മക്കരപ്പറന്പ്: പ്രാചീനമായ വട്ടപ്പാട്ടിന്റെ താളവുമായി മലപ്പുറത്തെ പെണ്കൂട്ടായ്്മയുടെ അരങ്ങേറ്റം. അന്യം നിന്നു പോകുന്ന കലാരൂപമായ വട്ടപ്പാട്ടിനെ വീണ്ടും സജീവമാക്കുന്നതിന്റെ ഭാഗമായാണ് കൂട്ടിലങ്ങാടി ഗസൽ മാപ്പിള കലാപഠന കേന്ദ്രത്തിലെ പെണ്വട്ടപ്പാട്ട് സംഘം അരങ്ങേറ്റം കുറിച്ചത്. മലപ്പുറം കെഎസ്ഇബി ഓഫീസിനടുത്തുള്ള സർഗം കലാവേദിയുടെ അങ്കണമാണ് ഈ അപൂർവ കലാരൂപത്തിനു അരങ്ങായത്. പരന്പരാഗത വസ്ത്രങ്ങളണിഞ്ഞ് ഹാർമോണിയത്തിന്റെയും വാദ്യോപകണങ്ങളുടെയും അകന്പടിയോടെ വനിതകൾ വട്ടപ്പാട്ടുകൾ അവതരിപ്പിച്ചു.
കലാ അധ്യാപകനും ഹാമോണിസ്റ്റുമായ കീഴിശേരി കുഞ്ഞാലൻ ഹാജിയുടെ ശിക്ഷണത്തിലാണ് വീട്ടമ്മമാരായ ഷാമില,ഗിരിജ, സക്കീന, ശോഭ, ബിന്ദു, അൻസില, ചന്ദ്രിക, മുബഷിറ, സഹല, ഷാമില, വൽസല, സുജിത, സുശീല തുടങ്ങിയവർ വട്ടപ്പാട്ട് പഠിച്ച് അവതരിപ്പിച്ചത്. കുഞ്ഞാലൻ ഹാജി കിഴിശേരി, മുഹമ്മദ്കുഞ്ഞി കൻമനം, മുഹമ്മദ് കോഴിക്കോട്, മധു സർഗം മലപ്പുറം, മുഹമ്മദ് ഇസ്്മായിൽ മഞ്ചേരി എന്നിവർ വാദ്യോപകരണങ്ങളിൽ അകന്പടിയേകി. ഒരു കാലത്ത് കല്യാണ വീടുകളിലെ ജനപ്രിയ കലാരൂപമായിരുന്ന വട്ടപ്പാട്ട് പൊതുവെ പുരുഷൻമാരാണ് അവതരിപ്പിക്കാറുള്ളത്. സ്ത്രീകളുടെ സംഘം വിരളമായാണ് ഈ രംഗത്തുള്ളത്.ഒപ്പനയമായി വസ്ത്രസാദൃശ്യമുള്ള വട്ടപ്പാട്ട് അവതരണത്തിൽ വ്യത്യസ്തമാണ്.
മണവാട്ടിക്ക് ചുറ്റം വട്ടമിട്ട് നിന്നു കൈകൊട്ടിയാണ് ഒപ്പന അവതരിപ്പിക്കുന്നതെങ്കിൽ വട്ടപ്പാട്ടിൽ കലാകാരികൾ നിലത്തിരുന്നാണ് അവതരണം. മോയിൻകുട്ടി വൈദ്യരുടെ പഴയ പാട്ടുകളാണ് പിന്നണിയിൽ ഉപയോഗിക്കുന്നത്.അരങ്ങേറ്റത്തിന് ശേഷം കല്യാണ വീടുകളിൽ ഈ സംഘം പരിപാടികൾ അവതരിപ്പിക്കും.