27.14 ല​ക്ഷം സ​മ്മ​തി​ദാ​യ​ക​ര്‍ ഇ​ന്ന് ബൂ​ത്തി​ലേ​ക്ക്
Tuesday, April 23, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ടെ​ടു​പ്പ് ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും. ജി​ല്ല​യി​ലെ ര​ണ്ടു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 27.14 ല​ക്ഷ​ത്തോ​ളം വോ​ട്ട​ര്‍​മാ​രാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം ആ​റി​ന് വോ​ട്ടിം​ഗ് അ​വ​സാ​നി​ക്കും. 2715 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ആ​റ്റി​ങ്ങ​ല്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ 19 ഉം ​തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ല്‍ 17ഉം ​സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. വോ​ട്ടെ​ടു​പ്പി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി ജി​ല്ലാ ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. വാ​സു​കി പ​റ​ഞ്ഞു. വോ​ട്ടെ​ടു​പ്പി​നു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പൂ​ര്‍​ത്തി​യാ​യി. വൈ​കു​ന്നേ​ര​ത്തോ​ടെ എ​ല്ലാ ബൂ​ത്തു​ക​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​രും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളും എ​ത്തി. എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍​ക്കും പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പൂ​ര്‍​ണ​മാ​യി ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തു​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ എ​ല്ലാ ബൂ​ത്തു​ക​ളി​ലും വി​വി​പാ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന​തും ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​കാ​രം 27,14,164 സ​മ്മ​തി​ദാ​യ​ക​രാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഇ​തി​ല്‍ 14,23,857 പേ​ര്‍ സ്ത്രീ​ക​ളും 12,90,259 പേ​ര്‍ പു​രു​ഷ​ന്മാ​രും 48 പേ​ര്‍ ട്രാ​ന്‍​സ്ജെ​ന്‍റേ​ഴ്സു​മാ​ണ്.

13,46,641 വോ​ട്ട​ര്‍​മാ​രാ​ണ് ആ​റ്റി​ങ്ങ​ല്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ​യു​ള്ള​ത്. ഇ​തി​ല്‍ 6,29,327 പേ​ര്‍ പു​രു​ഷ​ന്മാ​രും 7,17,300 പേ​ര്‍ സ്ത്രീ​ക​ളു​മാ​ണ്. 14 ട്രാ​ന്‍​സ്ജെ​ന്‍റേ​ഴ്സ് മ​ണ്ഡ​ല​ത്തി​ലു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ 7,06,557 സ്ത്രീ​ക​ളും 6,60,932 പു​രു​ഷ​ന്മാ​രും 34 ട്രാ​ന്‍​സ്ജെ​ന്‍റേ​ഴ്സു​മ​ട​ക്കം ആ​കെ സ​മ്മ​തി​ദാ​യ​ക​ര്‍ 13,67,523 ആ​ണ്. ജി​ല്ല​യി​ലെ 2013 വോ​ട്ട​ര്‍​മാ​ര്‍ വി​ദേ​ശ​ത്തു​ണ്ട്. ഇ​തി​ല്‍ 1746 പേ​ര്‍ പു​രു​ഷ​ന്മാ​രും 267 പേ​ര്‍ സ്ത്രീ​ക​ളു​മാ​ണ്. ആ​റ്റി​ങ്ങ​ല്‍ 1071, തി​രു​വ​ന​ന്ത​പു​രം 942 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ദേ​ശ​ത്തു​ള്ള​വ​രു​ടെ ക​ണ​ക്ക്.

മോ​ക് പോ​ളിം​ഗ് രാ​വി​ലെ ആ​റി​ന്

ജി​ല്ല​യി​ലെ എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും രാ​വി​ലെ ആ​റി​ന് മോ​ക് പോ​ളിം​ഗ് ആ​രം​ഭി​ക്കും. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ല്‍ വോ​ട്ട് ചെ​യ്യു​മ്പോ​ള്‍​ത്ത​ന്നെ വി​വി​പാ​റ്റി​ലെ സ്ലി​പ്പി​ല്‍ വോ​ട്ട് ചെ​യ്ത സ്ഥാ​നാ​ര്‍​ഥി​ക്കു ത​ന്നെ​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ന്ന​ത് എ​ന്ന് ഉ​റ​പ്പി​ക്കും. രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​ര്‍ എ​ത്ര വോ​ട്ടു​ക​ള്‍ ചെ​യ്തു​വെ​ന്ന​കാ​ര്യം പേ​പ്പ​റി​ലും രേ​ഖ​പ്പെ​ടു​ത്തും.

തു​ട​ര്‍​ന്ന് വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ മോ​ക്പോ​ള്‍ ചെ​യ്ത വോ​ട്ടും പേ​പ്പ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടും ഒ​ത്തു​നോ​ക്കും. ഇ​തി​നു ശേ​ഷം വി​വി​പാ​റ്റി​ലെ സ്ലി​പ്പു​ക​ള്‍ പു​റ​ത്തെ​ടു​ത്ത് ഏ​ജ​ന്‍റു​മാ​ര്‍ ചെ​യ്ത സ്ഥാ​നാ​ര്‍​ഥി​ക്കു ത​ന്നെ​യാ​ണോ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്ന​ത് എ​ന്നു ഉ​റ​പ്പി​ക്കും. പ​രാ​തി​ക​ളൊ​ന്നു​മി​ല്ലെ​ങ്കി​ല്‍ ഏ​ജ​ന്‍റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍ ക്ലി​യ​ര്‍ ചെ​യ്തു സീ​ല്‍ വ​യ്ക്കും. ഏ​ഴു മ​ണി​ക്ക് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കും.

ആ​കെ പോ​ളി​ംഗ് ബൂ​ത്തു​ക​ള്‍ 2715

ജി​ല്ല​യി​ലെ 2715 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​യാ​ണ് ഇ​ന്നു വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ബൂ​ത്തു​ക​ളു​ടെ എ​ണ്ണം ഇ​ങ്ങ​നെ.

വ​ര്‍​ക്ക​ല 193, ആ​റ്റി​ങ്ങ​ല്‍ 204, ചി​റ​യി​ന്‍​കീ​ഴ് 198, നെ​ടു​മ​ങ്ങാ​ട് 210, വാ​മ​ന​പു​രം 212, ക​ഴ​ക്കൂ​ട്ടം 165, വ​ട്ടി​യൂ​ര്‍​ക്കാ​വ് 168, തി​രു​വ​ന​ന്ത​പു​രം 178, നേ​മം 180, അ​രു​വി​ക്ക​ര 210, പാ​റ​ശാ​ല 214, കാ​ട്ടാ​ക്ക​ട 183, കോ​വ​ളം 215, നെ​യ്യാ​റ്റി​ന്‍​ക​ര 185.

ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​രു​ള്ള​ത് പാ​റ​ശാ​ല നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 111-ാം ന​മ്പ​ര്‍ ബൂ​ത്തി​ലാ​ണ്. 656 പു​രു​ഷ​ന്മാ​രും 770 സ്ത്രീ​ക​ളു​മ​ട​ക്കം 1426 സ​മ്മ​തി​ദാ​യ​ക​ര്‍​ക്കാ​ണ് ഈ ​ബൂ​ത്തി​ല്‍ വോ​ട്ടു​ള്ള​ത്. വ​ട്ടി​യൂ​ര്‍​ക്കാ​വ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 121-ാം ന​മ്പ​ര്‍ ബൂ​ത്താ​ണ് വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. 686 പു​രു​ഷ​ന്മാ​രും 739 സ്ത്രീ​ക​ളു​മ​ട​ക്കം 1425 വോ​ട്ട​ര്‍​മാ​ര്‍ ഈ ​ബൂ​ത്തി​ലു​ണ്ട്.

വാ​മ​ന​പു​രം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 120-ാം ബൂ​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വോ​ട്ട​ര്‍​മാ​ര്‍. 88 സ്ത്രീ​ക​ളും 77 പു​രു​ഷ​ന്മാ​രു​മ​ട​ക്കം 165 വോ​ട്ട​ര്‍​മാ​രേ ഈ ​ബൂ​ത്തി​ലു​ള്ളൂ. നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ എ​ട്ടാം ന​മ്പ​ര്‍ ബൂ​ത്താ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ര​ണ്ടാ​മ​ത്. 299 വോ​ട്ട​ര്‍​മാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. 122 സ്ത്രീ​ക​ളും 177 പു​രു​ഷ​ന്മാ​രും.

പ്ര​ശ്ന​സാ​ധ്യ​താ ബൂ​ത്തു​ക​ള്‍ 835

ജി​ല്ല​യി​ലെ 835 പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ പ്ര​ശ്ന സാ​ധ്യ​ത​യു​ള്ള​താ​ണെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വി​ട​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സു​ര​ക്ഷാ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

പ്ര​ശ്ന​സാ​ധ്യ​താ ബൂ​ത്തു​ക​ളി​ല്‍ 97 ഏ​ണ്ണം അ​തീ​വ പ്ര​ശ്ന​സാ​ധ്യ​താ ബൂ​ത്തു​ക​ളാ​ണെ​ന്ന റി​പ്പോ​ര്‍​ട്ടി​നെ​ത്തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പ്ര​ശ്ന​സാ​ധ്യ​ത​യു​ള്ള 132 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ വെ​ബ് കാ​സ്റ്റി​ഗും 129 മേ​ഖ​ല​ക​ളി​ല്‍ മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.