നിലന്പൂർ: കൃഷിഭവനുകളെ കാലാനുസൃതമായി നവീകരിച്ച് കാര്യക്ഷമതയും സുതാര്യതയുമുള്ള സ്ഥാപനങ്ങളായി പരിഷ്കരിക്കണമെന്നു ദേശീയ കർഷക ഫെഡറേഷൻ (ഡികഐഫ്) ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
വിപുലമായ ഉദ്യോഗസ്ഥ- ഭൗതിക സംവിധാനങ്ങളുള്ള കൃഷിവകുപ്പ് കൃത്യനിർവഹണത്തിൽ പരാജയപ്പെടുകയാണെന്ന് ഡികഐഫ് അഭിപ്രായപ്പെട്ടു. കാലവർഷക്കെടുതികൾ, വരൾച്ച, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങൾ, വിപണി പ്രതിസന്ധി തുടങ്ങിയവ മൂലം തകർന്നടിയുന്ന കാർഷിക മേഖലയെയും കർഷകരെയും രക്ഷിക്കുവാൻ ഭാവനാപൂർണമായ പദ്ധതികളുണ്ടാകണമെന്നും കർഷക ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാർഷിക സബ്സിഡികളുടെ ഏകീകരണം, ഉദ്യോഗസ്ഥരുടെ പുനർവിന്യാസം, കാർഷിക എൻജിനീയറിംഗ്-അഗ്രോ ഇൻഡസ്ട്രീസ് വിഭാഗങ്ങൾ കാര്യക്ഷമവും അഴിമതി മുക്തവുമാക്കുക, വിളനാശവും നഷ്ടപരിഹാരവും നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങൾ പുനർനിർണയിക്കുക, വിത്തുകളും നടീൽ വസ്തുക്കളും ഗുണമേൻമയും വിശ്വാസ്യതയും ഉറപ്പുവരുത്തുക, കൃഷി വിജ്ഞാന കേന്ദ്രങ്ങളെ സാധാരണ കർഷകർക്ക് പ്രാപ്യമാക്കുക, കൃഷിഭവനുകളിൽ പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിക്കുക, കൃഷി വകുപ്പിന്റെ പ്രൊജക്ടുകളും പ്രവൃത്തികളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുക, ജൈവവളങ്ങൾ ഉത്പാദിപ്പിക്കുന്ന കർഷകർക്ക് ഉയർന്ന നിരക്കിൽ സബ്സിഡി നൽകുക, തുടങ്ങിയവയാണ് ഫെഡറേഷന്റെ സുപ്രധാന നിർദേശങ്ങൾ.
സമ്മേളനം സംസ്ഥാന പ്രിസിഡന്റ് ജോർജ് മുല്ലക്കര ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം വി.പി. മത്തായി അധ്യക്ഷത വഹിച്ചു. സി.വി. സിറിയക്, സുകുമാരൻ, വർഗീസ് തണ്ണിനാൽ, മാത്യു ആവിയിൽ, സരള വിൻസെന്റ്, അബുബക്കർ, ലെനിൻ തോമസ്, അബ്ദുൾ സത്താർ എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികൾ: സുകുമാരൻ മങ്കട, (പ്രസിഡന്റ്), വർഗീസ് തണ്ണിനാൽ (സെക്രട്ടറി), സരള വിൻസെന്റ്, മത്തായിക്കുട്ടി, (വൈസ്പ്രസിഡന്റ്), വർഗീസ് കോശി, അബൂബക്കർ (ജോയിന്റ് സെക്രട്ടറി), മാത്യു ആവിയിൽ (ഖജാൻജി).