറ വിനോദ് ഭവനിൽ അനിൽകുമാറിനെ (ബിനു-31) സംഘം ചേർന്ന് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണിയാൾ. 2011 ഒക്ടോബർ അഞ്ചിനാണ് കൊലപാതകം നടന്നത്.
റിമാൻഡ് കാലാവധിയിൽ ജാമ്യംനേടി ജയിലിൽ നിന്നിറങ്ങിയ ഇയാൾ മുങ്ങുകയും തമിഴ്നാട്ടിലും ബെംഗളൂരുവിലും ഒക്കെയായി കൂലിപ്പണിക്കാരനായി കഴിഞ്ഞു വരികയായിരുന്നു. പഴയ കേസുകൾ പുനരന്വേഷിക്കുന്നതിനിടെയാണ് ഈ കേസിൽ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയത്.
അനിൽകുമാർ വധക്കേസിലെ ഒന്നാംപ്രതി ശ്രീകുമാർ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ്.
കേസിലെ നാലും അഞ്ചും പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.വനം വകുപ്പിലെ ഒരു കേസിൽ പ്രതിയായ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യാൻ രഹസ്യവിവരം നൽകിയതിലുള്ള വിരോധത്തിൽ ശ്രീകുമാറിന്റെ നേതൃത്വത്തിൽ അനിൽകുമാറിനെ വീട്ടിൽക്കയറി വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
രതീഷിനെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.